യുക്രൈയ്നില്‍ യുഎന്‍ ഭരണം ആവശ്യപ്പെട്ട് പുടിന്‍; തന്ത്രം, ശ്രദ്ധ മാറ്റുക!

യുക്രൈയ്നിൽ യുഎൻ നേതൃത്വത്തിലെ സർക്കാർ ആകാം, എന്നിട്ട് സമാധാന ചർച്ചകൾ അവരുമായി നടത്താം എന്നൊരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നു റഷ്യൻ പ്രസിഡന്‍റ്. പക്ഷേ, ഈ ആശയം അമേരിക്കൻ പ്രസിഡന്‍റിനോട് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ക്രെംലിൻ. സെലൻസ്കിയെ പുറത്താക്കാനുള്ള തന്ത്രം എന്നേ പറയാനാവൂ. എന്തായാലും വൈറ്റ് ഹൗസ് നിർദ്ദേശം തള്ളിക്കളഞ്ഞു, തൽകാലം. യുക്രൈയ്ന്‍റെ ഭരണം രാജ്യത്തെ ഭരണഘടന നിശ്ചയിക്കും എന്നാണ് പ്രതികരണം. അമേരിക്കയുമായുള്ള ധാതുഖനന കരാറും പക്ഷേ, യുക്രൈയ്ന് അനുകൂലമല്ല. നവകൊളോണിയലിസം (Neocolonialism) എന്നാണ് വിമർശനം. മുതലെടുക്കുന്നത് അത്രമാത്രമാണ്.

റഷ്യൻ ആണവ അന്തർ വാഹിനിയിലെ ജീവനക്കാരോട് സംസാരിക്കുമ്പോഴാണ് പ്രസിഡന്‍റ് പുടിൻ നിർദ്ദേശം മുന്നോട്ടുവച്ചത്. യുക്രൈയ്നിൽ ജനങ്ങൾ വിശ്വസിക്കുന്ന ഒരു സർക്കാർ നിലവിൽ വരട്ടെ, എന്നിട്ടവരുമായി ചർച്ച നടത്താം, കരാറുകൾ ഒപ്പിടാം എന്നാണ് പുടിൻ പറഞ്ഞത്. അത്തരത്തിലെ ഇടക്കാല ഭരണം ചില രാജ്യങ്ങളിൽ നടപ്പിലായിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്‍റുമായി വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന ക്രെംലിന്‍റെ അറിയിപ്പും വന്നു പിന്നാലെ. പക്ഷേ, യുക്രൈയ്നിലെ സെലൻസ്കി സർക്കാർ നിയമവിരുദ്ധമെന്ന അഭിപ്രായം നേരത്തെയുണ്ട് പുടിന്. സെലൻസ്കിയുടെ കാലാവധി തീരുകയാണ്, പക്ഷേ, യുദ്ധം തീരുന്നതുവരെ തെരഞ്ഞെടുപ്പ് നടത്താനാകില്ല, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട്. അതാണ് റഷ്യയുടെ നിയമവിരുദ്ധ ആരോപണത്തിന് പിന്നിൽ. ഡോണൾഡ് ട്രംപും നേരത്തെ ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 4 ശതമാനമാണ് സെലൻസ്കിയുടെ ജനപ്രീതിയെന്നും പറഞ്ഞിട്ടുണ്ട് പലതവണ. പക്ഷേ, സെലൻസ്കിയുടെ ജനപ്രീതി 68 ശതമാനമാണെന്നാണ് കണക്കുകൾ.

Read More: യുഎസിന്‍റെ യുദ്ധ തന്ത്രങ്ങളും ചോർന്നു തുടങ്ങി; അപ്പോഴും, ‘അതൊരു തട്ടിപ്പ്, അസത്യം മാത്ര’മെന്ന് വാദിച്ച് ട്രംപ്

പുടിന്‍റെ ആരോപണം

എന്തായാലും തെരഞ്ഞെടുപ്പ് ഇപ്പോൾ നടത്താനാകില്ല. 50 ലക്ഷം യുക്രൈയ്നികൾ നാട്ടിലില്ല, ഒന്നുകിൽ പലായനം ചെയ്തു, അല്ലെങ്കിൽ യുദ്ധ മുന്നണിയിലാണ്. എല്ലാവർക്കും വോട്ട് ചെയ്യാൻ പറ്റില്ല തെരഞ്ഞെടുപ്പ് നടത്തിയാൽ. പക്ഷേ, തെരഞ്ഞെടുപ്പ് നടത്തിയാൽ പുടിന് നേട്ടമാകും, യുദ്ധത്തിലേക്കുള്ള ശ്രദ്ധ കുറയും ഭരണാധികാരിക്കും ജനത്തിനും. അത് മുതലാക്കാം റഷ്യക്ക്. അതാവണം ചിന്ത. പുടിന്‍റെ വാക്കുകൾക്ക് ന്യായീകരണവും വന്നു, കീവിന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു എന്ന സൂചനകൾ കാരണമാണ് പുടിൻ അങ്ങനെയൊരു നിർദ്ദേശം വച്ചത്, യുക്രൈയ്ന്‍റെ സൈനികർ ഇപ്പോൾ നേതൃത്വത്തെ അനുസരിക്കുന്നില്ല, റഷ്യൻ ഊർജകേന്ദ്രങ്ങൾ ആക്രമിക്കുന്നു, ധാരണ തെറ്റിക്കുന്നു എന്നൊക്കെ ഒരുപിടി ന്യായീകരണങ്ങൾ. സംശയം ജനിപ്പിക്കുക, വഴിതെറ്റിക്കുക, പതിവുള്ള മുറതന്നെ.

ചുരുക്കത്തിൽ സെലൻസ്കിയെ പുറത്താക്കാനുള്ള നീക്കം തുടങ്ങിവച്ചിരിക്കുന്നു റഷ്യ. അതുവരെ ധാരണകൾ ഒപ്പിടില്ലെന്നുള്ള സൂചനയും പുടിന്‍റെ വാക്കുകളിലുണ്ട്. വൈറ്റ് ഹൗസിന്‍റെ ആദ്യപ്രതികരണം യുക്രൈയ്ന് അനുകൂലമാണെങ്കിലും അഭിപ്രായം മാറ്റിപ്പറയാൻ ട്രംപിന്‍റെ വൈറ്റ്ഹൗസ് വലിയ സമയമൊന്നുമെടുക്കാറില്ല. അതുകൊണ്ട് പ്രതികരണം അന്തിമവാക്കുമല്ല.

Read More: എല്ലാത്തരം കുടിയേറ്റവും തടയാന്‍ ട്രംപ്; എതിര്‍പ്പുമായി കോടതിയും മനുഷ്യാവകാശ സംഘടനകളും

അന്തിമമാകാത്ത ധാതുക്കരാർ

അതേസമയം, അമേരിക്കയുമായുള്ള ധാതുഖനന കരാറിനെച്ചൊല്ലി യുക്രൈയ്ൻ പ്രസിഡന്‍റും ചില പരാതികൾ അറിയിച്ചിരുന്നു. വ്യവസ്ഥകൾ അമേരിക്ക മാറ്റിക്കൊണ്ടേയിരിക്കുന്നു എന്ന് സെലൻസ്കി പറഞ്ഞിട്ട് അധികനാളായിട്ടില്ല. ഇപ്പോഴതിന് അന്തിമരൂപമായി, യുക്രൈയ്ന് നൽകി, ആഭ്യന്തര ചർച്ചകൾ നടക്കുകയാണെന്നും സ്ഥിരീകരിച്ചു ഡെപ്യൂട്ടി പ്രധാനമന്ത്രി. കരാ‌‍ർ അമേരിക്കക്ക് മാത്രം അനുകൂലമാണ്. ധാതുഖനനത്തിലെ വരുമാനം 50 – 50 എന്നായിരുന്നു ആദ്യത്തെ നിർദ്ദേശം. പിന്നീട് പല തവണ അമേരിക്ക അത് മാറ്റി. ഇപ്പോഴത്തെ നിർദ്ദശം, യുക്രൈയ്ന് ഇതുവരെ നൽകിയ പണം മുഴുവൻ 4 ശതമാനം പലിശയോടെ ഈടാകുന്നതുവരെ ഖനനത്തിലെ വരുമാനം അമേരിക്കയ്ക്ക് മാത്രമാണ്. അത് ഈടാക്കിയിട്ട് മാത്രമേ യുക്രൈയ്ന് വരുമാനം കിട്ടിത്തുടങ്ങൂ. കൊളോണിയലിസത്തിന്‍റെ പുതിയ രൂപം എന്നാണ് സംഘടനകളുടെ വിമർശനം.

Read More: പ്രശ്നത്തിലാകുന്ന അമേരിക്കന്‍ വിദ്യാഭ്യാസം; ട്രംപിന്‍റെ കണ്ണ് വോട്ട് ബാങ്കിൽ

By admin