സൂര്യകുമാര്‍ എങ്ങും പോവുന്നില്ല! മുംബൈ വിടുമെന്ന് വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ത്യന്‍ താരം
മുംബൈ: യശസ്വി ജയ്‌സ്വാളിന് പിന്നാലെ മുംബൈയുടെ മറ്റൊരു വമ്പന്‍ താരത്തെക്കൂടി നോട്ടമിട്ട് ഗോവ ക്രിക്കറ്റ് അസോസിയേഷന്‍. അടുത്ത സീസണിലെ രഞ്ജി ട്രോഫിയില്‍ കരുത്തുറ്റ ടീമിനെ കളത്തിലിറക്കാനാണ് ഗോവയുടെ നീക്കങ്ങള്‍. മുംബൈ ക്രിക്കറ്റിനെ ഞെട്ടിച്ചാണ് യുവതാരം യശസ്വീ ജയ്‌സ്വാള്‍ ഗോവന്‍ ടീമിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നത്. അടുത്ത സീസണിലെ രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങളില്‍ ഗോവയ്ക്കായി കളിക്കാന്‍ അനുവദിക്കണമെന്ന് ജയ്‌സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് രേഖാമൂല്യം ആവശ്യപ്പെട്ടുകഴിഞ്ഞു.
ഡ്രസ്സിംഗ് റൂമിലെ പടലപ്പിണക്കങ്ങളാണ് യുവ ഓപ്പണറെ മുംബൈ വിടാന്‍ പ്രേരിപ്പിക്കുന്നത്. ജയ്‌സ്വാളിന് പിന്നാലെ ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍. ഗോവയുടെ ഓഫര്‍ കിട്ടിയ സൂര്യകുമാര്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ സൂര്യ ഇക്കാര്യം നിശേധിച്ച് രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
ജയ്‌സ്വാളിനും സൂര്യകുമാറിനും ഒപ്പം ഹൈദരാബാദ് ക്യാപ്റ്റന്‍ തിലക് വര്‍മ്മയേയും ഗോവ നോട്ടമിട്ടിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയതോടെയാണ് ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ വമ്പന്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങിയത്. ഇന്ത്യയിലെ പ്രധാന താരങ്ങളുമായെല്ലാം ചര്‍ച്ച നടത്തുന്നുണ്ടെന്നും പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ആയിരുന്നു ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ഷാംബ ദേശായിയുടെ പ്രതികരണം.
മുംബൈ ടീം വിട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ 2022 മുതല്‍ ഗോവയുടെ താരമാണ്. അതേസമയം, മുംബൈ വിടാനുള്ള തീരുമാന കടുപ്പമേറിയതായിരുന്നുവെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. കരിയറില്‍ ഇന്ന് താനെന്താണോ അതിന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോടാണ് കടപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മുംബൈ വിടുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ തീരുമാനമായിരുന്നു. ഈ നഗരമാണ് എന്നെ ഞാനാക്കിയത്.