ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വി; മോശം ഐപിഎല്‍ റെക്കോര്‍ഡ് പേരിലായി ആര്‍സിബി

ബെംഗളൂരു: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ആദ്യമായി പരാജയം രുചിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ആര്‍സിബി തോറ്റത്. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടായിരുന്നു ബെംഗളൂരുവിന്‍റെ തോല്‍വി. ആര്‍സിബിയുടെ 169 റണ്‍സ് ഗുജറാത്ത് ടൈറ്റന്‍സ് 13 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. 

ഇതോടെയൊരു മോശം റെക്കോര്‍ഡ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ പേരിലായി. ഐപിഎല്ലില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോറ്റ കണക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ആര്‍സിബി ഇടംപിടിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 82 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 44 എണ്ണത്തില്‍ തോറ്റു.  അതേസമയം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലെ 92ല്‍ 44 കളികളിലും പരാജയം രുചിച്ചു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 89ല്‍ 37 മത്സരങ്ങള്‍ പരാജയപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് പട്ടികയില്‍ മൂന്നാമത്. 

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്നലെ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ഗുജറാത്ത് ടൈറ്റൻസ് എട്ട് വിക്കറ്റിന് ബെംഗളൂരുവിനെ തോൽപിച്ചു. ആർസിബിയുടെ 169 റൺസ് ഗുജറാത്ത് 13 പന്ത് ശേഷിക്കേ ടൈറ്റന്‍സ് മറികടന്നു. നായകന്‍ ശുഭ്മാന്‍ ഗില്‍ 14 റണ്‍സില്‍ മടങ്ങിയപ്പോള്‍ സഹ ഓപ്പണര്‍ സായ് സുദര്‍ശന്‍ (36 പന്തുകളില്‍ 49), വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ (39 പന്തില്‍ 73*), ഷെര്‍ഫേന്‍ റൂത്തര്‍ഫോഡ് (18 പന്തില്‍ 30*) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഗുജറാത്ത് ടൈറ്റന്‍സിന് അനായായ ജയമൊരുക്കിയത്. ബട്‌ലര്‍ ആറ് സിക്സറുകളും അഞ്ച് ഫോറുകളും നേടി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിനാണ് 169ലെത്തിയത്. 19 റണ്‍സിന് മൂന്ന് വിക്കറ്റുമായി പേസര്‍ മുഹമ്മദ് സിറാജും 22ന് രണ്ട് പേരെ മടക്കി സ്പിന്നര്‍ സായ് കിഷോറുമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒതുക്കിയത്. ഫിലിപ് സാള്‍ട്ടും (14), വിരാട് കോലിയും (7), ദേവ്‌ദത്ത് പടിക്കലും (4) കുഞ്ഞന്‍ സ്കോറില്‍ പുറത്തായപ്പോള്‍ ലിയാം ലിവിംഗ്സ്റ്റണ്‍ (54), ജിതേഷ് ശര്‍മ്മ (33), ടിം ഡേവിഡ് (32) എന്നിവരുടെ ഇന്നിംഗ്സുകളാണ് ആര്‍സിബിയെ മെച്ചപ്പെട്ട സ്കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് സിറാജ് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

Read more: ഐപിഎല്‍: ചിന്നസാമിയില്‍ ഹീറോ ആയി ജോസേട്ടൻ, ആര്‍സിബിയെ വീഴ്ത്തി ഗുജറാത്ത്, 8 വിക്കറ്റ് ജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin