ചാമ്പ്യന്‍സ് ട്രോഫി തഴയല്‍ തളര്‍ത്തിയില്ല; വിസ്‌മയ തിരിച്ചുവരവുമായി മുഹമ്മദ് സിറാജ്
ബെംഗളൂരു: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് തഴയപ്പെട്ട താരം. പേസര്‍ എന്ന നിലയില്‍ ആദ്യ ഓവറുകളിലെ ഇംപാക്ടിനെ ചൊല്ലി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്നെ സംശയം പ്രകടിപ്പിച്ച കളിക്കാരന്‍. എന്നാലാ താരം ഐപിഎല്‍ 2025 സീസണില്‍, മറ്റൊരു കുപ്പായത്തില്‍, തന്‍റെ പഴയ തട്ടകമായ ചിന്നസ്വാമിയിലേക്കുള്ള ആദ്യ മടങ്ങിവരവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ എറിഞ്ഞ് വിറപ്പിച്ച് മത്സരത്തിലെ താരമായി. മറ്റാരുമല്ല, ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് സിറാജ്.
നീണ്ട ഏഴ് വര്‍ഷക്കാലം മുഹമ്മദ് സിറാജ് കളിച്ച ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. 2018 മുതല്‍ ഐപിഎല്ലില്‍ സിറാജിന്‍റെ മേല്‍വിലാസം ബെംഗളൂരു എന്നായിരുന്നു. എന്നാല്‍ ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ സിറാജിനെ ആര്‍സിബി കൈവിട്ടു. ഒടുവില്‍ 12.25 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് ലേലത്തില്‍ സിറാജിനെ സ്വന്തമാക്കുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബൗളിംഗ് തെരഞ്ഞെടുത്തപ്പോള്‍ പേസര്‍ മുഹമ്മദ് സിറാജ് ഒട്ടും നിരാശപ്പെടുത്തിയില്ല. ആർസിബി ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്‌ദത്ത് പടിക്കല്‍ ക്ലീന്‍ ബൗണ്‍ഡ്. അടുത്ത വരവില്‍ അഞ്ചാം ഓവറിലെ നാലാം പന്തില്‍ ഫില്‍ സാള്‍ട്ടും ക്ലീന്‍. ഇന്നിംഗ്സ് തീരാനിരിക്കേ 19-ാം ഓവറിലെ രണ്ടാം പന്തില്‍ അര്‍ധസെഞ്ചുറിക്കാരന്‍ ലിയാം ലിവിങ്സ്റ്റണിനും സിറാജ് വക മടക്ക ടിക്കറ്റ്. നാലോവറില്‍ വെറും 19 റണ്‍സിന് മൂന്ന് വിക്കറ്റുമായി സിറാജിന്‍റെ ഉഗ്രന്‍ പ്രകടനം. മത്സരം ഗുജറാത്ത് എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍, ആര്‍സിബിയെ 169 റണ്‍സിലൊതുക്കിയ മികവിന് സിറാജിനെ തേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമെത്തി.
‘ഏഴ് വര്‍ഷം ഞാന്‍ ഹോം ഗ്രൗണ്ടായി കളിച്ച ചിന്നസ്വാമിയില്‍ വീണ്ടും ഇറങ്ങുന്നത് വൈകാരിക നിമിഷമാണ്. അതിന്‍റെ ചെറിയ വിറയലുണ്ടായിരുന്നു. എന്നാല്‍ പന്ത് കൈയിലെടുത്തതും ഞാന്‍ ചാര്‍ജായി’- ചിന്നസ്വാമിയി സ്റ്റേഡിയത്തിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് മത്സരശേഷം മുഹമ്മദ് സിറാജിന്‍റെ വാക്കുകള്‍ ഇങ്ങനെ.
ചുരുക്കം മാസങ്ങള്‍ മുമ്പ് ഇതായിരുന്നില്ല മുഹമ്മദ് സിറാജിന്‍റെ അവസ്ഥ. ചാമ്പ്യന്‍സ് ട്രോഫി സ്ക്വാഡില്‍ നിന്നും താരം പുറത്തായി. നേരത്തെ സൂചിപ്പിച്ചതുപോലെ, ന്യൂബോളില്‍ മുഹമ്മദ് സിറാജ് അത്ര പോരാ എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രാജ്യാന്തര ഇടവേള തിരിച്ചുവരവിനുള്ള അവസരമാക്കി സിറാജ് മാറ്റി. സിറാജ് തന്‍റെ ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധിച്ചു, ഫിറ്റ്നസ് മെച്ചപ്പെടുത്തി. ഗുജറാത്ത് ടൈറ്റന്‍സ് ക്യാംപില്‍ എത്തിയതോടെ മുഖ്യ കോച്ച് ആശിഷ് നെഹ്‌റയില്‍ നിന്ന് പുത്തന്‍ തന്ത്രങ്ങള്‍ പഠിച്ചു. ഓരോ പന്തും ആസ്വദിച്ച് എറിയാനുള്ള നെഹ്‌റയുടെ ഉപദേശം സിറാജ് ശിരസാല്‍ സ്വീകരിച്ചു.
ഐപിഎല്‍ 2025ല്‍ പഞ്ചാബ് കിംഗ്സിനെതിരെ 54 റണ്‍സ് വഴങ്ങിയെങ്കിലും മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടും ആര്‍സിബിക്കെതിരെ മൂന്നും വിക്കറ്റുമായി മികച്ച തുടക്കമാണ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ മുഹമ്മദ് സിറാജ് നേടിയിരിക്കുന്നത്. ഏപ്രില്‍ ഏഴിന് ഹൈദരാബാദില്‍ സണ്‍റൈസേഴ്സിന് എതിരെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ അടുത്ത മത്സരം. ടൈറ്റന്‍സിനായി സിറാജ് വരും മത്സരങ്ങളിലും തിളങ്ങുമെന്ന് കരുതാം.
Read more: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വി; മോശം ഐപിഎല്‍ റെക്കോര്‍ഡ് പേരിലായി ആര്‍സിബി