വന്ദേഭാരത് പാഞ്ഞെത്തുന്നു, ക്രോസിംഗിലെ ട്രാക്കിൽ കുടുങ്ങി ബസ്; ഡ്രൈവറുടെ ഇടപെടൽ നിർണായകമായി, ആശങ്ക ബാക്കി
ബംഗളൂരു: വന്ദേഭാരത് ട്രെയിൻ കടന്ന് പോകുന്ന സമയത്ത് ബസ് റെയിൽവേ ട്രാക്കിൽ കുടുങ്ങിയത് ആശങ്ക പടര്‍ത്തി.
ബുധനാഴ്ച അതിരാവിലെയാണ് സംഭവം. മൈസൂർ – ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് അടുത്തുവരുന്ന സമയത്ത്, കെംഗേരിക്ക് സമീപമുള്ള രാമോഹള്ളി റെയിൽവേ ക്രോസിംഗിലാണ് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസ് റെയിൽവേ ട്രാക്കിൽ കുടുങ്ങിയത്. പത്തിലധികം യാത്രക്കാരാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്.
എയർലോക്ക് പ്രശ്നം മൂലമാണ് ബസ് ട്രാക്കിൽ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകൾ. ഉടൻ തന്നെ ഡ്രൈവർ ബിഎംടിസി, റെയിൽവേ അധികൃതർ എന്നിവരെ വിവപരം അറിയിച്ചു. രാവിലെ 7:15 ഓടെ ഹെജ്ജാലയ്ക്കും കെംഗേരിക്കും ഇടയിലുള്ള ട്രാക്കിലാണ് ബസ് കുടുങ്ങിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അധികൃതർ വേഗത്തിൽ ഇടപെട്ട് 20 മിനിറ്റിനുള്ളിൽ, 7:35 ഓടെ വാഹനം നീക്കം ചെയ്തു.
സംഭവത്തെ തുടർന്ന്, മൈസൂർ-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20663) രാവിലെ 7:18 മുതൽ 7:53 വരെ ലെവൽ ക്രോസിംഗിൽ നിർത്തിയിട്ടു. ഇത് 35 മിനിറ്റ് ട്രെയിൻ വൈകാൻ കാരണമായി. കച്ചേഗുഡ – മൈസൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 12785) എന്ന മറ്റൊരു ട്രെയിനും ഈ സംഭവം കാരണം വൈകി. ഈ സംഭവം ബംഗളൂരുവിലെ റെയിൽവേ ക്രോസിംഗ് സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം