കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങൾ നഷ്ടപ്പെട്ടു, അസോസിയേറ്റ് മോശമായി പെരുമാറി; വെളിപ്പെടുത്തി അമൃത നായർ
കുടുംബവിളക്കിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഇപ്പോള്‍ ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. നിരവധി ഷോകളിലും സീരിയലുകളിലും വെബ് സീരിസിലുമെല്ലാം അമൃത ഇതിനകം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലുമായും താരം സജീവമാണ്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ടുള്ള അമൃതയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ആദ്യകാലത്ത്, കാണാൻ ഭംഗിയില്ലെന്നു പറഞ്ഞ് തനിക്ക് അവസരങ്ങൾ പോലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അമൃത പറയുന്നു.
”കാണാന്‍ ഭംഗിയില്ലെന്നും ക്യാമറയില്‍ കാണുമ്പോള്‍ സൗന്ദര്യം കുറവാണെന്നും പറഞ്ഞ് എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് സ്കിൻ കെയർ ഒക്കെ ചെയ്യാൻ തുടങ്ങിയപ്പോളാണ് എനിക്ക് കുറച്ച് മാറ്റം വന്നത്”, ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമൃത പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ ഒരു അസോസിയേറ്റ് ഡയറക്ടറിൽ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ചും താരം സംസാരിച്ചു.
”ഇന്‍ഡസ്ട്രിയിലേക്ക് വന്ന ആദ്യകാലത്ത് ഒരു അസോസിയേറ്റ് ഡയറക്ടർ മോശമായി സംസാരിച്ചിട്ടുണ്ട്. ലൊക്കേഷന്‍ എന്താണെന്നോ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് എങ്ങോട്ട് തിരിയണം, എങ്ങോട്ട് നോക്കണം എന്നൊന്നും അറിയില്ല. എനിക്കൊപ്പം ഒന്ന് രണ്ട് വലിയ ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ വെച്ചാണ് സംഭവം. ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞാന്‍ ചിരിക്കുകയോ മറ്റോ ചെയ്തു. അതുകണ്ട് അസോസിയേറ്റ് വളരെ മോശമായി എന്നോട് സംസാരിച്ചു. ഉപയോഗിക്കാന്‍ പാടില്ലാത്ത മോശം വാക്കാണ് അദ്ദേഹം പ്രയോഗിച്ചത്. അന്നെനിക്ക് ഇരുപത് വയസേ ഉള്ളൂ. ആ ക്രൂവിന്റെ മുന്നില്‍വെച്ചാണ് എന്നോട് പെരുമാറിയത്. അതായിരുന്നു ഈ രംഗത്ത് എന്റെ ആദ്യത്തെ മോശം അനുഭവം. ആറേഴ് മാസം മുന്‍പ് ഞാന്‍ അദ്ദേഹത്തെ വീണ്ടും കണ്ടിരുന്നു. സംസാരിച്ചൊന്നുമില്ല, ചിലപ്പോൾ എന്നെ മനസിലാവാത്തത് കൊണ്ടായിരിക്കും”, അമൃത കൂട്ടിച്ചേർത്തു.