ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; ‘ടീച്ചറമ്മ’യായി ശ്രീലക്ഷ്‍മി

സരസ്വതി എന്ന അധ്യാപികയുടെ കഥ പറയുന്ന ‘ടീച്ചറമ്മ’ എന്ന സീരിയൽ ഏപ്രിൽ 7 മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിക്കും. പ്രായം അൻപതുകളിലുള്ള ഒരു പ്രൈമറി സ്കൂൾ അധ്യാപികയുടെ കഥയാണ് സീരിയൽ പറയുന്നത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സുപരിചിതയായ ശ്രീലക്ഷ്മിയാണ് സരസ്വതിയായി എത്തുന്നത്.

കരിയറിൽ വിജയിച്ച, എന്നാൽ സ്വന്തം വീട്ടിൽ അവഗണന നേരിടുന്നയാളാണ് സരസ്വതി. മകൾ രാധയിൽ നിന്നും മകൻ മഹേഷിൽ നിന്നും പോലും തിക്താനുഭവങ്ങളാണ് സരസ്വതിക്ക് ലഭിക്കുന്നത്. ഇളയ മകൾ വീണ മാത്രമാണ് ആശ്വാസമായി എത്തുന്നത്. വീട്ടുജോലിയും അധ്യാപനവും ഒന്നിച്ചുകൊണ്ടുപോകുന്ന, മനസിൽ ഏറെ വിങ്ങലുകളുള്ള കഥാപാത്രമായാണ് ശ്രീലക്ഷ്മി സീരിയലിൽ എത്തുന്നത് എന്ന് പ്രൊമോയിൽ നിന്നു തന്നെ വ്യക്തമാകുന്നുണ്ട്.

റോഷ്ന തിയ്യത്ത്, അലീന സാജൻ, സുർജിത്ത് പുരോഹിത്, ശരത് ദാസ് എന്നിവരാണ് സീരിയലിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രീത, മുഹമ്മദ് ഷക്കീൽ എന്നിവർ ചേർന്നാലപിച്ച ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങും പുറത്തിറങ്ങിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടു മണിക്കായിരിക്കും സീരിയലിന്റെ സംപ്രേഷണം.

ഭൂതക്കണ്ണാടി എന്ന ഒരൊറ്റ സിനിമ മതി ശ്രീലക്ഷ്മി എന്ന നടിയെ മലയാളികൾ ഓർത്തിരിക്കാൻ. ലോഹിതദാസിന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ സിനിമയിൽ നായികാ വേഷം ചെയ്തത് ശ്രീലക്ഷ്മിയാണ്. 1997 ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഭൂതക്കണ്ണാടിയിലൂടെ ശ്രീലക്ഷ്മിയെ തേടിയെത്തി. സിനിമകൾക്കു പുറമേ സീരിയലുകളിലും സജീവമാണ് ശ്രീലക്ഷ്മി. 1997 ലും 2011 ലും മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും ശ്രീലക്ഷ്മിക്ക് ലഭിച്ചിട്ടുണ്ട്. കുറച്ചു നാളുകളായി ശ്രീലക്ഷ്മിയുടെ സോഷ്യൽ മീഡിയ ഫീഡിൽ ടീച്ചറമ്മയുടെ വിശേഷങ്ങളാണ്. സീരിയലിലെ മറ്റ് അഭിനേതാക്കളും ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നുണ്ട്.

ALSO READ : വിജയത്തുടര്‍ച്ചയ്ക്ക് ബേസില്‍; ‘മരണമാസ്സ്’ ട്രെയ്‍ലര്‍ എത്തി

By admin