ഭാര്യ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു, തന്നെയും മകളെയും കൊല്ലാൻ നോക്കി, ആരോപണവുമായി ദില്ലിയില്‍ നിന്നുള്ള യുവാവ്
ഭാര്യ തന്നെയും മൂന്ന് മാസം പ്രായമുള്ള മകളെയും കൊല്ലാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി ദില്ലിയിൽ നിന്നുള്ള യുവാവ്. മാത്രമല്ല, തനിക്ക് മുമ്പ് അവൾ ഏഴുപേരെ വിവാഹം ചെയ്തിട്ടുണ്ട് എന്നും ആ ഭർതൃവീട്ടുകാർക്കെതിരെ വ്യാജ ബലാത്സംഗ പരാതികൾ നൽകിയിട്ടുണ്ട് എന്നും യുവാവ് ആരോപിക്കുന്നു.
സൂരജ് എന്ന യുവാവാണ് ഇന്ത്യാ ന്യൂസിനോട് ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് എന്നും വിവാഹശേഷം തന്റെ വീട്ടുകാരുമായി തന്നെ അവൾ വേർപിരിച്ചു എന്നും പറഞ്ഞത്.
“വിവാഹത്തിനുശേഷം, അവൾ തന്നെ നിരന്തരം ഉപദ്രവിച്ചു, മാനസികമായി പീഡിപ്പിച്ചു, തന്റെ കുടുംബവുമായി സംസാരിക്കാൻ പോലും ഒരിക്കലും അവൾ തന്നെ അനുവദിച്ചിട്ടില്ല. വീട്ടുകാരുമായി തനിക്കൊരു ബന്ധവുമില്ലെന്ന് അവൾ ഉറപ്പാക്കി” എന്നും സൂരജ് പറഞ്ഞു.
വിവാഹം കഴിഞ്ഞ ശേഷമാണ് ആ ഞെട്ടിക്കുന്ന സത്യം താൻ അറിഞ്ഞത്, അവൾ ഇതിന് മുമ്പ് ഏഴ് തവണ വിവാഹം ചെയ്തിട്ടുണ്ടായിരുന്നു. അവൾ ആളുകളെ പ്രണയത്തിൽ കുടുക്കുകയും തുടർന്ന് മാസങ്ങൾക്കുള്ളിൽ അവരെ വിവാഹം കഴിക്കുകയും അവരെ ഉപദ്രവിക്കാൻ തുടങ്ങുകയും ചെയ്യുകയാണ് എന്നാണ് യുവാവ് പറയുന്നത്. അങ്ങനെ അവർ ആ വിവാഹജീവിതത്തിൽ നിന്നും ഇറങ്ങി പോകുമ്പോൾ കോടതി വഴി പണമോ ചെലവിനുള്ള തുകയോ സാമ്പത്തികമായ എന്തെങ്കിലും ഒത്തുതീർപ്പോ ആവശ്യപ്പെടുകയാണ് എന്നും സൂരജ് പറഞ്ഞു.
लुटेरी पत्नी ने 3 महीने की बेटी के साथ पति की हत्या का किया प्रयास। 12 से ज्यादा शादी कर चुकी है।शादी के बाद ससुराल पक्ष पर करती है रेप का मुकदमा दर्ज।@NetworkItv @DeepikaBhardwaj#MeerutMurderCase #purushaayog pic.twitter.com/5n1H4uiUXX
— Aditya Kumar (@Adityakripa) March 31, 2025
ഇതൊന്നും കൂടാതെ താൻ ഉറങ്ങവെ അവൾ ഒരു ബക്കറ്റ് വെള്ളം തിളപ്പിച്ച് അതിൽ മുളകുപൊടിയും ഉപ്പും കലർത്തി തന്റെ ദേഹത്തൊഴിച്ചു. തന്റെ ഫോൺ പിടിച്ചുവാങ്ങി, വാതിൽ പുറത്തുനിന്ന് പൂട്ടി ഓടിപ്പോയി എന്നും യുവാവ് പറഞ്ഞു. താൻ രക്ഷപ്പെടാൻ ശ്രമിച്ചു. ഗേറ്റടക്കം പൂട്ടിയിരിക്കയായിരുന്നു. ഒടുവിൽ ജനാല തകർത്താണ് രക്ഷപ്പെട്ടത് എന്നാണ് യുവാവ് പറയുന്നത്.
അതേസമയം, സംഭവത്തിൽ യുവതിക്ക് എന്താണ് പറയാനുള്ളത് എന്ന് വ്യക്തമല്ല.