സ്ഥാനക്കയറ്റം നല്‍കാത്തതില്‍ രാജു നാരായണ സ്വാമിയുടെ ഹർജി; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ
ദില്ലി: മികച്ച അക്കാദമിക പശ്ചാത്തലം മാത്രമല്ല ഉന്നതപദവിയിലേക്കുള്ള മാനദണ്ഡമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ. ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാന കയറ്റം നൽകാത്തത് ചോദ്യം ചെയ്ത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് സംസ്ഥാന സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്രേഡ് പ്രൊമോഷന്‍ നല്‍കിയാല്‍ രാജു നാരായണസ്വാമിക്ക് ചീഫ് സെക്രട്ടറി പദവി നല്‍കേണ്ടി വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മറ്റു ഉദ്യോഗസ്ഥരുമായി പ്രശ്നങ്ങളുള്ളയാളെ ചീഫ് സെക്രട്ടറിയാക്കിയാല്‍ ഭരണത്തെ ബാധിക്കുമെന്നും സംസ്ഥാനം വാദിച്ചു. രാജു നാരായണസ്വാമിയുടെ ആനുവല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും അതിനാല്‍ ഗ്രേഡ് പ്രൊമോഷന്‍ നല്‍കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് ്അറിയിച്ചു.
എന്നാൽ ചീഫ് സെക്രട്ടറി റാങ്ക് ആവശ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാകാനല്ലെന്നും തനിക്ക് കേന്ദ്ര കേഡറിലേക്ക് പോകാനാണെന്നും രാജു നാരായണസ്വാമി കോടതിയിൽ വ്യക്തമാക്കി. സംസ്ഥാനസർക്കാറിന്റെ റിപ്പോർട്ട് നിലനിൽക്കുന്നതല്ലെന്നും രാജു നാരായണസ്വാമിയുടെ അഭിഭാഷകൻ വാദിച്ചു. സർവ്വീസിൽ മുപ്പത് വർഷം പൂർത്തിയായതിനാൽ തനിക്ക് ചീഫ് സെക്രട്ടറി ഗ്രേഡിലേക്കുള്ള സ്ഥാന കയറ്റത്തിന് അർഹത ഉണ്ടെന്നാണ് രാജു നാരായണ സ്വാമിയുടെ വാദം.
തനിക്ക് സ്ഥാനക്കയറ്റം നൽകാതെയാണ് അതേബാച്ചിൽ ഉള്ള ജൂനിയർ ആയവർക്ക് സ്ഥാനക്കയറ്റം നൽകിയത് എന്നും രാജു നാരായണസ്വാമി വ്യക്തമാക്കുന്നു. കേസിൽ വാദം കേട്ട കോടതി ഹർജിയിൽ വിധി പറയാൻ മാറ്റി. രാജു നാരായണസ്വാമിക്ക് വേണ്ടി മുതിർന്ന അഭിഭാഷകന്‍ ആര്‍. ബസന്ത്, അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, എല്‍.ആര്‍. കൃഷ്ണ എന്നിവരാണ് ഹാജരായി. സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകരായ വി.ഗിരി, ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.