കൊല്‍ക്കത്തയില്‍ വെങ്കി, രഘുവന്‍ഷിക്കും അര്‍ധ സെഞ്ചുറി! ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 201 റണ്‍സ് വിജയലക്ഷ്യം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയരെ വെങ്കടേഷ് അയ്യര്‍ (29 പന്തില്‍ 60), ആംഗ്കൃഷ് രഘുവന്‍ഷി (32 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. റിങ്കു സിംഗ് (17 പന്തില്‍ പുറത്താവാതെ 32), അജിന്‍ക്യ രഹാനെ (38) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. നേരത്തെ, ടോസ് നേടിയ ഹൈദരബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. കാമിന്ദു മെന്‍ഡിസ് ഐപിഎല്‍ അരങ്ങേറ്റം കുറിക്കും. സിമാര്‍ജീത് സിംഗ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. സ്‌പെന്‍സണ്‍ ജോണ്‍സണ് പകരം മൊയീന്‍ അലി ടീമിലെത്തി.
മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക്. പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. കമ്മിന്‍സിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ക്വിന്റണ്‍ ഡി കോക്ക് (1) സീഷന്‍ അന്‍സാരിക്ക്് ക്യാച്ച് നല്‍കി മടങ്ങി. തൊട്ടടുത്ത ഓവറില്‍ സഹ ഓപ്പണര്‍ സുനില്‍ നരെയ്‌നും (7) പവലിയനില്‍ തിരിച്ചെത്തി. മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന് ക്യാച്ച് നല്‍കുകയായിരുന്നു നരെയ്ന്‍. തുടര്‍ന്ന് രഹാനെ – രഘുവന്‍ശി സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. രഹാനെയെ അന്‍സാരി മടക്കി. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രഘുവന്‍ഷിയും മടങ്ങി. രണ്ട് സിക്‌സും അഞ്ച് ഫോറും താരം നേടി. കാമിന്ദു മെന്‍ഡിസിന്റെ പന്തില്‍ ഹര്‍ഷല്‍ പട്ടേലിന് ക്യാച്ച്.
തുടര്‍ന്ന് അയ്യര്‍ – റിങ്കു സഖ്യം കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 29 പന്തുകള്‍ മാത്രം നേരിട്ട അയ്യര്‍ മൂന്ന് സിക്‌സും ഏഴ് ഫോറും നേടി. അവസാന ഓവറിലാണ് താരം മടങ്ങുന്നത്. റിങ്കുവിനൊപ്പം 91 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കാന്‍ അയ്യര്‍ക്ക് സാധിച്ചു. ആന്ദ്രേ റസ്സല്‍ (1) അവസാന പന്തില്‍ പുറത്തായി. ഒരു സിക്‌സും നാല് ഫോറും നേടിയ റിങ്കു പുറത്താവാതെ നിന്നു.
ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, അങ്ക്കൃഷ് രഘുവംശി, മൊയിന്‍ അലി, ആന്ദ്രെ റസല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രമണ്‍ദീപ് സിംഗ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), കമിന്ദു മെന്‍ഡിസ്, സിമര്‍ജീത് സിംഗ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി.