ഷാർജയിലെ സഫീർ മാൾ അടച്ചുപൂട്ടി, കാരണം വ്യക്തമാക്കാതെ ഉടമകൾ

ഷാർജ: ഷാർജയിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിൽ ഒന്നായ സഫീർ മാൾ അടച്ചുപൂട്ടി. മാളിന്റെ മുൻവശത്തുള്ള പേരും ലോ​ഗോയും ഉൾപ്പടെയുള്ള ബോർഡുകൾ അഴിച്ചുമാറ്റിയിട്ടുണ്ട്. രണ്ട് മാസം മുൻപാണ് മാൾ അടച്ചുപൂട്ടിയതെന്ന് ഖലീജ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, മാൾ അടച്ചുപൂട്ടാനുള്ള കാരണങ്ങൾ ഒന്നും തന്നെ മാൾ ഉടമകൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മൂന്ന് നിലകളാണ് സഫീർ മാളിനുള്ളത്. കൂടാതെ വിശാലമായ രണ്ട് ബേസ്മെന്റ് പാർക്കിങ്ങും ഉണ്ടായിരുന്നു.  

ഷാർജയിലെ അൽഖാൻ റോഡിലെ പ്രധാന ലാൻഡ്മാർക്ക് ആയിരുന്ന സഫീർ മാൾ പൗരന്മാരുടെയും പ്രവാസികളുടെയും ഒത്തുചേരലിനുള്ള മുഖ്യ ഇടം കൂടിയായിരുന്നു. 2005ൽ അൽ സഫീർ ​ഗ്രൂപ്പ് നിർമിച്ചതാണ് ഈ ഷോപ്പിങ് കേന്ദ്രം. തുടക്കം ഡിസ്കൗണ്ട് സെന്ററായിട്ടായിരുന്നെങ്കിലും പിന്നീട് മാൾ ആയി വിപുലീകരിക്കുകയായിരുന്നു. മാളുകളുടെ തുടക്ക കാലം ആയതുകൊണ്ട് തന്നെ സഫീർ മാളിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. 

യുഎഇയിൽ ‘ഷോപ്പ് ആൻഡ് സേവ്’ സൂപ്പർ മാർക്കറ്റുകളുമായി 1985ലാണ് സഫീർ ​ഗ്രൂപ്പ് വാണിജ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1997ൽ ഒരു ഡിസ്കൗണ്ട് മാർക്കറ്റ് ആരംഭിച്ചു. തുടർന്ന് 2000ൽ അൽ നഹ്ദ ഏരിയയിൽ സഫീർ മാർക്കറ്റ് ആരംഭിക്കുകയും പിന്നാലെ 2005ൽ സഫീർ മാൾ തുറക്കുകയും ചെയ്തു. നിലവിൽ അജ്മാനിലും റാസൽഖൈമയിലും സഫീർ മാൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ ഹൈപ്പർ മാർക്കറ്റുകളും മാർട്ടുകളും പ്രവർത്തിപ്പിക്കുന്നുണ്ട്. 2003ൽ ആരംഭിച്ച ദുബൈയിലെ ഹോർ അൽ അൻസ് ഏരിയയിൽ പ്രവർത്തിക്കുന്ന സെഞ്ച്വറി മാളും സഫീർ ​ഗ്രൂപ്പിന്റേതാണ്. 

read more: ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

By admin