ദുബൈ ടു മുംബൈ, 2000 കി.മി വെറും 2 മണിക്കൂർ! സാധ്യമാകുമോ അണ്ടർ വാട്ടർ ട്രെയിൻ പദ്ധതി
ദുബൈ: ദുബൈയിൽ നിന്നും മുംബൈയിലേക്ക് അണ്ടർ വാട്ടർ റെയിൽ പാത വരുന്നു. ഇതോടെ യാത്രാ സമയം വെറും രണ്ട് മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയുടെ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് ഈ പദ്ധതിയുമായി രംഗത്തുവന്നത്. ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ അതിവേഗ അണ്ടർ വാട്ടർ ട്രെയിൻ മണിക്കൂറിൽ 600 കിലോമീറ്റർ മുതൽ 1000 കിലോമീറ്റർ വരെ വേഗത്തിലാണ് സഞ്ചരിക്കുന്നത്. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിമാന യാത്രയ്ക്ക് ഒരു ബദൽ മാർഗം സൃഷ്ടിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഈ അണ്ടർ വാട്ടർ ട്രെയിനിൽ യാത്രക്കാരെ മാത്രമല്ല, ഇന്ധനം ഉൾപ്പെടെയുള്ള ചരക്കുകളും കൊണ്ടുപോകാൻ കഴിയും. ഇന്ത്യയ്ക്കും യുഎഇക്കും ഇടയിൽ ക്രൂഡ് ഓയിൽ ഉൾപ്പടെയുള്ള സാധനങ്ങളുടെ ഗതാഗതം സുഗമമാക്കുകയും പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട്.
അതിവേഗ അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ 2030ഓട് കൂടി ഇത് യാഥാർത്ഥ്യമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്കു നീക്കത്തിന് ഏറ്റവും വേഗത്തിലുള്ളതും സുസ്ഥിരവുമായ ഗതാഗത മാർഗം തെളിയുന്നതോടൊപ്പം വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. ഇന്ത്യക്കും യുഎഇക്കും മാത്രമല്ല, റെയിൽ കടന്നുപോകുന്ന ഇതര രാജ്യങ്ങൾക്കും ഈ പദ്ധതി ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ചീഫ് കൺസൾട്ടന്റ് അബ്ദുല്ല അൽ ഷെഹി പറഞ്ഞു.
നിലവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കെത്താൻ വിമാന യാത്രക്ക് 4 മണിക്കൂറാണ് എടുക്കുന്നത്. അണ്ടർ വാട്ടർ ട്രെയിൻ പദ്ധതി വരുന്നതോടെ യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും. കൂടാതെ, യാത്രക്കാർക്ക് ആഴക്കടലിലെ കൗതുകമുണർത്തുന്ന കാഴ്ചകൾ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള 2000 കിലോമീറ്റർ ദൂരത്തെയാണ് ഈ അണ്ടർ വാട്ടർ റെയിൽ പാത ബന്ധിപ്പിക്കുക. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആവശ്യമായി വരുന്ന ഈ പദ്ധതി മുൻ വർഷങ്ങളിലും മുന്നോട്ട് വന്നിരുന്നു. എന്നാൽ, പദ്ധതിയുടെ അംഗീകാരത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച ചർച്ചകൾ ഇപ്പോഴും നടന്നുവരികയാണ്. സാമ്പത്തിക നിക്ഷേപത്തെയും അംഗീകാരത്തെയും ആശ്രയിച്ചായിരിക്കും പദ്ധതിയുടെ കൂടുതൽ വികസനങ്ങളെന്ന് ഉറവിടങ്ങൾ അറിയിച്ചു.