പതിനൊന്നാം നൂറ്റാണ്ടിൽ ഒരു മുസ്ലിം സഞ്ചാരി കണ്ട ഇന്ത്യ

പതിനൊന്നാം നൂറ്റാണ്ടിൽ ഒരു മുസ്ലിം സഞ്ചാരി കണ്ട ഇന്ത്യ

ല്‍ ബിറൂനി, ലോകത്തിന്‍റെ പലഭാഗങ്ങിലും യാത്ര ചെയ്ത തത്വചിന്തകന്‍, വൈദ്യപണ്ഡിതന്‍, കവി, ചരിത്രകാരന്‍.. കൂടാതെ ഭൂമിശാസ്ത്രം, പ്രകൃതിശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, കര്‍മശാസ്ത്രം, എന്നിങ്ങനെ പല വിഷയങ്ങളിലായി 180 -ല്‍ പരം പുസ്തകങ്ങളുടെ രചയിതാവ്, ഇബ്നു സീനയുടെ (അവിസന്ന) സമകാലികന്‍. പാര്‍സി ഭാഷയ്ക്ക് പുറമെ അറബിയിലും നൈപുണ്യം തെളിയിച്ച പണ്ഡിതന്‍. പിന്നീട് ഗ്രീക്ക് ഭാഷ പഠിച്ചു. ഗ്രീക്ക് പുസ്തകങ്ങളും മറ്റും അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യയിലേക്ക് വന്ന് ബ്രാഹ്മണ പണ്ഡിതരില്‍ നിന്നും സംസ്കൃതം പഠിച്ചു. പ്രസിദ്ധമായ “കിതാബുല്‍ ഹിന്ദ്‌” എന്ന ഗ്രന്ഥം രചിച്ചു. ഇത് കൂടാതെ തിബത്തിനെ കുറിച്ചും കാശ്മീരിനെ കുറിച്ചും അദ്ദേഹം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. വേദങ്ങളുടെ ഗഹനമായ പഠനങ്ങളും വീക്ഷണങ്ങളും അറബികള്‍ക്കും മറ്റും പരിചയപ്പെടുത്തി, വേദങ്ങളുടെ വക്താവായിട്ടാണ് ഇന്ത്യയില്‍ നിന്നും ബിറൂനി തിരിച്ചു പോയത് എന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അതി ഗഹനവും ദുർഗ്രഹവുമായ ഈ ഗ്രന്ഥം ഡോ. മുഹ്‌യുദ്ധീൻ ആലുവായ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഒരു അത്ഭുതം തന്നെയാണ്. വിവർത്തനത്തിന് എളുപ്പം വഴങ്ങാത്ത രചന. അത്രക്കും പ്രയാസമേറിയ ജോലി തന്നെയാണ് മലയാളികള്‍ക്ക് വേണ്ടി ഡോ. മുഹ്‌യുദ്ധീൻ ആലുവായ് നിര്‍വഹിച്ചത്.
 
ആത്മാവിനെ കുറിച്ച് വിശാലമായൊരു താരതമ്യപഠനം തന്നെ ബിറൂനി വായനക്കാര്‍ക്ക്‌ സമര്‍പ്പി‍ക്കുന്നു.  ആകാശത്ത് നിന്നും പെയ്തിറങ്ങുന്ന മഴ പോലെ ആത്മാവ്, അത് ശേഖരിക്കപ്പെടുന്ന സ്ഥലവും പാത്രങ്ങളും അനുസരിച്ച് നിറവും രുചിയും മാറുന്നു. ആത്മാവിന്ന് പൂര്‍ണത കൈവരിക്കാന്‍ എത്രയോ തവണ ജനനവും മരണവും വേണ്ടി വരുന്നു. ഈ ലോകം ഉറങ്ങുന്ന ആത്മാക്കളുടെയും പരലോകം ഉണര്‍ന്ന ആത്മാക്കളുടെതുമാണെന്ന പണ്ഡിത വചനം ഇവിടെ സ്മരണീയമാണ്.
 
ബിറൂനി തുടരുന്നു: ഗീതയില്‍ പറയുന്നു, അറിയാനാണ് മനുഷ്യനെ സൃഷ്ടിച്ചത്. പക്ഷേ അറിവിന്‍റെ ശത്രുവായ ശരീരം പ്രകൃത്യാ തന്നെ പ്രവര്‍ത്തനത്തില്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. അറിവ് ഇത്തരം ആഗ്രഹങ്ങളെ ഒരു ഭാഗത്തേക്ക്‌ തള്ളിനീക്കിക്കൊണ്ട് ആത്മാവിനെ ഇരുട്ടില്‍ നിന്നും രക്ഷിക്കുന്നു. ഇത് തന്നെയാണ് സോക്രടീസ് പറഞ്ഞതും: ‘ആത്മാവ് ശരീരത്തിലാവുമ്പോള്‍ എന്തിനെയെങ്കിലും സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഉദ്ദേശിച്ചാല്‍ ശരീരം ആത്മാവിനെ വഞ്ചിക്കുന്നു. വിഷമങ്ങളും, അവയവങ്ങള്‍ ഉപയോഗിക്കാനുള്ള ഭാരവും ഒഴിഞ്ഞാല്‍ തത്വചിന്തകന്‍റെ ആത്മാവ് ശരീരത്തെ ഉപേക്ഷിക്കുന്നതാണ്”. ഇന്ദ്രിയങ്ങൾ അഞ്ചും വര്‍ത്തമാനകാലത്തെ മാത്രമറിയുമ്പോള്‍, ഹൃദയം വര്‍ത്തമാന കാലത്തെയും ഭൂതകാലത്തെയും കുറിച്ച് ചിന്തിക്കുന്നു.
 ‍  
ശരീരേച്ഛകളെയും, ലൌകീകതയെയും കുറിച്ച്:

ശരീര സുഖങ്ങളില്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരാളോട് ഗ്രീക്ക് തത്വചിന്തകനായ പൈതഗോറസ് പറയുന്നു ‘നീ നിന്‍റെ ജയിലിന്ന് ശക്തിപകരുകയും ബന്ധനം ഉറപ്പിക്കുകയുമായാണ് ചെയ്യുന്നത്’. ഗീതയില്‍ പറയുന്നു, മരണ സമയത്ത് എന്തിനെ കുറിച്ചാണോ ചിന്തിക്കുന്നത് ആത്മാവ് അതിലേക്ക് ലയിക്കുന്നു. ദൈവമാണ് എല്ലാറ്റിനും കാരണഭൂതന്‍ എന്ന വിചാരമാണ് മരണവേളയില്‍ ഒരാളെ പുല്‍കുന്നതെങ്കില്‍ ആത്മാവിന്ന് മോക്ഷം ലഭിക്കുന്നു. നീ മോക്ഷം നേടുക, ശരീരത്തെ നീ സൂക്ഷിക്കുക. ശരീരത്തിലേക്കാണ് നിന്‍റെ ആഗ്രഹമെങ്കില്‍ അത് നിന്‍റെ ശത്രുവും അല്ലെങ്കില്‍ അത് നിന്‍റെ മിത്രവുമാണ്. വധശിക്ഷയെ അവഗണിച്ചും ദൈവവുമായി ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചും സോക്രട്ടീസ് പറഞ്ഞതും ഇതുതന്നെ.  
 
എല്ലാറ്റിനും മുകളിൽ നാല് തലകളുള്ള ബ്രഹ്മാവ്. പിന്നെ ദേവന്മാരെന്ന് ഇന്ത്യക്കാര്‍ വിളിക്കുന്ന മാലാഖമാർ. ആകെ ദേവന്മാര്‍ മുപ്പത്തിമൂന്ന്. അതില്‍ മഹാദേവന്മാര്‍ പതിനൊന്ന്. ആകെ ദേവതകള്‍ മുപ്പത്തിമൂന്ന് കോടി. ഇവര്‍ക്കൊക്കെ ജനനം, മരണം എന്നിവയുണ്ടെന്നും അവരൊക്കെ ഈ പദവിയിലെത്തിയത് കര്‍മം കൊണ്ട് മാത്രമാണ്, അല്ലാതെ അറിവ് കൊണ്ടല്ല എന്നുമാണ് വിശ്വാസം. ശിവന്‍ ആദിയില്ലാത്തവനും ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്യാത്തവനും സൃഷ്ടികള്‍ക്കുള്ള എല്ലാ ഗുണങ്ങള്‍ക്കും അധീനനുമാണ്. ഇന്ത്യാക്കാരുടെ ഈദൃശ വിശ്വാസങ്ങളിലേക്ക്  ബിറൂനി വെളിച്ചം വീശുന്നു.

‘നാരായണന്‍’ എന്നത് ഇന്ത്യക്കാരുടെ അഭിപ്രായത്തില്‍ ഒരു മഹാശക്തിയാണ്. നല്ലതിനെ കൂടുതല്‍ നല്ലത് കൊണ്ടും, ചീത്തയെ ചീത്ത കൊണ്ടും നേരിടുന്ന രീതി അദ്ദേഹത്തിനില്ല. ചീത്തയെ ആവുന്നത്ര തടയുക എന്നതാണ് അദ്ദേഹത്തിന്‍റെ സ്വഭാവം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ മാത്രം നാശത്തെ നാശം കൊണ്ട് നേരിടേണ്ടി വരാറുണ്ട്. ഒരു കൃഷിയിടത്തിന്‍റെ മധ്യത്തിൽ അബദ്ധത്തിൽ പ്രവേശിച്ച അശ്വഭടൻ താൻ ചെയ്ത അവിവേകം ഓർത്ത്, ആ തെറ്റ് തിരുത്താൻ ശ്രമിക്കുകയാണെങ്കിൽ അശ്വത്തെ തിരിച്ചു നടത്തി പ്രവേശിച്ച സ്ഥലത്ത് കൂടി തന്നെ പുറത്ത് പോവുകയല്ലാതെ അയാൾക്ക് ഗത്യന്തരമില്ലല്ലോ. എങ്കിൽ പ്രവേശിച്ചപ്പോൾ സംഭവിച്ചത് പോലെയോ അതിലധിതികമോ നാശം കൃഷിക്ക് സംഭവിച്ചേക്കാൻ വഴിയുമുണ്ട്. പക്ഷേ, അത് ഒഴിച്ച് കൂടാനാവാത്ത ഒരു തിന്മയാണല്ലോയെന്നും അദ്ദേഹം പറയുന്നു.  

വിഷ്ണു പുരാണത്തില്‍ വിഷ്ണു എന്നറിയപ്പെടുന്ന നാരായണന്‍ പല അവതാരങ്ങളായി യുഗങ്ങള്‍ തോറും അവതരിക്കുന്നതും ബിറൂനി വിശധീകരിക്കുന്നു.

കൃതയുഗം = കപില
ത്രേതായുഗം = രാമന്‍
ദ്വാപരയുഗം =  വ്യാസന്‍

ദ്വാപരയുഗത്തിന്‍റെ അവസാനത്തില്‍ വാസുദേവന്‍‌. പിന്നെ കലിയുഗത്തില്‍ ബ്രാഹ്മണനായ കലിയുടെ രൂപത്തിലും അവതരിക്കും.

തേനീച്ച, പ്രവര്‍ത്തിക്കാതെ ഭക്ഷിച്ചു മാത്രം അവരുടെ കൂട്ടത്തില്‍ കഴിഞ്ഞുകൂടുന്ന ഈച്ചകളെ നശിപ്പിക്കുന്നു. അപ്രകാരം പ്രകൃതി ചിലതിനെ നശിപ്പിക്കുകയും ചിലതിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു ഇക്കൂട്ടത്തില്‍ പെട്ട ഒരു ശക്തിയാണ് വാസുദേവന്‍‌.

ഇരുപത്തി മൂന്ന് ത്രേതായുഗങ്ങൾ ഇതിനകം കഴിഞ്ഞിട്ടുണ്ട്, ഇരുപത്തി നാലില്‍ ആണ് രാമന്‍ രാവണനെ വധിച്ചത്. രാമന്‍റെ സഹോദരനാണ് രാവണന്‍റെ സഹോദരന്‍ കുംഭകര്‍ണനെ വധിച്ചതെന്നും ഐതിഹ്യമുണ്ട്. പിന്നെ അവര്‍ രണ്ടുപേരും കൂടി രാക്ഷസന്മാരെ മുഴുവനും കീഴടക്കി. അനന്തരം വാല്മീകി മഹര്‍ഷി രാമായണ കഥ എഴുതി ആ ചരിത്ര സംഭവത്തെ അനശ്വരമാക്കി.

ബിറൂനി വിഷ്ണു ധർമ്മത്തില്‍ നിന്നും പറയുന്നു: സദ്‌കര്‍മം ചെയ്ത ആത്മാക്കള്‍ ഉപരിലോകത്ത് ഉന്നത സ്ഥാനം നേടുന്നു. അനന്തരം പ്രകാശിക്കാന്‍ തുടങ്ങിയാല്‍ നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നു. പ്രതിഫലം നേടി ഉന്നത പദവിയിലെത്തിയ മഹാത്മാക്കളായി ഇവര്‍ മാറുന്നു. അദ്ദേഹം മറ്റൊരിടത്ത് പറയുന്നത്, ആകാശം നക്ഷത്രങ്ങള്‍ കൊണ്ടെന്നപോലെ സമുദ്രം രത്നങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നുവെന്നാണ്.

മഹാബലി രാജാവിനെ പാതാളത്തിലേക്ക് താഴ്ത്തിയതിനെ കുറിച്ച് ‘നാരായണ’ന്‍റെ വാക്കുകള്‍ ഇങ്ങനെ: “ഞാനിങ്ങനെ ചെയ്യുന്നത്, മഹാബലി ഉദ്ദേശിക്കുന്നത് പോലെയുള്ള മനുഷ്യസമത്വം ഇല്ലാതാക്കാനും മനുഷ്യരുടെ നിലവാരങ്ങള്‍ വ്യത്യസ്തമാക്കാനും തദ്വാരാ ലോകവ്യവസ്ഥ നടപ്പില്‍വരാനും ജനങ്ങള്‍ മഹാബലിയെ ആരാധിക്കുന്നതിന് പകരം എന്നെ ആരാധിക്കുവാനും വേണ്ടിയാണ്”

പതിനൊന്നാം നൂറ്റാണ്ടിൽ ഒരു മുസ്ലിം സഞ്ചാരി കണ്ട ഇന്ത്യ

വർഗ്ഗവും ജാതിയും

വര്‍ഗ്ഗങ്ങളും ജാതികളും ഉണ്ടായതിനെ കുറിച്ച് ബിറൂനിയുടെ നിരീക്ഷണം ഇങ്ങനെയാണ്: തൊഴിലുകളുടെ അഭിവൃദ്ധിക്ക്  വേണ്ടി ശ്രദ്ധിച്ചിരുന്ന രാജാക്കന്മാരുടെ പ്രധാന ശ്രദ്ധ ആളുകളെ പല വര്‍ഗങ്ങളും ജാതികളുമാക്കിത്തിരിക്കുന്നതിലായിരുന്നു. അവയ്ക്ക് അന്യോന്യം കൂടിക്കലരാന്‍ പാടുണ്ടായിരുന്നില്ല. ഓരോ വിഭാഗക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ജോലികള്‍ നിശ്ചയിക്കപ്പെട്ടു. ജാതിയുടെ അതിർ വരമ്പുകൾ ലംഘിച്ച്  മറ്റേതെങ്കിലും വിഭാഗത്തില്‍ ചേരുന്നവരെ ശിക്ഷിച്ചിരുന്നു. ഇത് തന്നെയായിരുന്നു പേര്‍ഷ്യന്‍ രാജാക്കന്മാരുടെയും അവസ്ഥ. അര്‍ദശീര്‍, പേര്‍ഷ്യന്‍ ഭരണം പുതുക്കി പരിഷ്കരിച്ചപ്പോള്‍ ആളുകളെ വര്‍ഗങ്ങളായി തിരിക്കുകയുണ്ടായി. രാജപുത്രന്മാരെയും രാജകുടുംബങ്ങളെയും ഉയര്‍ന്നവരായും, സന്യാസികള്‍, അഗ്നിപൂജാരികള്‍, മത നേതാക്കന്‍മാര്‍ എന്നിവരെ രണ്ടാം തരക്കാരായും, ജോത്സ്യര്‍ പണ്ഡിതര്‍, വൈദ്യര്‍ എന്നിവരെ മൂന്നാം തരക്കാരായും, തൊഴിലാളികള്‍, കര്‍ഷകര്‍, എന്നിവരെ നാലാം തരക്കാരായും വിഭജിച്ചു. അവർക്കായി വിവിധ വകുപ്പുകള്‍ സൃഷ്ടിച്ചു. നമ്മുടെ കാലത്തും (ബിറൂനിയുടെ സന്ദർശന കാലത്ത്) ഇന്ത്യക്കാര്‍ ഇതേ രീതിയില്‍ വിവിധ വര്‍ഗ്ഗങ്ങളും ജാതികളുമായി തിരിഞ്ഞിരിക്കയാണ്. പക്ഷേ, എല്ലാവരും മനുഷ്യരാണ്. ജാതിയുടെയും വര്‍ഗ്ഗത്തിന്‍റെയും അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിക്കാന്‍ പാടില്ല.

ബിറൂനി തുടരുന്നു: ഇന്ത്യന്‍ ജാതിവ്യവസ്ഥയില്‍ നാല് വിഭാഗക്കാരില്‍ മോക്ഷം ബ്രാഹ്മണര്‍ക്കും, ക്ഷത്രിയര്‍ക്കും മാത്രമേയുള്ളൂ എന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. എന്നാല്‍, കാര്യബോധമുള്ള മറ്റൊരു കൂട്ടരുടെ അഭിപ്രായം എല്ലാ വിഭാഗക്കാര്‍ക്കും ഉദ്ദേശ്യ ശുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന പക്ഷം മോക്ഷം നേടാമെന്നാണ്. ഇരുപത്തഞ്ച് കാര്യങ്ങള്‍ നല്ലത് പോലെ മനസ്സിലാക്കിയാല്‍ പിന്നെ ഏത് മതം സ്വീകരിച്ചാലും മോക്ഷം നേടാനാവുമെന്നാണ് വ്യാസന്‍ പ്രസ്താവിച്ചത്.

ദ്വാപര കാലത്ത് ഇന്ത്യക്കാരുടെ മതപരവും ലൌകികാവുമായ എല്ലാ കാര്യങ്ങളും നശിച്ച കൂട്ടത്തില്‍ വേദവും നശിച്ചു പോയി. പരാശരുടെ  മകന്‍ വ്യാസനാണ് പിന്നീടതിനെ പുനരുദ്ധരിച്ചത്. വ്യാസന്‍ വേദത്തെ ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർ‌വവേദം എന്നിങ്ങനെ നാലായി ഭാഗിച്ചു. അദ്ദേഹത്തിന്‍റെ നാല് ശിഷ്യന്മാരില്‍ ഓരോരുത്തരെയും അതില്‍ ഓരോ ഭാഗം പഠിപ്പിക്കുകയും അതവരെ ഏല്പിക്കുകയും ചെയ്തു. വ്യാസന്‍ രചിച്ച ഭാരതം (മഹാഭാരതം) എന്ന ഗ്രന്ഥത്തെ ഇന്ത്യാക്കാർ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ജ്യോതിഷമാണ് ഇന്ത്യക്കാരുടെയിടയില്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജിച്ച ശാസ്ത്രം. അതിന് മതവുമായി കൂടുതല്‍ ബന്ധവുമുണ്ട്. ലോക കാര്യങ്ങള്‍ നക്ഷത്രങ്ങള്‍ വഴി അറിയുന്നതിനെ ‘സംഹിത’ എന്നവര്‍ പറയുന്നു. ജാതക ശാസ്ത്രത്തില്‍ “സാരാവലി” (തെരഞ്ഞെടുക്കപ്പെട്ടവ) എന്നൊരു ഗ്രന്ഥമുണ്ട്. വൈദ്യശാസ്ത്രത്തിലും ‘ചരക’ എന്ന ഗ്രന്ഥമുണ്ട്.

നാവ് മനസിന്‍റെ, ആശയങ്ങളുടെ പരിഭാഷകര്‍ മാത്രമാണെന്നാണ് ബിറൂനി പറയുന്നത്. ഭൂതകാല വിവരങ്ങള്‍ ഭാവി തലമുറക്ക് കൈമാറാൻ എഴുത്തിലൂടെ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. പണ്ടൊക്കെ മൃഗങ്ങളുടെ തോലുകളിലും ഓലകളിലും മറ്റുമായി അവര്‍ അറിവുകള്‍ കുറിച്ച് വെച്ച് സന്ദേശങ്ങള്‍ കൈമാറി. പിന്നീട് സമര്‍ഖന്ദിലെ ഒരു ചൈനാ തടവുകാരന്‍ കടലാസ് നിര്‍മിച്ചു.

പലിശയോടുള്ള ഇന്ത്യക്കാരുടെ നിലപാട് ബിറൂനി നിരീക്ഷിക്കുന്നു: ‘സ്വത്തിടപാടില്‍ പലിശ ഈടാക്കല്‍ നിരോധിക്കപ്പെട്ടിരുന്നു. മൂലധനത്തെക്കാള്‍ കൂടുതലാവുന്ന പലിശയുടെ തോതനുസരിച്ച് അതിന്‍റെ കുറ്റം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. മൂലധനത്തിന്‍റെ 1/50 -ല്‍ കവിയാത്ത പലിശ ശൂദ്രര്‍ക്ക് മാത്രം അനുവദനീയമാണ്’.

ബ്രാഹ്മണരുടെ പ്രത്യേകതകളും രീതികളും വളരെ വിശദമായി തന്നെ പറയുന്നുണ്ട് ഈ പുസ്തകം. അളവുകള്‍, തൂക്കങ്ങള്‍, ദൂരങ്ങള്‍, വേലിയേറ്റവും ഇറക്കവും, സൂര്യ – ചന്ദ്ര ഗ്രഹണങ്ങള്‍ എന്ന് വേണ്ട മനസ്സിലാവുന്നതും മനസ്സിലാവാത്തതുമായ എത്രയോ പഠനങ്ങളാണ് ഈ അഞ്ഞൂറ് പേജോളം വരുന്ന ഈ പുസ്തകം ഉൾക്കൊള്ളുന്നത്.  
 
അറബി ഭാഷയെ പോലെ അതിവിശാലവും ഗഹനവുമാണ്‌ സംസ്കൃത ഭാഷ എന്നാണ് ബിറൂനി വിലയിരുത്തുന്നത്. പലതിനും ഒരു പേര് മാത്രമേയുള്ളൂ എന്ന് വരുന്നത് ഒരു ഭാഷയുടെ അപൂര്‍ണതയെ കുറിക്കുന്നു. അറബിയില്‍ സിംഹത്തിന് അസംഖ്യം പേരുകളുള്ളത് പോലെ ഇന്ത്യക്കാര്‍ സൂര്യന് എത്രയോ പേരുകള്‍ പറയുന്നു. അതേസമയം ബ്രാഹ്മണ പണ്ഡിതന്മാരിലെ ചില വീക്ഷണങ്ങളോട് വിയോജിക്കുകയും ചെയ്യുന്നുണ്ട് ബിറൂനി: ‘ശരിയായ രാജ്യം തങ്ങളുടെതാണെന്നും ലോക നേതൃത്വം തങ്ങള്‍ക്കുള്ളതാണെന്നും തങ്ങള്‍ അറിവിന്‍റെ കേദാരമാണെന്നും യഥാര്‍ത്ഥ മതം തങ്ങളുടേത് മാത്രമാണെന്നും അവര്‍ ബലമായി വിശ്വസിക്കുന്നു. ഖുറാസാനിലും പേര്‍ഷ്യയിലും പണ്ഡിതന്മാര്‍ ഉണ്ടെന്ന് പറഞ്ഞാല്‍ അവര്‍ക്ക് ദേഷ്യം വരുന്നു’. ഭൂമിശാസ്ത്രത്തിലും, ഗണിതശാസ്ത്രത്തിലും മറ്റു ശാസ്ത്രങ്ങളിലും മറ്റുമുള്ള തന്‍റെ അറിവ് ഇന്ത്യയിലെ പണ്ഡിതന്മാരുമായി പങ്ക് വെക്കുമ്പോള്‍ ഏത് ബ്രാഹ്മണ പണ്ഡിതരില്‍ നിന്നാണ് പഠിച്ചതെന്ന ചോദ്യം പലപ്പോഴും കേള്‍കേണ്ടി വന്ന കാര്യവും ബിറൂനി പറയുന്നുണ്ട്. അന്നത്തെ ഇന്ത്യന്‍ പണ്ഡിതന്മാരുടെ കടല്‍ യാത്രയോടും മറ്റുമുള്ള വിലക്കായിരുന്നു, മറ്റുള്ള ഭാഷകളെയും പ്രസ്തുത ഭാഷകളിലുള്ള ഗ്രന്ഥങ്ങളേയും കുറിച്ച് അറിയുന്നതിൽ നിന്ന് ഇന്ത്യക്കാരെ തടഞ്ഞതെന്ന് ബിറൂനി നിരീക്ഷിക്കുന്നു.
 
ഏത് സംസ്കാരങ്ങളെയും മതങ്ങളെയും സ്വീകരിച്ച പാരമ്പര്യമാണ് നമ്മുടെതെന്ന് ഇന്ത്യക്കാര്‍ അഭിമാനിക്കാറുള്ളതാണല്ലോ, പക്ഷേ ഗഹനമായ ഇന്ത്യന്‍ വേദവും മറ്റും ലോകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ വിദേശികള്‍ തന്നെ വേണ്ടിവന്നതെന്ത് കൊണ്ട് എന്ന ചോദ്യം എന്‍റെ മനസ്സില്‍ ബാക്കിയാക്കിയാണ് വായന അവസാനിച്ചത്. പലതും പൂര്‍ണമായും മനസ്സിലാവാതെയും പുസ്തകം വായിച്ചു തീര്‍ത്തെന്ന് പറയാം. ഒപ്പം കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും നടക്കേണ്ട ഗ്രന്ഥമാണിതെന്ന് നിസ്സംശയം പറയാം. പ്രത്യേകിച്ചും ഇത് എതെഴുതപ്പെട്ടത് പതിനൊന്നാം നൂറ്റാണ്ടിലാണെന്നത് തീര്‍ത്തും എടുത്ത് പറയേണ്ട വസ്തുത തന്നെയാണ്. ആ കാലത്തുള്ള പന്ധിതന്മാർ നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കി ഗ്രഹങ്ങളേയും മറ്റും എങ്ങിനെ മനസ്സിലാക്കി എന്നത് എത്ര ചിന്തിച്ചാലും പിടികിട്ടില്ല!

 

അല്‍ ബിറൂനി കണ്ട ഇന്ത്യ
അബു റയ്ഹാന്‍ മുഹമ്മദുബ്നു ആഹ് മദ് അല്‍ ബിറൂനീ (973 – 1048)
വിവര്‍ത്തകന്‍ : ഡോ. മുഹ് യുദ്ദീന്‍ അലുവായ്. – പ്രസാധകര്‍ : വിചാരം ബുക്സ്
 

By admin