ശ്ശെടാ, ഇത് ശരിക്കും കാക്ക തന്നെയാണോ അതോ വല്ല തത്തയുമാണോ? മനുഷ്യരെപ്പോലെ സംസാരം, വൈറലായി വീഡിയോ
വളരെ രസകരമായ അനേകം പോസ്റ്റുകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്. അതിൽ തന്നെ വൈറലായി തീരുന്ന അനേകം വീഡിയോകളും കാണാം. പക്ഷികളുടെയും മൃഗങ്ങളുടേയും വീഡിയോ വളരെ രസകരമായി കാണുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ആകർഷിച്ച് കൊണ്ടിരിക്കുന്നത്.
വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് sneekspot.media എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ഒരു കാക്ക മനുഷ്യരെ പോലെ സംസാരിക്കുന്നതാണ്. തത്തകൾ പലപ്പോഴും മനുഷ്യരെ അനുകരിച്ച് സംസാരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, കാക്കകൾ അങ്ങനെ ചെയ്യുന്നത് നമ്മൾ കാണാറില്ല അല്ലേ? എന്നാൽ, ഈ വീഡിയോയിൽ അതും കാണാം.
വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്, പാൽഘറിലെ വാഡ താലൂക്കിലെ ഒരിടത്താണ് ഈ കാക്കയുള്ളത് എന്നാണ്. തനുജ മുക്നെ എന്ന സ്ത്രീയാണ് ഈ കാക്കയെ പരിപാലിക്കുന്നത്. ഈ കാക്ക മനുഷ്യരെപ്പോലെ സംസാരിക്കാൻ തുടങ്ങിയത് നാട്ടുകാരെയാകെ ഞെട്ടിച്ചിരിക്കുകയാണ് എന്നും കാപ്ഷനിൽ പറയുന്നു.
മൂന്ന് വർഷം മുമ്പാണ് മുക്നെ തന്റെ പൂന്തോട്ടത്തിൽ ഈ കാക്കയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പതിനഞ്ച് ദിവസം അവർ അതിനെ പരിചരിക്കുകയും ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. എന്നാലിപ്പോൾ, അത് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മനുഷ്യരുടേത് പോലെ സംസാരിക്കുന്നു എന്നാണ് പറയുന്നത്. അസാധാരണമായ ഈ സംഭവം ഗ്രാമത്തിൽ എല്ലാവരിലും കൗതുകമുണർത്തുകയും അവർ അതേ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുകയാണത്രെ.
പാപാ, മമ്മി, കാക്ക എന്നെല്ലാം ഈ കാക്ക വിളിക്കുമത്രെ. എന്തായാലും വീഡിയോയും ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ഈ കൗതുകകരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
എന്റമ്മേ എന്നെ വിടോ; റീൽ ചിത്രീകരിക്കവേ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ച് കുരങ്ങൻ