ബെല്ലി ഡാൻസിന്റെ ചടുല താളം, ഒരിക്കലും മറക്കാത്ത ഡെസേർട്ട് സഫാരി; ജീവൻ പണയം വെച്ചൊരു മലയാളി യാത്ര
അബുദാബി അൽ റാഹ ബോളിവാദിൽ നിന്ന് ഉച്ചക്ക് ശേഷം പുറപ്പെടുമ്പോൾ ഡെസേർട്ട് സഫാരിക്കുപരി ബെല്ലി ഡാൻസിന്റെ ചടുല താളമായിരുന്നു മനസ്സുനിറയെ. നൂറും കടന്ന് 140ഉം കടന്ന് കാറിന്റെ വേഗതാ സൂചിക 175ൽ തൊട്ടുനിന്നപ്പോൾ വണ്ടി ഓടിച്ചിരുന്ന സുബിയോട് സ്പീഡ് കുറക്കാൻ പറഞ്ഞു. ക്യാമറകളില്ലാത്ത സ്ഥലത്തു മാത്രമേയിങ്ങനെ കത്തിച്ചുവിടുന്നുള്ളൂ എന്നും ഈ സ്പീഡിൽ പോയില്ലെങ്കിൽ സമയത്തിനെത്തില്ലെന്നും കേട്ടതോടെ ഞാൻ തെല്ലൊന്നടങ്ങി. അല്ല, നടുങ്ങി! എന്നുവേണം പറയാൻ. അബുദാബിയുടെ നഗര പ്രാന്തങ്ങൾ വിട്ട് കാറിന്റെ അതിവേഗ സഞ്ചാരപാത അപ്പോൾ സ്വെഹാൻ റോഡിലൂടെ ആയിരുന്നു. മരുഭൂമിയുടെ ദൂരക്കാഴ്ചയിൽ കണ്ണ് നട്ടു കൊണ്ടാണെങ്കിലും ഞാനപ്പോഴും വേഗതയുടെ വേവലാതിയിൽ തന്നെ ആയിരുന്നു. ഒടുവിൽ വിജനപാതയുടെ ഇടതുവശം ചേർന്നുണ്ടായിരുന്ന പൂഴിവഴിയിലേക്ക് കാർ തിരിഞ്ഞതോടെ അതിന്റെ ടയറുകൾ ഒരിഞ്ചു മുന്നോട്ട് പോകാതായി.
വിവരമറിഞ്ഞു ലാൻഡ്ക്രൂയിസറുമായി വന്ന ഡെസേര്‍ട്ട് സഫാരിക്കാരൻ ആജാനബാഹുവായ ഉസ്മാൻ എന്ന സെമി അറബി ഞങ്ങളുടെ കാർ ലാൻഡ്‌ക്രൂയിസറിൽ കെട്ടിവലിച്ചു ഒരരികാക്കി. നാട്ടിലെ എറജൂക്കാന്റെ മക്കളിൽ ആരുടെയോ മുഖവുമായി സാദൃശ്യമുണ്ടായിരുന്നു അവന്. പിന്നീട് അതേ വണ്ടിയിൽ ഞങ്ങളെയും കയറ്റി മൂപ്പർ വിട്ട വിടൽ ഭയാനകമായിരുന്നു. പൂഴിക്കുന്നുകളിലൂടെ, വലിയ വലിയ മണൽ തിട്ടകളുടെ വശങ്ങളിലൂടെ വാഹനത്തെ അതിവേഗത്തിൽ അഗാധതയിലേക്ക് ഉസ്മാൻ ചാടിച്ചു കൊണ്ടേയിരുന്നു. തലകുത്തനെ മറിഞ്ഞു പോകും വിധത്തിൽ ശകടത്തെ ഇടത്തോട്ടും വലത്തോട്ടും അയാൾ അമ്മാനമാട്ടിക്കളിച്ചു! അപ്പോഴേക്കും “പിടിച്ചതിലും വലുത് മാളത്തിൽ” എന്ന അവസ്ഥയിലായിപ്പോയിരുന്നു ഞാൻ.
സഹിക്കവയ്യാതായപ്പോൾ എന്റെ നിലവിളി പുറത്തേക്കു വന്നു. ദൈവീക ബോണസ്സിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന എനിക്ക് ഈ മണൽക്കാട് മയ്യത്തൊരുക്കുമോ എന്ന് പോലും ചിന്തിച്ചുപോയി. കണ്ണുകൾ അടച്ചിരിക്കാനായിരുന്നു മകളുടെ നിർദേശം (കണ്ണുകൾ അടച്ചുപിടിച്ചാൽ വരാനുള്ളത് വഴിയിൽ തങ്ങുമോ മോളേ..എന്നായിരുന്നു അപ്പോഴുയർന്ന എന്റെ നിശ്ശബ്ദ നിലവിളിയുടെ കാതൽ). ഭാര്യ അടക്കം ഒപ്പമുണ്ടായിരുന്നവരൊക്കെയും സഫാരിയുടെ ത്രിൽ ശരിക്കും അനുഭവിക്കുന്നുമുണ്ടായിരുന്നു. ആ സാഹസിക യാത്ര അവസാനിച്ചത് മരുഭൂമിക്ക് നടുവിൽ തയ്യാറാക്കിയ ഒരു സ്റ്റേജിനെ വലയം ചെയ്തു നിർമിച്ച മേൽക്കൂരകളില്ലാത്ത വൈദ്യുതാലങ്കാരഭൂഷിതമായ ചത്വരത്തിലായിരുന്നു. അതിന്റെ പുറത്ത് ഒട്ടക സവാരികളും വലിയ ടയറുകൾ പിടിപ്പിച്ച ഡെസേര്‍ട്ട് സ്കൂട്ടറോട്ടവും മറ്റും സംഘടിപ്പിച്ചിരുന്നു.
സ്റ്റേജിനു ചുറ്റും ചുവപ്പും വെള്ളയും നിറങ്ങളിലുള്ള പ്രത്യേക ഇരിപ്പിടങ്ങൾ. വിഐപി ഇരിപ്പിടങ്ങളായിരുന്നു ഞങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തിരുന്നത്. തിന്നുവാനും കുടിക്കുവാനുമുള്ളത് നമുക്ക് മുന്നിൽ വന്നുകൊണ്ടേയിരിക്കും എന്നതാണ് വിഐപി സീറ്റിന്റെ ഗുണം. ഓർഡിനറി സീറ്റുകാർ ഭക്ഷണം വിളമ്പുന്നിടത്ത് പോയി ക്യൂ നിന്ന് വാങ്ങണമായിരുന്നു. രാത്രി ഏഴര ആയതോടെ തണുപ്പ് കൂടിവന്നു. തണുത്തുറഞ്ഞ ക്രിസ്റ്റൽ ക്ലിയർ ആകാശത്ത് നീല അരികുകളുമായി ചാന്ദ്ര ശോഭ! നീ ഇവിടെയും എത്തിയോ? മൂപ്പർ ചോദിക്കുന്നതുപോലെ തോന്നി! അൽപനേരം കണ്ണടച്ച് പതുക്കെ കൈകൂപ്പി. എന്റെ ജാഗ്രത് സ്വപ്നങ്ങളിൽ…അയനകാലങ്ങളിൽ…കാലത്തിന്റെ പടിക്കെട്ടുകളിൽ…വേദനയുടെ ആഴങ്ങളിൽ…എന്നെ അരുമയോടെ അനുധാവനം ചെയ്യുന്ന കരുതലിന്റെ മൂർത്തി…നിലാച്ചിരിയിൽ അഭിരമിക്കവേ അറിയാതെ വിതുമ്പിപ്പോയി.
പതുക്കെ ജാക്കറ്റണിഞ്ഞ് ഞാൻ തണുപ്പിനെ തുരത്തി. നാരോന്തുപോലുള്ള ഒരു നരച്ച അറബ് ളോഹാധാരി അപ്പോഴേക്കും കൊക്കക്കോള ടിന്നുകളും മിനറൽ ജലവും ഇടക്കിടെ നമുക്കുമുന്നിൽ നിരത്തിവെക്കുന്നുണ്ടായിരുന്നു. അതോടൊപ്പം വേണ്ടതിലധികം കുബ്ബൂസ് വന്നു. ഒപ്പം പ്ലേറ്റുകളിൽ പച്ചയിലകൾ അരിഞ്ഞിട്ടത്. തൊട്ടു കൂട്ടാൻ ഗാർലിക് പേസ്റ്റ്, മയനയ്‌സ്, ഹുമ്മൂസ്, ബ്രിഞ്ചാൾ പേസ്റ്റ് അഥവാ മുത്തബെൽ അങ്ങനെ അങ്ങനെ…
ബെല്ലി ഡാൻസിന്റെ അവതാരിക മാദകത്വം കുറഞ്ഞ ചുരുളൻ മുടിക്കാരിയായിരുന്നു. ആ ചുരുളൻ മുടി അവളൊരു മൊറൊക്കോക്കാരിയാണെന്ന് പറയാതെ പറയുന്നുണ്ട്. നാഗമുഖമുള്ള അവളുടെ അരക്കെട്ടിന്റെ ചടുല ചലനവും മുടിക്കെട്ട് അഴിച്ച് പറത്തിക്കൊണ്ടുള്ള തലകറക്കവും മോശമില്ലായിരുന്നു. സർപ്പാരാധനകളുമായി ബന്ധപ്പെട്ടു നടക്കുന്ന സ്ത്രീകളുടെ മുടിയഴിച്ചാട്ടം പോലെ. പക്ഷേ, അതിലും വലിയ അഞ്ചെട്ട് സുരസുന്ദരികൾ കാഴ്ചക്കാർക്കിടയിൽ ഉണ്ടായിരുന്നതിനാൽ എന്റെ ശ്രദ്ധ മിക്കവാറും അവരിലൊക്കെ തത്തിനിന്നു. ബെല്ലി നൃത്തം കഴിഞ്ഞതോടെ കറുപ്പ് പാന്റ്സും ടീ ഷർട്ടും ധരിച്ചു സ്റ്റേജിലെത്തിയ ഒരുവന്റെ പന്തപ്രകടനങ്ങൾ. നമ്മുടെ നാട്ടിലെ കാവുകളിലെ ഉത്സവത്തൊടനുബന്ധിച്ചു രാത്രി കാലത്ത് നടക്കാറുള്ള അടിയറ. കാഴ്ച വരവുകളോടൊപ്പം ഉണ്ടാകാറുള്ള പന്തപ്രകടങ്ങളെപ്പോലുള്ള ഒരുതരം തീക്കളിയായിരുന്നു അത്!
രാത്രി എട്ടരയായതോടെ അത്താഴ ഭക്ഷണങ്ങൾ ഒന്നൊന്നായി എത്തിത്തുടങ്ങി. ചിക്കൻഫ്രൈകളും മട്ടൻ കബാബും വളരെ കുറച്ച് ചോറും രുചികരമായ വറവുകളും നിറച്ച പ്ലേറ്റുകൾ മുന്നിൽ നിരന്നു. ഒപ്പം സിട്രസ് മധുരവും. അവസാനമായി ബ്രഡ്പീസുകളും മിൽക്ക് മെയ്‌ഡും പഞ്ചസാരലായനിയിൽ കുതിർത്തിട്ടപോലുള്ള പേരറിയാത്ത ഒരു അറേബ്യൻ പുഡ്ഡിംഗും രസനയെ ത്രസിപ്പിച്ചു. എല്ലാം കൊണ്ടും ഭക്ഷണ പ്രിയനായ എന്നെ സംബന്ധിച്ച് ഈ മരുഭൂരാത്രി ഏറെ മധുരതരമായിരുന്നു.