‘ഒന്ന് പതുക്കെ പൊക്കൂടേ’, ചോദ്യം ഇഷ്ടപ്പെട്ടില്ല, ന്യൂ മാഹിയിൽ വൃക്ക രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദ്ദനം

മാഹി: കണ്ണൂർ ന്യൂ മാഹി പെരിങ്ങാടിയിൽ വൃക്ക രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് സ്‌കൂട്ടർ യാത്രികന്റെ ക്രൂര മർദ്ദനം. അമിതവേഗം ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. പെരിങ്ങാടി സ്വദേശി രാഗേഷിനാണ് മർദ്ദനമേറ്റത്.സ്കൂട്ടർ യാത്രക്കാരനായ മുഹമ്മദ് ഷബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരം 6.40 നായിരുന്നു ഓട്ടോ ഡ്രൈവർ രാജേഷിനെ സ്കൂട്ടർ യാത്രക്കാരനായ മുഹമ്മദ് ഷബിൻ മർദ്ദിച്ചത്. 

രാകേഷ് കുടുംബവുമൊത്ത് മാഹിയിലേക്ക് പോകും വഴി പെരിങ്ങാടിയിലെ റെയിൽവേ ഗേറ്റിന് സമീപത്തു നിന്നായിരുന്നു അതിക്രമം. അമിതവേഗത്തിൽ വണ്ടിയോടിച്ചത് രാകേഷ് ചോദ്യം ചെയ്തതാണ് മുഹമ്മദ് ഷബിനെ പ്രകോപിപ്പിച്ചത്. ഓട്ടോയിൽ ഞങ്ങൾ ഒരു സൈഡിലൂടെ പോകുമ്പോഴാണ് യുവാവ് പിന്നിൽ നിന്ന് അപകടകരമാ രീതിയിൽ എത്തിയത്. ഇത് കണ്ട് പതുക്കെ പൊയ്ക്കൂടെ എന്ന് ഭർത്താവ് ചോദിച്ചു. ഇതോടെ തെറിവിളിക്കുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നെന്ന് ഓട്ടോ ഡ്രൈവർ രാകേഷിന്‍റെ ഭാര്യ ഷിനിത പറഞ്ഞു.

ആക്രമണം കണ്ട് പിടിച്ചു മാറ്റാൻ എത്തിയ നാട്ടുകാരിൽ ഒരാളെയും ഷബിൻ മർദ്ദിച്ചു. ഓട്ടോയുടെ ചില്ലും അടിച്ച് തകർത്തിട്ടുണ്ട്. രണ്ടുവർഷത്തോളമായി വൃക്ക രോഗത്തെ തുടർന്നു ഡയാലിസിസ് ചെയ്തുവരികയാണ് രാകേഷ്. മർദ്ദനത്തിൽ നെഞ്ചിനും കഴുത്തിനും പരിക്കേറ്റ രാകേഷ് തലശ്ശേരി കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് ഷബിനെ ന്യൂമാഹി പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More : ഇണചേരൽ കാലം, രാജവെമ്പാലകൾ ജനവാസ മേഖലയിൽ; കണ്ണൂരിലെ മലയോര പ്രദേശത്ത് ഇന്നലെ മാത്രം പിടിയിലായത് 4 രാജവെമ്പാല!
 
 

By admin