മിക്ക മനുഷ്യ ജോലികളും എഐ ഇല്ലാതാക്കും, പക്ഷേ മൂന്ന് മേഖലകൾ അവശേഷിക്കുമെന്ന് ബിൽ ഗേറ്റ്സ്
ന്യൂയോര്‍ക്ക്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) നമ്മുടെ ചിന്താശേഷിയെയും ജോലി രീതികളെയും മാറ്റിമറിക്കുകയാണ്. ഇന്ന് ചാറ്റ്ജിപിടി, ജെമിനി, കോപൈലറ്റ്, ഡീപ്‍സീക്ക് പോലുള്ള എഐ ചാറ്റ്ബോട്ടുകൾ മനുഷ്യര്‍ക്ക് സഹായികളാവുന്നു, ജോലിഭാരം കുറയ്ക്കുന്നു. ഭാവിയിൽ വ്യത്യസ്ത മേഖലകളിലെ നിരവധി ജോലികൾ എഐ കയ്യടക്കുമെന്ന് പല പ്രൊഫഷണലുകളും ഭയപ്പെടുന്നുണ്ട്. അടുത്തിടെ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് എഐയുടെ ഭാവിയെ കുറിച്ച് ഒരു വലിയ പ്രസ്താവന നടത്തിയിരിക്കുന്നു.
2022-ൽ ഓപ്പൺഎഐ ചാറ്റ്ജിപിടി ആരംഭിച്ചതിന് ശേഷം എഐ നമ്മുടെ ചിന്താ പ്രക്രിയകളെയും പ്രവർത്തന രീതികളെയും വലിയ രീതിയിൽ മാറ്റിയിട്ടുണ്ടെന്ന് ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു. മിക്ക ജോലികളിലും എഐ മനുഷ്യന് പകരമാകും എന്നാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെക്കുറിച്ച് ബിൽ ഗേറ്റ്സിന്‍റെ പ്രവചനം. എന്നാൽ മനുഷ്യ വൈദഗ്ദ്ധ്യം അനിവാര്യമായി തുടരുന്ന ചില മേഖലകൾ അപ്പോഴും മാറ്റമില്ലാതെ തുടരുമെന്നും അദേഹം വ്യക്തമാക്കുന്നു.
എൻവിഡിയയുടെ ജെൻസെൻ ഹുവാങ്, ഓപ്പൺഎഐയുടെ സാം ആൾട്ട്മാൻ, സെയിൽഫോഴ്‌സ് സിഇഒ മാർക്ക് ബെനിയോഫ് എന്നിവൽ ഉൾപ്പെടെയുള്ള വ്യവസായ പ്രമുഖർ പറയുന്നത് എഐ കാരണം ആദ്യം അപ്രത്യക്ഷമാകുന്നവയിൽ ഒരെണ്ണം കോഡിംഗ് ജോലികൾ ആയിരിക്കാം എന്നാണ്. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ മനുഷ്യർ ഇപ്പോഴും പല ജോലികളിലും നിർണായക പങ്ക് വഹിക്കുമെന്ന് ഗേറ്റ്സ് ഊന്നിപ്പറയുന്നു.
Read more: ചാറ്റ്ജിപിടിയെ മറികടന്ന് ഡീപ്‍സീക്കിന്‍റെ കുതിപ്പ്; ഫെബ്രുവരി മാസം പുത്തന്‍ റെക്കോര്‍ഡ്
ബിൽ ഗേറ്റ്സിന്റെ അഭിപ്രായത്തിൽ എഐക്ക് ജീവശാസ്ത്രജ്ഞർക്ക് പൂർണ്ണമായും പകരമാകാൻ കഴിയില്ല. പക്ഷേ അതൊരു പിന്തുണ ടൂളായി പ്രവർത്തിക്കും. രോഗനിർണ്ണയം പോലുള്ള ജോലികളിൽ എഐക്ക് സഹായിക്കാൻ കഴിയുമെങ്കിലും ഡിഎൻഎ വിശകലനത്തിന് മനുഷ്യന്‍റെ ഉൾക്കാഴ്ച തന്നെ വേണ്ടിവരും എന്ന് ബിൽ ഗേറ്റ്സ് പറയുന്നു. അതായത് ശാസ്ത്രീയ ഗവേഷണത്തിന് ആവശ്യമായ കഴിവുകൾ എഐക്ക് ഇല്ല. ഇതിനുപുറമെ, ഊർജ്ജ മേഖലയിലെ വിദഗ്ധരെ മാറ്റിസ്ഥാപിക്കാനും എഐക്ക് കഴിയില്ലെന്നും അദേഹം പറയുന്നു. കാരണം ഈ മേഖല ഇപ്പോഴും വളരെ സങ്കീർണ്ണമാണെന്നും പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യാൻ കഴിയില്ലെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി.
അതേസമയം, എഐ അനുദിനം കൂടുതൽ വികസിതമായിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കമ്പനികൾ അതിവേഗം എഐയുടെ പാത സ്വീകരിക്കുന്നു. നമ്മുടെ ജോലി രീതിയിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു. ചില മേഖലകളിൽ എഐ മനുഷ്യരേക്കാൾ ബുദ്ധിശക്തിയുള്ളതാണെന്ന് ഭാവിയിൽ തെളിഞ്ഞേക്കാം. എങ്കിലും മനുഷ്യന്‍റെ ഇടപെടലും ശേഷിയും തുടർന്നും ആവശ്യപ്പെട്ടേക്കാവുന്ന ചില തൊഴിൽ മേഖലകൾ എഐ യുഗത്തിലും അവശേഷിക്കും എന്ന് ഉറപ്പാക്കുകയാണ് ബിൽ ഗേറ്റ്സിന്‍റെ വാക്കുകൾ.
Read more: ‘എഐ ഡോക്ടറെ’ വികസിപ്പിക്കുന്നു; ടെക് ലോകത്ത് അടുത്ത വിസ്‌മയത്തിന് ആപ്പിള്‍- റിപ്പോർട്ട്