സ്വന്തം ദ്വീപ് തുറന്ന് ബിയർ ബ്രാൻഡായ കൊറോണ. 2021ൽ ലോഞ്ച് ചെയ്ത കൊറോണ ദ്വീപ് പ്രൈവറ്റ് ഗസ്റ്റുകൾക്ക് വേണ്ടി മാത്രമായിരുന്നു തുറന്നിരുന്നത്. ഇപ്പോൾ ഈ ദ്വീപിലേയ്ക്ക് പൊതുജനങ്ങളെ മുഴുവൻ സ്വാഗതം ചെയ്യുകയാണ് കൊറോണ. കൊളംബിയയിലെ റൊസാരിയോ ദ്വീപസമൂഹത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
മുമ്പ് പ്രൈവറ്റ് ഗസ്റ്റുകൾക്ക് മാത്രം റിസർവ് ചെയ്തിരുന്ന ഈ ദ്വീപ് ഇപ്പോൾ എയർബിൻഎൻബി, എക്സ്പീഡിയ, ബുക്കിംഗ്.കോം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ബുക്ക് ചെയ്യാൻ കഴിയും. ഇവിടെയെത്തുന്ന സന്ദർശകർക്ക് അതിമനോഹരമായ ഇക്കോ-ടൂറിസം എക്സ്പീരിയൻസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കാർട്ടജീനയിൽ നിന്ന് ബോട്ടിൽ 45 മിനിറ്റ് സഞ്ചരിച്ച് വേണം ഈ ദ്വീപിലെത്താൻ. ആഡംബരത്തിന് ഒട്ടും കുറവില്ലാത്ത രീതിയിലാണ് ഇവിടെയെല്ലാം സജ്ജീകരിച്ചിരിക്കുന്നത്.
ഓഷ്യാനിക് ഗ്ലോബലിന്റെ ത്രീ-സ്റ്റാർ ബ്ലൂ സീൽ സർട്ടിഫിക്കേഷൻ നേടിയ കൊറോണ ദ്വീപ്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഇല്ലാത്ത ആദ്യത്തെ ആഗോള അംഗീകൃത ദ്വീപ് എന്ന വിശേഷണം സ്വന്തമാക്കി കഴിഞ്ഞു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഊർജ്ജ സംവിധാനങ്ങൾ, തദ്ദേശീയമായ സസ്യജാലങ്ങൾ, പരമ്പരാഗതമായ ആർക്കിടെക്ചർ എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്. ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുന്നു എന്ന സന്ദേശമാണ് കമ്പനി മുന്നോട്ടുവെയ്ക്കുന്നത്.
പരിസ്ഥിതി സംരക്ഷണം, നേച്ചർ ടൂറിസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടൂറിസത്തെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ദ്വീപിന്റെ ലക്ഷ്യം. കണ്ടൽക്കാടുകൾ നടൽ, യോഗ സെഷനുകൾ, കയാക്കിംഗ്, സ്റ്റാൻഡ്-അപ്പ് പാഡിൽബോർഡിംഗ് എന്നിവയിൽ സന്ദർശകർക്ക് പങ്കെടുക്കാനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവയിലൂടെ പ്രാദേശിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് സന്ദർശകർ തന്നെ സംഭാവന നൽകുന്നു. ഇതുവഴി പരിസ്ഥിതി അവബോധം വളർത്തുകയെന്ന ഉദ്ദേശ്യവുമുണ്ട്.
കൊറോണ ദ്വീപിലെത്തുന്ന സന്ദർശകർക്ക് താമസിക്കാൻ രണ്ട് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ഒന്ന് ഒരു ഡേ പാസ്, അല്ലെങ്കിൽ രാത്രിയിലെ താമസ സൗകര്യം. ഡേ പാസുകൾക്ക് ഏകദേശം COP 672,269 (ഏകദേശം 13,870 രൂപ) ചിലവാകും. കാർട്ടജീനയിൽ നിന്നുള്ള റൗണ്ട് ട്രിപ്പ് ബോട്ട് യാത്രയും ഇതിൽ ഉൾപ്പെടുന്നു. പ്രൈവറ്റ് കടൽത്തീര ബംഗ്ലാവുകളിൽ രണ്ട് പേർക്ക് രാത്രി താമസം COP 2,016,000 (ഏകദേശം 41,596 രൂപ) മുതൽ ആരംഭിക്കുന്നു.
ഈ പാക്കേജുകളിൽ പാസ് സൗകര്യങ്ങൾ, ദൈനംദിന ഭക്ഷണം, സ്പാ ആക്‌സസ്, സ്‌നോർക്കലിംഗ് ഉപകരണങ്ങൾ, ഇക്കോ-ടൂറിസം ആക്ടിവിറ്റീസ് എന്നിവ ഉൾപ്പെടുന്നു. പ്രാദേശികമായ ചേരുവകളും നാടൻ പഴങ്ങൾ കൊണ്ട് നിർമ്മിച്ച ബേക്ക് ചെയ്ത വിഭവങ്ങളുമാണ് ദ്വീപിലെ പ്രധാന ഭക്ഷണങ്ങൾ. കൊറോണ വാഗ്ദാനം ചെയ്യുന്ന അൺലിമിറ്റഡ് ഫ്രീ ബിയറിനൊപ്പം അതിഥികൾക്ക് ഇവിടുത്തെ രുചികൾ ആസ്വദിക്കാം. അന്താരാഷ്ട്ര ആർക്കിടെക്ചർ കമ്പനിയായ ജെയിംസ് & മൗ, കൊളംബിയൻ ആർക്കിടെക്ടായ ജെയ്‌റോ മാർക്വേസുമായി സഹകരിച്ചാണ് ദ്വീപ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
READ MORE: ഇനി മെല്ലെപ്പോക്ക് ഇല്ല, യാത്രക്കാർക്ക് കോളടിച്ചു; കേരളത്തിൽ ട്രെയിനുകൾക്ക് വേഗത കൂടും