ഫോബ്‌സ് പട്ടികയിലും തിളങ്ങിയില്ല, ആദ്യ പത്തിൽ നിന്നും പുറത്തായി മുകേഷ് അംബാനി
ഫോബ്‌സിന്റെ സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ നിന്നും പുറത്തായി മുകേഷ് അംബാനി. സ്‌പേസ് എക്‌സ്, ടെസ്‌ല സിഇഒയായ ഇലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മസ്കിൻ്റെ ആസ്തി 342 ബില്യൺ യുഎസ് ഡോളറാണ്. ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ളത് യുഎസിലാണ്. 902 ശതകോടീശ്വരന്മാരാണ് അമേരിക്കയിൽ മാത്രമുള്ളത്. 516 കോടീശ്വരന്മാരുള്ള ചൈന തൊട്ടുപിന്നിലാണ്. മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ് 205 ഇന്ത്യൻ കോടീശ്വരന്മാരാണ് പട്ടികയിലുള്ളത്.
അതേസമയം, ആദ്യ പത്തിൽ നിന്നും മുകേഷ് അംബാനി പുറത്തായിരുന്നു. ഒരാഴ്ച മുൻപ് എത്തിയ ഹുറൂൺ പട്ടികയിലും മുകേഷ് അംബാനി ആദ്യ പത്തിൽ നിന്നും പുറത്തായിരുന്നു. 92.5 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി അദ്ദേഹം ഇപ്പോൾ പട്ടികയിൽ 18-ാം സ്ഥാനത്താണ്. കൂടാതെ, ഇന്ത്യൻ കോടീശ്വരനായ ഗൗതം അദാനി 56.3 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി പട്ടികയിൽ 28-ാം സ്ഥാനത്താണ്. ഫോബ്‌സ് പട്ടികയിൽ എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് അർനോൾട്ട് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, 216 ബില്യൺ ഡോളർ ആസ്തിയുമായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തി ആദ്യമായാണ് മാർക്ക് സക്കർബർഗ് ഫോബ്‌സിന്റെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തുന്നത്. ജെഫ് ബെസോസിനെയും ലാറി എലിസണിനെയും മറികടന്നാണ് അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്.
സമ്പന്ന പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയവർ
- ഇലോൺ മസ്‌ക്: 342 ബില്യൺ ഡോളർ
- മാർക്ക് സക്കർബർഗ്: 216 ബില്യൺ ഡോളർ
- ജെഫ് ബെസോസ്: 215 ബില്യൺ ഡോളർ
- ലാറി എല്ലിസൺ: 192 ബില്യൺ ഡോളർ
- ബെർണാർഡ് ആർനോൾട്ടും കുടുംബവും: 178 ബില്യൺ ഡോളർ
- വാറൻ ബഫെറ്റ്: 154 ബില്യൺ ഡോളർ
- ലാറി പേജ്: 144 ബില്യൺ ഡോളർ
- സെർജി ബ്രിൻ: 138 ബില്യൺ ഡോളർ
- അമാൻസിയോ ഒർട്ടേഗ: 124 ബില്യൺ ഡോളർ
- സ്റ്റീവ് ബാൽമർ: 118 ബില്യൺ ഡോളർ