ഇറച്ചി എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ 5 പൊടിക്കൈകൾ
പൊതുവെ ഇറച്ചി ഭക്ഷണങ്ങളോട് എല്ലാവർക്കും താല്പര്യം കൂടുതലാണ്. ഇറച്ചി ഉപയോഗിച്ച് പലതരം മസാലകൾ ചേർത്ത് കറികളുണ്ടാക്കാറുണ്ട്. എന്നാൽ വീട്ടിൽ ഇറച്ചി ഉണ്ടാക്കുമ്പോൾ പണി കുറച്ച് കൂടുതലാണ്. ഇറച്ചി വേവിക്കുന്നതിന് മുമ്പ് ശരിയായ രീതിയിൽ അവ വൃത്തിയാക്കേണ്ടതും പ്രധാനമാണ്. ഇറച്ചി പലതവണ കഴുകുമ്പോഴാണ് വൃത്തിയാകുന്നത്. ഇത് വൃത്തിയാക്കാനാണ് കൂടുതൽ സമയവും ചിലവഴിക്കേണ്ടി വരുന്നതും. ഇറച്ചി എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ പൊടിക്കൈകൾ ചെയ്ത് നോക്കാം.
വിനാഗിരി
പാചകം ചെയ്യാൻ മാത്രമല്ല വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാറുണ്ട്. വിനാഗിരിയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഇറച്ചിയിലുള്ള ബാക്റ്റീരിയകളെ നീക്കം ചെയ്യാനും അണുക്കൾ പെരുകുന്നത് തടയാനും സഹായിക്കുന്നു. അതിനാൽ തന്നെ വിനാഗിരി ഉപയോഗിച്ച് ഇറച്ചി എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.
നാരങ്ങ
ഭക്ഷണങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല ഇറച്ചി വൃത്തിയാക്കാനും നാരങ്ങ ഉപയോഗിച്ച് സാധിക്കും. ഇറച്ചി കഴുകാൻ എടുക്കുമ്പോൾ തന്നെ നാരങ്ങ അതിലേക്ക് പിഴിഞ്ഞ് കൊടുക്കാൻ സാധിക്കുന്നതാണ്. ഇത് ഇറച്ചിയിൽ അടങ്ങിയിരിക്കുന്ന കീടാണുക്കളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.
ഉപ്പ് വെള്ളം
ഇറച്ചി കഴുകി വൃത്തിയാക്കിയതിന് ശേഷം ചെറുചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് അല്ലെങ്കിൽ മഞ്ഞൾപൊടി ചേർത്ത് അതിലേക്ക് ഇറച്ചി ഇട്ടുകൊടുക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കണം. ഇത് ഇറച്ചിയിലുള്ള അണുക്കളെ നീക്കം ചെയ്യുകയും വൃത്തിയാക്കുകയും ചെയ്യുന്നു. ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്.
ഇറച്ചി സൂക്ഷിക്കാം
കഴുകിയതിന് ശേഷം ഇറച്ചി പൂർണമായും ഉണക്കണം. ഈർപ്പമില്ലെന്ന് ഉറപ്പായതിന് ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്. ഇത് ഫ്രിഡ്ജിലും വയ്ക്കാൻ സാധിക്കും.
വൃത്തിയുള്ള പാത്രം
അടുക്കളയിൽ എവിടെയെങ്കിലുമാണ് ഇറച്ചി സൂക്ഷിക്കുന്നതെങ്കിൽ അതിലേക്ക് പെട്ടെന്ന് അണുക്കൾ കയറിക്കൂടും. അതിനാൽ തന്നെ വൃത്തിയുള്ള പാത്രത്തിൽ ഇറച്ചി അടച്ചുസൂക്ഷിക്കുന്നതാണ് നല്ലത്.