ഫിറ്റ്നസിന്‍റെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന താരമാണ് ബോളിവുഡിന്‍റെ സ്വന്തം ‘ബെബോ’. ചര്‍മ്മ ചികിത്സയ്ക്കും ബോട്ടോക്‌സിനും പ്രധാന്യം നല്‍കുന്നതിന് പകരം പ്രായമായാലും എല്ലാ ജോലികളും സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു ഫിറ്റ്‌നസാണ് തന്റെ ലക്ഷ്യമെന്നും കരീന കപൂര്‍ അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ പറഞ്ഞു. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ഋതുജ ദിവേക്കറിന്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു കരീന ഫിറ്റ്നസ് കാഴ്ചപ്പാടുകളെ കുറിച്ച് പറഞ്ഞത്.
85-ാം വയസിലും ജോലി ചെയ്യാനും ആരുടെയും പിന്തുണയില്ലാതെ പേരക്കുട്ടികളെ എടുത്ത് നടക്കാനും കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും കരീന പറഞ്ഞു. ‘വയസ് എന്നത് ഒരു നമ്പര്‍ മാത്രമാണ്. വാര്‍ദ്ധക്യം കൊണ്ടുവരുന്ന എന്തും സഹിക്കാന്‍ ഞാന്‍ എപ്പോഴും ഫിറ്റ് ആയിരിക്കണം എന്നൊരു കാര്യം മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. 70-75 വയസ്സുകളില്‍ സെറ്റുകളിലേക്ക് പോകേണ്ടി വന്നാലും എനിക്ക് ചെയ്യേണ്ട കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയണം. 85 വയസ് വരെ ജോലി ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജീവിത കാലം മുഴുവന്‍ സ്വന്തം കാര്യം ചെയ്യാന്‍ സാധിക്കണം. ആരെയും ആശ്രയിക്കാതെ എന്റെ കൊച്ചുമക്കളെ എനിക്ക് എടുക്കാന്‍ സാധിക്കണം. ഒരു ഊന്നുവടിയെ പോലും ആശ്രയിക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയണം. എനിക്ക് നന്നായി ഭക്ഷണം കഴിക്കണം, വ്യായാമം ചെയ്യാന്‍ കഴിയണം. എന്റെ രൂപഭാവമല്ല പ്രധാനം, ആരോഗ്യമാണ് പ്രധാനം’ – കരീന പറഞ്ഞു.
നെയ്യ്, കിച്ചടി തുടങ്ങിയ തന്‍റെ പ്രിയപ്പെട്ടതും ലളിതവും ആരോഗ്യകരവുമായ ഭക്ഷണങ്ങള്‍ കഴിക്കുക. അല്‍പ്പം വ്യായാമം ചെയ്യുക എന്നിവയാണ് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ താന്‍ ചെയ്യുന്നതെന്നും കരീന പറഞ്ഞു. ‘സ്‌കിന്‍ ട്രീറ്റ്‌മെന്റും ബോട്ടോക്‌സും ചെയ്യുന്നതിനുപകരം വ്യായാമം, കുറച്ച് നടത്തം, സൂര്യ നമസ്‌കാരം, സ്വന്തമായി ചെറിയ ജോലികള്‍ ചെയ്യുക’- കരീന കൂട്ടിച്ചേര്‍ത്തു. താന്‍ പൂര്‍ണ്ണ വെജിറ്റേറിയന്‍ ആണെന്നും കരീന വെളിപ്പെടുത്തിയിട്ടുണ്ട്.
Also read: ശരീരത്തിൽ അയണിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ഏഴ് ലക്ഷണങ്ങള്‍