മൂന്നുവർഷമായി, ഒന്നും നടന്നില്ല, ആരും വിളിച്ചില്ല; സ്വന്തം ‘ചരമഫോട്ടോ’ ലിങ്ക്ഡ്‍ഇന്നിൽ പങ്കുവച്ച് യുവാവ്

ജോലിക്ക് വേണ്ടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ലെങ്കിൽ അത് നമ്മിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. കാലങ്ങളോളം ജോലി തേടി അലഞ്ഞിട്ടും നല്ലൊരു ജോലി നേടാൻ കഴിയാത്തവർ അനേകങ്ങളുണ്ട്. ഇത് സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, വലിയ മാനസിക പ്രയാസങ്ങളും ഉണ്ടാക്കും. അതുപോലെ മൂന്ന് വർഷമായി ജോലിക്ക് വേണ്ടി അന്വേഷിച്ച് നടന്നിട്ടും ലഭിക്കാത്തതിനെ തുടർന്ന് ഒരു യുവാവ് ലിങ്ക്ഡ്ഇന്നിൽ ഒരു പോസ്റ്റിട്ടു. അതാണ് ഇപ്പോൾ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. 

മൂന്ന് വർഷമായി യുവാവിന് ജോലിയില്ല. ഒരുപാട് ജോലിക്ക് വേണ്ടി അന്വേഷിച്ചു. അപേക്ഷകൾ അയക്കും പക്ഷേ അവരാരിൽ നിന്നും പിന്നീട് ഒരു വിവരവും കിട്ടുന്നില്ല. ഇതേ തുടർന്ന് ലിങ്ക്ഡ്ഇന്നിൽ തന്റെ തന്നെ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ചരമഫോട്ടോയാണ് പ്രശാന്ത് ഹരിദാസ് എന്ന യുവാവ് പങ്കുവച്ചിരിക്കുന്നത്. 

എല്ലാത്തിനും ലിങ്ക്ഡ്ഇന്നിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് യുവാവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഇൻഡസ്ട്രി ലീഡേഴ്സിന് നന്ദി, തന്നെ അവ​ഗണിച്ചതിനും ​ഗോസ്റ്റ് ചെയ്തതിനും എന്നാണ് യുവാവ് പിന്നീട് പറയുന്നത്. തന്റെ പോസ്റ്റുകൾക്കും നിരർത്ഥകമായ ഈ സംഭാഷണത്തിനും ഖേദം പ്രകടിപ്പിക്കുന്നു. താൻ എത്ര നന്നായാലും എത്ര റെക്കമൻഡേഷനുകൾ ഉണ്ടായാലും ആരും തന്നെ ജോലിക്കെടുക്കാൻ പോകുന്നില്ല എന്ന് തനിക്കറിയാം എന്നും പോസ്റ്റിൽ പറയുന്നു. 

ഇതിനെല്ലാം ഒപ്പം ‘റെസ്റ്റ് ഇൻ പീസ്’ എന്ന് എഴുതിയ തന്റെ ഒരു ചിത്രവും യുവാവ് പങ്കുവച്ചിട്ടുണ്ട്. സ്വയം വേദനിപ്പിക്കാൻ ഒരു ഉദ്ദേശ്യവും ഇല്ലെന്നും ജോലിക്ക് വേണ്ടിയുള്ള തന്റെ അന്വേഷണത്തിന് മാത്രമാണ് താൻ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത് എന്നും യുവാവ് തന്റെ പോസ്റ്റിൽ പറയുന്നു. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 

നിരാശനാവാതെ ജോലി തേടണമെന്നും സഹായിക്കാൻ ശ്രമിക്കാം എന്നും പലരും പറഞ്ഞിട്ടുണ്ട്. അതേസമയം, നിങ്ങളുടെ അവസ്ഥ മനസിലാവും എന്നാൽ പ്രൊഫഷണലായിട്ടാണ് ജോലി അന്വേഷിക്കേണ്ടത് വൈകാരികമായിട്ടല്ല എന്ന് അഭിപ്രായപ്പെട്ടവരും അനേകമുണ്ട്. 

അവർക്ക് ‘ഭ്രാന്താ’ണ്, എപ്പോഴും സിസിടിവി നോക്കിയിരിക്കും, അടുത്തിരിക്കുന്നവരോട് പോലും മിണ്ടാനാവില്ല, പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin