ജാപ്പനീസ് വാഹന ബ്രാൻഡായ സുസുകിയുടെ ജനപ്രിയ എസ്‍യുിവയാണ് ജിംനി. ലോകമെമ്പാടും ഏറെ ആരാധകരുള്ള ഈ വാഹനത്തിന്‍റെ രൂപത്തിൽ ഒരു ഇരുചക്ര വാഹനം എത്തുന്നതൊന്ന് ആലോചിച്ച് നോക്കൂ. അത്തരമൊരു വാർത്തയുടെ കൌതുകത്തിലായിരുന്നു കഴിഞ്ഞ ദിവസം ജിംനി ഫാൻസ്. കഴിഞ്ഞ ദിവസം ആസ്ട്രേലിയയിൽ സുസുകി ന
നടത്തിയ അതിശയകരമായ പ്രഖ്യാനമാണ് വൈറലായത്. ജിംനിയെ മാതൃകയാക്കി അതേ രൂപത്തിൽ ‘സ്‌ലിംനി’ എന്ന പേരിൽ ഇരുചക്രവാഹനം ഇറക്കുകയാണെന്നായിരുന്നു പ്രഖ്യാപനം.
‘സുസുകി സ്‌ലിംനിയെ ഞങ്ങൾ അവതരിപ്പിക്കുകയാണ്. ലോകത്തെ ആദ്യ ഫോർവീൽ ഡ്രൈവ് ഇരുചക്രവാഹനമാണിത്. ഒതുക്കമുള്ളതും ശേഷിയേറിയതുമായ ഈ വാഹനം സുസുകി മോട്ടോർസൈക്കിൾസിന്‍റെയും സുസുകി ഓട്ടോമൊബൈൽസിന്‍റെയും ആദ്യ പങ്കാളിത്ത സംരംഭം കൂടിയാണ്. ജിംനിയുടെ അതേ രൂപത്തിൽ, അത്ര വീതിയില്ലാതെയാണ് സ്‌ലിംനി വരുന്നത്. എവിടെയൊക്കെ പോകണമെന്ന് ആഗ്രഹിക്കുന്നോ അതിലൂടെയൊക്കെ സ്‌ലിംനി പോകും’ -ഇതായിരുന്നു സുസുകിയുടെ പോസ്റ്റ്.
പോസ്റ്റ് വൈറലായതോടെ ജിംനി ആരാധകർ കയ്യടിയുമായി രംഗത്തെത്തി. എന്നാൽ പിന്നീട്, പോസ്റ്റിന് കീഴെ സുസുകി നൽകിയ ഹാഷ്‍ടാഗ് ശ്രദ്ധിച്ചതോടെയാണ് സംഭവം തെളിഞ്ഞത്. സുസുക്കിയുടെ ഒരു ഏപ്രിൽ ഫൂൾ തമാശയായിരുന്നു അത്. സുസുകിയെ പോലെയൊരു വൻകിട കാർ നിർമാതാക്കളിൽ നിന്ന് ഇതുപോലൊരു കുസൃതി പ്രതീക്ഷിക്കാതിരുന്നതിനാൽ ഏപ്രിൽ ഫൂൾ പോസ്റ്റ് പലർക്കും കൗതുകമായി.
സുസുക്കി ഇത് വികസിപ്പിക്കാൻ മുന്നോട്ട് പോയാൽ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ അത് വാങ്ങുമെന്ന് നിരവധി ഉപഭോക്താക്കൾ അവകാശപ്പെട്ടു. ഇതൊരു ഏപ്രിൽ ഫൂൾ തമാശയാണെന്നത് ലജ്ജാകരമാണെന്നും ശരിക്കും ഇങ്ങനെ സംഭവിച്ചാൽ ഞാൻ ഒന്ന് വാങ്ങുമായിരുന്നു എന്നത് ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയർന്നുവന്നു.
അതേസമയം സുസുകി ഇത് ആദ്യമായല്ല ഏപ്രിൽ ഫൂളുമായി വരുന്നത്. കഴിഞ്ഞ വർഷം സുസുകി സൗത്ത് ആഫ്രിക്കയുടെ ഏപ്രിൽ ഫൂൾ തമാശ പക്ഷേ, പിടിവിട്ട് വേറെ ലെവലിലേക്ക് പോയിരുന്നു. അന്നും ജിംനിയെ വെച്ച് തന്നെയായിരുന്നു തമാശ. ‘ജിംനി ബാക്കീ’ എന്ന പേരിൽ ജിംനിക്ക് പിക്കപ്പ് ഇറക്കാൻ പോകുന്നുവെന്നായിരുന്നു 2024 ഏപ്രിൽ ഒന്നിലെ പോസ്റ്റ്. ഈ പോസ്റ്റ് വൈറലായി എന്ന് മാത്രമല്ല, ആളുകൾ ബുക്കിംഗ് വിവരങ്ങൾ ആവശ്യപ്പെട്ട് ഡീലർമാരെ വിളിക്കാനും തുടങ്ങി. പിന്നാലെയാണ്, ഇതൊരു എപ്രിൽ ഫൂൾ പോസ്റ്റായിരുന്നു എന്ന് അന്ന് സുസുക്കി വെളിപ്പെടുത്തിയത്.