ഭാരം കുറക്കാനും സൗന്ദര്യം കൂട്ടാനുമുള്ളതടക്കം നിരവധി ഉൽപ്പന്നങ്ങൾ കരിമ്പട്ടികയിൽ; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
അബുദാബി: വിപണിയിലുള്ള 41 ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും മായം ചേര്‍ന്നതാണെന്നും അബുദാബി ആരോഗ്യ വകുപ്പ്. ഈ ഉല്‍പ്പന്നങ്ങളെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തി. ജനുവരി മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവിലാണ് ആരോഗ്യവകുപ്പ് ഇത്രയധികം ഉല്പന്നങ്ങള് പൊതുജനാരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിലക്കിയത്.
ബോഡി ബില്‍ഡിങ്, ലൈംഗിക ശേഷി വര്‍ധിപ്പിക്കല്‍, ഭാരം കുറക്കല്‍, സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് തുടങ്ങി വിവിധ ഉല്പന്നങ്ങളാണ് മായം ചേര്‍ത്തതിനെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയത്. ഇവ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിര്‍മിക്കുകയും ശേഖരിക്കുകയും ചെയ്തതും മികച്ച ഉല്പാദന രീതികള്‍ പാലിക്കാതെ തയ്യാറാക്കിയവയുമാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. പിടിച്ചെടുത്ത ചില ഉല്പന്നങ്ങളില് യീസ്റ്റ്, പൂപ്പല്‍, ബാക്ടീരിയ തുടങ്ങിയവ കണ്ടെത്തുകയുണ്ടായി. മറ്റു ചിലവയില്‍ പ്രഖ്യാപിക്കാത്ത മരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പരിശോധനയില്‍ കണ്ടെത്തി.
കറുത്ത പാടുകൾ ഇല്ലാതാക്കാൻ എന്ന് അവകാശപ്പെട്ട് എത്തിച്ച ബ്രോൺസ് ടോൺ ബ്ലാക്ക് സ്പോട്ട് കറക്ടർ, ബയോ ക്ലെയറി ലൈറ്റ്നിങ് ബോഡി ലോഷൻ, റിനോ സൂപ്പർ ലോങ് ലാസ്റ്റിങ് 70000, പിങ്ക് പുസിക്യാറ്റ്, ഗുൾട്ട വൈറ്റ് ആന്റി എക്ൻ ക്രീം തുടങ്ങിയവയാണ് നിരോധിച്ച ഉൽപ്പന്നങ്ങൾ. വ്യാജമോ മായം ചേര്‍ത്തതോ ആയ ഉല്പന്നങ്ങളുടെ നിര്‍മാണം രണ്ടുവര്‍ഷം വരെ തടവും 5000 മുതല്‍ 10 ലക്ഷം വരെ ദിര്‍ഹം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് തടവും ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിക്കുകയും കൂടാതെ നിയമവിരുദ്ധ വസ്തുക്കള്‍ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യും.