കാർ വാങ്ങാൻ പോകുന്നവർക്കൊരു ഹാപ്പി ന്യൂസ്, വരുന്നത് 6 പുതിയ നിസാൻ കാറുകൾ!
ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ മോട്ടോർ കമ്പനി ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഉൽപ്പന്ന തന്ത്രം പ്രഖ്യാപിച്ചു. ആറ് പുതിയ മോഡലുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ പുതിയ നീക്കത്തിൽ ഉൾപ്പെടുന്നു. രണ്ട് സി-സെഗ്മെന്റ് എസ്‌യുവികൾ, ഒരു ബി-സെഗ്മെന്റ് എസ്‌യുവി, ഒരു ഇലക്ട്രിക് കാർ, പുതിയ മാഗ്നൈറ്റ് വകഭേദങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിക്കായി, ജാപ്പനീസ് വാഹന നിർമ്മാതാവ് ഉൽപ്പന്ന വികസനം, വിപണനം, ഉത്പാദനം, വിൽപ്പന ശൃംഖല വികസിപ്പിക്കൽ എന്നിവയിൽ 700 മില്യൺ യൂറോ നിക്ഷേപിക്കും. 2026 ആകുമ്പോഴേക്കും വിൽപ്പന അളവ് രണ്ട് ലക്ഷം യൂണിറ്റായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. 2025 സാമ്പത്തിക വർഷത്തിൽ, നിസാൻ മൊത്തം 99,000 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഇതിൽ 28,000 ആഭ്യന്തര വിൽപ്പനയും 71,000 കയറ്റുമതിയും ഉൾപ്പെടുന്നു.
അടുത്തിടെ സംയുക്ത സംരംഭമായ റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ (RNAIPL) നിസാന്റെ 51 ശതമാനം ഓഹരികൾ റെനോ വാങ്ങി. ഇപ്പോൾ, ഫ്രഞ്ച് വാഹന നിർമ്മാതാക്കളാണ് റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഉടമസ്ഥാവകാശം വഹിക്കുന്നത്. എങ്കിലും, കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് കാർ നിർമ്മാതാക്കളും തമ്മിലുള്ള നിലവിലെ പദ്ധതികൾ പ്രവർത്തനക്ഷമമായി തുടരും. കൂടാതെ വരും വർഷങ്ങളിൽ ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി കാറുകൾ സോഴ്‌സ് ചെയ്യുന്നതിന് നിസാൻ റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉപയോഗിക്കുന്നത് തുടരും.
വരാനിരിക്കുന്ന നിസാൻ കാറുകൾ/എസ്‌യുവികൾ:
മൂന്നാം തലമുറ റെനോ ഡസ്റ്ററിന്റെയും ഡസ്റ്ററിന്റെയും 7 സീറ്റർ എസ്‌യുവികളുടെ റീ ബാഡ്‍ജ് ചെയ്‍ത പതിപ്പ് ജാപ്പനീസ് കാർ നിർമ്മാതാവ് അവതരിപ്പിക്കും. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഒരു സബ്‌കോംപാക്റ്റ് എംപിവിയും റെനോ ക്വിഡ് ഇവിയെ അടിസ്ഥാനമാക്കിയുള്ള ഒരു എ-സെഗ്മെന്റ് ഇലക്ട്രിക് കാറും ഈ ശ്രേണിയിൽ ഉൾപ്പെടും.
പുതിയ നിസാൻ മിഡ്‌സൈസ് എസ്‌യുവിയും അതിന്റെ മൂന്ന്-വരി പതിപ്പും റെനോയുടെ എതിരാളികളിൽ നിന്ന് തികച്ചും വ്യത്യസ്‍തമായ ഡിസൈൻ ഭാഷയായിരിക്കും. ആദ്യത്തേത് 2026 സാമ്പത്തിക വർഷത്തിൽ എത്തും. തുടർന്ന് 7 സീറ്റർ എസ്‌യുവിയും എത്തും. രണ്ട് മോഡലുകളും 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി വരാൻ സാധ്യതയുണ്ട്.
നിസാന്‍റെ ട്രൈബർ അധിഷ്‍ഠിത എംപിവി വരും മാസങ്ങളിൽ നിരത്തുകളിൽ എത്തും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, സിഗ്നേച്ചർ ഗ്രിൽ, സിൽവർ റാപ്പറൗണ്ട് ട്രീറ്റ്‌മെന്റുള്ള ഫ്രണ്ട് ബമ്പർ, ടൈബർ-പ്രചോദിത പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ, ഫങ്ഷണൽ റൂഫ് റെയിലുകൾ തുടങ്ങിയവ കാണിക്കുന്ന ടീസർ ചിത്രങ്ങൾ കമ്പനി പുറത്തിറക്കി.