സിപിഎമ്മിൽ പ്രായപരിധി എടുത്തു കളയുന്നതാണ് ഭംഗി, പിണറായിക്കടക്കം ഉള്ള ഇളവിന് പകരം പരിധി മാറ്റണമെന്ന് ജി സുധാകരൻ
ആലപ്പുഴ:പാര്‍ട്ടിക്കുള്ളിലെ പ്രായപരിധി എടുത്തു കളയണമെന്ന് ജി സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. സിപിഎമ്മിൽ പ്രായപരിധി എടുത്തു കളയുന്നതാണ് ഭംഗി. പിണറായി മുതൽ മണിക് സർക്കാർ വരെയുള്ള നേതാക്കൾക്ക് ഇളവ് നൽകുന്നതിന് പകരം പ്രായപരിധി എടുത്തു കളയണം. പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരുന്നു
തന്നെ പോലെ ഇത്രയധികം പാർട്ടി കോൺഗ്രസുകളിൽ പങ്കെടുത്തിട്ടുള്ളവരിൽ ജീവിച്ചിരിക്കുന്നവർ ചുരുക്കമാണഅ. മൂന്നു വർഷം മുൻപ് പ്രായപരിധിയുടെ പേരിൽ സംസ്ഥാന സമിതിയിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് വന്നു. തിരുവനന്തപുരം മുതൽ വടകര വരെ ധാരാളം പൊതുപരിപാടികളിൽ പങ്കെടുത്തു. സാധാരണ പാർട്ടി സഖാക്കൾക്കും ഇടതുപക്ഷക്കാർക്കും പൊതു സമൂഹത്തിനും തന്നെ മടുത്തിട്ടില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കുറിപ്പിങ്ങനെ…
1972 ജൂൺ 27 മുതൽ ജൂലൈ 2 വരെയായിരുന്നു മധുരയിൽ ഒമ്പതാം പാർട്ടി കോൺഗ്രസ് ചേർന്നത്. അന്ന് 22കാരനായ ഞാൻ പാർട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും ആയാണ് കേരളത്തിൽനിന്ന് പ്രതിനിധി ആയിരുന്നത്.
പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സഖ.സി എച്ച് കണാരൻ, ജില്ലാ സെക്രട്ടറി സ. എൻ ശ്രീധരൻ, സ. വി എസ് അച്യുതാനന്ദൻ, സ. കെ ആർ ഗൗരിയമ്മ എന്നിവരുടെ നേതൃത്വനിര എന്നെ ഉൾപ്പെടുത്തുകയായിരുന്നു. പിന്നെ ഇങ്ങോട്ട് ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് വരെ പ്രതിനിധിയായിരുന്നു.
സി പി ഐ (എം) 64 ൽ രൂപീകരിച്ച ശേഷം നടന്ന പാർട്ടി കോൺഗ്രസുകളിൽ 9 മുതൽ 23 വരെയുള്ള പാർട്ടി കോൺഗ്രസ്സുകളിൽ പങ്കെടുത്തു. 15 എണ്ണം. അതിൽ പതിമൂന്നിലും സംസ്ഥാന പ്രതിനിധിയായി സമ്മേളനത്തിൽ പ്രസംഗിച്ചു.
സ. എം വി രാഘവന്റെ ബദൽരേഖ കാലത്ത് നടന്ന കൽക്കട്ട സമ്മേളനത്തിൽ അതിനെ നഖശികാന്തം എതിർത്ത് കേരളത്തിന്റെ പേരിൽ പ്രസംഗിച്ചു. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോൾ പ്രസംഗത്തിന്റെ കോപ്പിക്കായി ഇതര സംസ്ഥാന പ്രതിനിധികൾ തിരക്കുകൂട്ടി. സംഘാടകർ കോപ്പിയെടുത്ത് നൽകുകയും ചെയ്തു.
ഇത്രയധികം പാർട്ടി കോൺഗ്രസുകളിൽ പങ്കെടുത്തവരോ അതിലേറെ പങ്കെടുത്തവരോ ഇന്ന് ജീവിച്ചിരിക്കുന്നവർ ചുരുക്കം. സ. വി എസ് അച്യുതാനന്ദൻ, സ. കെ എൻ രവീന്ദ്രനാഥ്, സ. പാലൊളി മുഹമ്മദ് കുട്ടി, സ. വൈക്കം വിശ്വൻ, സ. പിണറായി വിജയൻ എന്നിങ്ങനെ കൈവിരലിൽ എണ്ണാവുന്നവർ മാത്രം. പ്രായപരിധിയുടെ പേരിൽ മൂന്നുവർഷം മുമ്പ് സംസ്ഥാന സമിതിയിൽ നിന്നും ജില്ലാ കമ്മിറ്റി ബ്രാഞ്ചിലേക്ക് വന്നു. ഇപ്പോൾ അവിടെ സജീവമായി പ്രവർത്തിച്ചു വരികയാണ്. തിരുവനന്തപുരം മുതൽ വടകര വരെ ധാരാളം പൊതു പരിപാടികളിൽ സംബന്ധിക്കാൻ ക്ഷണം കിട്ടുകയും പങ്കെടുക്കുകയും ചെയ്തു.
സാധാരണ പാർട്ടി സഖാക്കൾക്കും ഇടതുപക്ഷക്കാർക്കും പൊതു സമൂഹത്തിനും എന്നെ മടുത്തിട്ടില്ല എന്നാണ് ഇതു തെളിയിക്കുന്നത്.
ഇപ്പോൾ പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരുന്നു. സ. പിണറായിക്ക് ഇനിയും ഇളവ് നൽകേണ്ട സാഹചര്യം ആണെന്ന് വിലയിരുത്തുന്നു. സ. എകെ ബാലനും സ. ടിപി രാമകൃഷ്ണനും, സ. ഇപി ജയരാജനും, സ. വൃന്ദ കാരാട്ടിനും, സ. മണിക് സർക്കാരിനും മറ്റ് പലർക്കും ഇളവ് നൽകുന്നതിന് പകരം പ്രായപരിധി എടുത്തുകളയുന്നതാണ് ഭംഗി എന്നു തോന്നുന്നതിൽ തെറ്റില്ല.