പ്രഭാതം തുടങ്ങുന്നത് സ്വന്തം മൂത്രം കുടിച്ച്; മുന്‍ മോഡലിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

എല്ലാ ദിവസവും തന്റെ ദിനചര്യകൾ ആരംഭിക്കുന്നത് സ്വന്തം മൂത്രം കുടിച്ചു കൊണ്ടാണെന്ന മുൻ ഫാഷൻ മോഡലും സ്വയം പ്രഖ്യാപിത വെൽനസ് വിദഗ്ദ്ധനുമായ ട്രോയ് കേസിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ‘റിപ്പ്ഡ് അറ്റ് 50: എ ജേർണി ടു സെൽഫ് ലവ്’ എന്ന കൃതിയുടെ രചയിതാവായ കേസി, വർഷങ്ങളായി ഈ രീതിയാണ് പിന്തുടരുന്നതത്രെ. ഇത് കാര്യമായ ആരോഗ്യഗുണങ്ങൾ നൽകുമെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.

തൻ്റെ ഈ ശീലത്തെക്കുറിച്ച് ട്രോയ് കേസി വിശദീകരിക്കുന്നത് സ്വയം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഇതെന്നാണ്. കൂടാതെ മൂത്രത്തിൽ സ്റ്റെം സെല്ലുകൾ, അമിനോ ആസിഡുകൾ, ആന്റിബോഡികൾ എന്നിവയുണ്ടെന്നും ഇത് ശരീരത്തിന് ഗുണകരമാണെന്നും ട്രോയ് കേസി അവകാശപ്പെടുന്നു.

മൂത്രചികിത്സയെക്കുറിച്ച് കേസി ആദ്യമായി മനസ്സിലാക്കിയത് ഒരു ശ്വസന പരിശീലകനിൽ നിന്നാണത്രെ. യൂറിൻ ലൂപ്പിംഗ് രീതിയിലൂടെ തന്റെ രോഗങ്ങൾ ഭേദമായതായാണ് ഇയാൾ അവകാശപ്പെടുന്നത്. ഒരു പ്രത്യേക കാലയളവിലേക്ക് മൂത്രവും വെള്ളവും മാത്രം കഴിക്കുന്നത് ഈ ചികിത്സാരീതിയുടെ ഭാഗമാണ്. വിവാദമായ ഈ ചികിത്സാരീതിയുടെ ശക്തമായ വക്താവാണ് കേസി ഇപ്പോൾ. 

പ്രത്യേക രീതിയിലാണ്  കേസി തന്റെ ദിനചര്യ പിന്തുടരുന്നത്. പ്രഭാത മൂത്രത്തിന്റെ ആദ്യഭാഗവും അവസാനഭാഗവും ഉപേക്ഷിക്കുകയും മധ്യഭാഗം ഒരു കപ്പിലോ ജാറിലോ ശേഖരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന മൂത്രത്തിലാണ് ഏറ്റവും കൂടുതൽ സ്റ്റെം സെല്ലുകൾ അടങ്ങിയിരിക്കുന്നതെന്ന് ഇയാൾ വിശ്വസിക്കുന്നു. എന്തായാലും, ഇതുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ നടക്കുന്നത്.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട എതിർ അഭിപ്രായങ്ങളും ശക്തമാണ്. ‘ദി ഏജ്‌ലെസ് റെവല്യൂഷൻ’ എന്ന കൃതിയുടെ  രചയിതാവുമായ ഡോ. മൈക്കൽ അസീസ്, മൂത്രം കുടിക്കുന്നത് നിർജ്ജലീകരണത്തിനും മറ്റും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു. മൂത്രത്തിൽ കൂടുതലും വെള്ളവും ഉപ്പും അടങ്ങിയിരിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകുമെന്നും മൂത്രം കുടിക്കുമ്പോൾ വൃക്കകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്ത വിഷവസ്തുക്കളെ വീണ്ടും ശരീരത്തിന് ഉള്ളിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നതെന്നും ഡോ. മൈക്കൽ അസീസ് വ്യക്തമാക്കുന്നുണ്ട്.

 

By admin