വന്നത് സ്കൂട്ടറിൽ, ഹെൽമറ്റ് ഊരാതെ പറമ്പിലെത്തി, പക്ഷേ പണി പാളി; നിലവിളി കേട്ടതോടെ വാഴക്കുല കള്ളൻ ഓടി തടിതപ്പി
തിരുവനന്തപുരം: സ്കൂട്ടറിലെത്തി വാഴക്കുലയുമായി മുങ്ങാനുള്ള മോഷ്ടാവിന്റെ ശ്രമം പാളി. വാഴക്കുല വെട്ടുന്നത് നേരില്‍ കണ്ട സമീപവാസികള്‍ നിലവിളിച്ചതോടെ മോഷ്ടാവ് വെട്ടിയെടുത്ത വാഴക്കുല ഉപേക്ഷിച്ച് സ്കൂട്ടറില്‍ കടന്നു. തിരുവനന്തപുരം ജില്ലയിലെ അതിർത്തി പ്രദേശമായ വെള്ളറടയ്ക്കു സമീപം മണലില്‍ താമസിക്കുന്ന ജസ്റ്റിന് ജോണിന്റെ വാഴക്കുലയാണ് കഴിഞ്ഞ ദിവസം സ്കൂട്ടറിലെത്തിയ അജ്ഞാതൻ മോഷ്ടിക്കാന്‍ ശ്രമിച്ചത്.
കാരിമരം ചപ്പാത്തിന് സമീപത്തുള്ള പാടശേഖരത്തില്‍ നട്ടിരുന്ന കപ്പവാഴയിലുണ്ടായ കുലയാണ് മോഷ്ടാവ് കവരാന്‍ ശ്രമിച്ചത്. പച്ച സ്കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് പൂവന് വാഴക്കുല വെട്ടിയെടുക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം കരിമരം ഭാഗത്ത് വ്യാപകമായി വാഴക്കുല മോഷണം നടക്കുന്നതായി പരാതിയുണ്ട്. സാധാരണ രാത്രിയിലാണ് വാഴക്കുല മോഷണം നടക്കാറുള്ളതെങ്കിലും ചൊവ്വാഴ്ച പട്ടാപ്പകലാണ് മോഷണശ്രമം നടന്നതെന്ന് നാട്ടുകാർ പറയുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടമ ജസ്റ്റിന് ജോണെത്തി മോഷ്ടാവ് മുറിച്ച് വച്ചിരുന്ന വാഴക്കുല വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഉടമ പരാതി നൽകാത്തതിനാൽ കുലക്കേസിൽ നിന്നും മോഷ്ടാവ് രക്ഷപെട്ടു.