കെഎസ്ആർടിസി ബസായതിനാൽ ആരും സംശയിക്കില്ലെന്ന് കരുതി, പക്ഷേ കൊല്ലം ആര്യങ്കാവിലെ എക്സൈസ് പരിശോധനയിൽ പിടിവീണു

കൊല്ലം: കൊല്ലം ആര്യങ്കാവിൽ കെ എസ് ആർ ടി സി ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ യാത്രക്കാരനിൽ നിന്നും 2.19 കിലോ കഞ്ചാവാണ് പിടികൂടിയത്.  കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന ഏരൂർ സ്വദേശി സഞ്ജീവ് കുമാറാണ് കഞ്ചാവ് കടത്തിയത്. പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് എക്സൈസ് പറയുന്നതിങ്ങനെ

ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറും സംഘവും നടത്തിയ വാഹന പരിശോധനയിൽ KL15 A 1823 നമ്പർ തെങ്കാശി – തിരുവനന്തപുരം കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനായ പുനലൂർ താലൂക്കിൽ ഏരൂർ വില്ലേജിൽ പാണയം മുറിയിൽ സരസ്വതി വിലാസത്തിൽ ജനാർദ്ദനൻ മകൻ സജീവ് കുമാർ (45 വയസ്സ്) എന്ന ആളിൽ നിന്നും 2.190 kg കഞ്ചാവ് കണ്ടെടുത്തിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ എൻ ഡി പി എസ് കേസെടുക്കുകയും ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷിബു പാപ്പച്ചൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രേം നസീർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ്  സജീവ് കുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് സന്ദീപ് കുമാർ , സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin