സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദ സ്ഥാപിച്ച ‘കൈലാസ’ എന്ന രാജ്യത്തിനായി തദ്ദേശവാസികളിൽ നിന്ന് ആമസോൺ കാടുകൾ ലീസിന് വാങ്ങിയ 20 പേർ പിടിയിൽ. ബൊളീവിയയിലാണ് കഴിഞ്ഞ ആഴ്ച 20 പേർ അറസ്റ്റിലായത്. ആമസോൺ കാടുകൾ ലീസിനെടുക്കാൻ 1000 വർഷത്തെ ലീസിലാണ് കൈലാസ പ്രതിനിധികളും തദ്ദേശവാസികളും തമ്മിൽ കരാറൊപ്പിട്ടത്. ഈ കരാർ ബൊളീവിയൻ അധികൃതർ റദ്ദാക്കുകയും ചെയ്തു.
ഇന്ത്യ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവർ കൈലാസത്തിലെ പൗരന്മാരായി സ്വയം പ്രഖ്യാപിച്ചവരാണ്. ഇവരെ യഥാർത്ഥ നാടുകളിലേക്ക് തിരികെ അയച്ചെന്നും അധികൃതർ അറിയിച്ചു. വ്യാജ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുമായി ബൊളീവിയയ്ക്ക് ഡിപ്ലോമാറ്റിക് ബന്ധങ്ങളില്ലെന്ന് രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ബൊളീവിയൻ പ്രസിഡൻ്റ് ലൂയിസ് ആർകെയുമായി കൈലാസ പ്രതിനിധികൾ ഫോട്ടോ എടുത്തിരുന്നു. പിന്നീട് രാജ്യത്തെ ദിനപത്രമായ എൽ ദെബറാണ് ഇവർ തദ്ദേശവാസികളുമായി കരാറൊപ്പിട്ടെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. 2024 ലാണ് കൈലാസ പ്രതിനിധികൾ തങ്ങളെ ബന്ധപ്പെട്ട് തുടങ്ങിയതെന്ന് തദ്ദേശവാസികളുടെ നേതാവ് പെഡ്രോ ഗുവാസികോ അറിയിച്ചു. കൈലാസ അധികൃതർ കാട്ടുതീ തടയാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയുടെ മൂന്നിരട്ടി വലിപ്പമുള്ള സ്ഥലമാണ് കൈലാസ അധികൃതർ ലീസിനെടുത്തത്. ഈ സ്ഥലം 25 വർഷത്തെ ലീസിന് നൽകാമെന്നായിരുന്നു പെഡ്രോ ഗുവാസികോയുമായി ആദ്യം ഉണ്ടാക്കിയ കരാർ. വർഷത്തിൽ രണ്ട് ലക്ഷം ഡോളറായിരുന്നു വാടക. പിന്നീട് കരട് കരാറിൽ കൈലാസ അധികൃതർ ഇത് 1000 വർഷത്തെ ലീസാക്കി. എയർസ്പേസും പ്രകൃതിവിഭവങ്ങളുമൊക്കെ ഉപയോഗിക്കാനുള്ള അനുവാദവും ഈ ലീസിലുണ്ടായിരുന്നു. തങ്ങൾക്ക് അബദ്ധം പറ്റിയെന്ന് പെഡ്രോ ഗുവാസികോ പറഞ്ഞു. തങ്ങളുടെ സ്ഥലം സംരക്ഷിക്കുമെന്നും പണം നൽകാമെന്നുമൊക്കെ അവർ പറഞ്ഞു. പക്ഷേ, ഇതൊക്കെ കളവായിരുന്നു എന്ന് പിന്നീട് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീടാണ് കൈലാസ പ്രതിനിധികളെ പോലീസ് അറസ്റ്റ് ചെയ്തതും അതാത് രാജ്യങ്ങളിലേക്ക് തിരികെ അയച്ചതും.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
evening kerala news
eveningkerala news
eveningnews malayalam
malayalam news
nithyananda
Top News
TRENDING NOW
WORLD
കേരളം
ദേശീയം
വാര്ത്ത