ഞെട്ടിക്കുന്ന കുറ്റകൃത്യം, ഇന്ത്യൻ പൗരന് യുഎസില്‍ 35 വര്‍ഷം തടവ്; കൗമാരക്കാരനായി ആള്‍മാറാട്ടം നടത്തി പീഡനം
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പ് ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ പൗരന് അമേരിക്കയില്‍ 35 വര്‍ഷം തടവ്. സായ് കുമാര്‍ എന്ന 31 കാരനാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത 19 കുട്ടികളെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഒക്കലഹോമയിലെ എഡ്മണ്ടില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനാണ് സായ് കുമാര്‍. സമൂഹ മാധ്യമത്തില്‍ ആള്‍മാറാട്ടം നടത്തിയാണ് പ്രതി കൃത്യം നിര്‍വ്വഹിച്ചത്. 13-14 വയസുള്ള കൗമാരക്കാരനായാണ് ഇയാള്‍ ഇരകളെ സമീപിച്ചിരുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സോഷ്യല്‍ മീഡിയ ആപ്പിനെ സംബന്ധിച്ച ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പ് വഴിയാണ് ഇയാള്‍ കുട്ടികളെ കബളിപ്പിച്ച് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സായ് കുമാറിന് എതിരായുള്ള അന്വേഷണം ആരംഭിക്കുന്നത്. കൗമാരപ്രായക്കാരനാണെന്ന് പറഞ്ഞ് പറ്റിച്ചാണ് ഇയാള്‍ കുട്ടികളോട് അടുത്ത ശേഷം അവരെ പീഡിപ്പിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും. അന്വേഷണത്തില്‍ വ്യക്തമായത് പ്രായപൂര്‍ത്തിയാവാത്ത 19 കുട്ടികളെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ന്നു. എന്നാല്‍ മൂന്ന് പേരെ പീഡിപ്പിച്ചെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
കുട്ടികളുടെ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ക്ക് കാണിച്ചു കൊടുക്കുമെന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞ് സായ് കുമാര്‍ ഇരകളെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ജില്ലാ ജഡ്ജ് ചാള്‍സ് ഗുഡ്വിനാണ് 420 മാസം പ്രതിക്ക് ജയില്‍ ശിക്ഷ വിധിച്ചത്. പ്രതി കുട്ടികളിലുണ്ടാക്കിയ ശരീരികവും മാനസികവുമായ പീഡനം അവരേയും മാതാപിതാക്കളേയും ജീവിതത്തിലുടനീളം വേട്ടയാടാന്‍ സാധ്യതയുള്ളതാണെന്നും ഈ നീണ്ട ശിക്ഷയിലൂടെ പ്രതിയിലും ആ ആഘാതം ഉണ്ടാകുമെന്നും വിചാരണക്കിടെ ജഡ്ജി പറഞ്ഞു.