നഷ്ടപരിഹാരം അടക്കം 58000 രൂപ കൊടുക്കണം! പരിവാഹൻ സൈറ്റിൽ ഇൻഷുറൻസ് വിവരം അപ്‍ലോഡ് ചെയ്യാതെ ഏജൻസി, കടുത്ത നടപടി

മലപ്പുറം: ഇൻഷുറൻസ് വിവരം യഥാസമയം പരിവാഹൻ സൈറ്റിൽ അപ്‍ലോഡ് ചെയ്യാത്തതിനാൽ ഇൻഷുറൻസ് ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. തിരൂരങ്ങാടി സ്വദേശി ഡോ. സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി പരാതിക്കാരൻ ആർടിഒ ഓഫീസിനെ സമീപിച്ചപ്പോൾ  വാഹനത്തിന്‍റെ ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു. 

അതിനാൽ  രജിസ്ട്രേഷൻ പുതുക്കാനായില്ല. 3,000 രൂപ പിഴ അടക്കേണ്ടതായും വന്നു. രജിസ്ട്രേഷൻ പുതുക്കാനാകാത്തതിനാൽ ഏറെ നാൾ വാഹനം വാടകക്കെടുത്ത് യാത്ര ചെയ്തിരുന്നു. ഇൻഷുറൻസ് ഏജൻസിയുടെ ഭാഗത്ത് വിഴ്ച വന്നതിനാൽ പരാതിക്കാൻ പിഴയായി ഒടുക്കേണ്ടി വന്ന 3,000 രൂപയും കോടതി ചെലവായി 5,000 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും ചേർത്ത് 58,000 രൂപ  ഒരു മാസത്തിനകം പരാതിക്കാരന് നൽകാൻ കമ്മീഷൻ നിർദേശിച്ചു. വീഴ്ച വന്നാൽ പരാതി നൽകിയ തീയതി മുതൽ 12 ശതമാനം പലിശയും നൽകണമെന്ന് കെ മോഹൻദാസ്, പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.

By admin