ഈ സാല കപ്പ് ആരുടെ? ഐപിഎൽ പോയിന്റ് ടേബിളിലെ ടോപ് 3 ടീമുകൾ കപ്പടിക്കാത്തവർ!
18-ാം സീസൺ ഐപിഎല്ലിൽ ടീമുകൾ തമ്മിൽ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. 5 തവണ വീതം കിരീടം ചൂടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്ക് ഇത്തവണ കപ്പുയര്‍ത്താനാകുമോ? അതോ കൊൽക്കത്ത കീരീടം നിലനിര്‍ത്തുമോ? ഇതൊക്കെയാകും ക്രിക്കറ്റ് പ്രേമികളുടെ മനസിലുയരുന്ന പ്രധാന ചോദ്യങ്ങൾ. എന്നാൽ, 18-ാം സീസണിലും കപ്പ് എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന ചില ടീമുകളുണ്ട്. അവയിൽ വര്‍ഷങ്ങളുടെ കാത്തിരിപ്പ് തുടരുന്ന മൂന്ന് ടീമുകളാണ് നിലവിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എന്നതാണ് കൗതുകമുണര്‍ത്തുന്നത്. ഈ സാല കപ്പ് ഇവരിലാരെങ്കിലും തൂക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.
കിരീടം നേടാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ടീം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എന്ന് തന്നെ പറയാം. കാരണം, ഇന്ത്യയ്ക്ക് വേണ്ടി ഒട്ടുമിക്ക എല്ലാ കപ്പുകളും നേടിയ ടീമിന്‍റെ ഭാഗമായ വിരാട് കോലിയ്ക്ക് ഐപിഎൽ കിരീടം മാത്രമാണ് ഇപ്പോഴും അകന്നുനിൽക്കുന്നത്. മിന്നും താരങ്ങളെ ടീമിലെത്തിക്കുകയും ആരാധകര്‍ക്ക് നിരവധി മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന ടീമാണ് ആര്‍സിബി. ഇത്തവണ കപ്പ് നമ്മൾ നേടുമെന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും ഈ സീസണിൽ ആര്‍സിബി ലക്ഷ്യബോധത്തോടെയാണ് ഇറങ്ങുന്നതെന്ന് ഉറപ്പാണ്. രജത് പാട്ടീദാറിന് കീഴിൽ ആദ്യ രണ്ട് മത്സരങ്ങളിൽ തകര്‍പ്പൻ പ്രകടനമാണ് ആര്‍സിബി പുറത്തെടുത്തത്. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പരാജയപ്പെട്ട ടീം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ആദ്യ മത്സരങ്ങളിലേതിന് സമാനമായ രീതിയിൽ ടീം മികച്ച പ്രകടനം തുടര്‍ന്നാൽ കന്നിക്കിരീടമെന്ന കാത്തിരിപ്പ് 2025 ൽ അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
രണ്ട് കളികളിൽ രണ്ടിലും വിജയിച്ച് പഞ്ചാബ് കിംഗ്സു ഡൽഹി ക്യാപിറ്റൽസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്. ശ്രേയസ് അയ്യരുടെ വരവോടെ കഴിഞ്ഞ സീസണുകളിൽ കാണാത്ത തരത്തിലുള്ള പ്രകടനമാണ് പഞ്ചാബ് ഇത്തവണ പുറത്തെടുക്കുന്നത്. ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് ടീമിനെ മുന്നിൽ നിന്ന് മികച്ച രീതിയിലാണ് നയിക്കുന്നത്. രണ്ട് മത്സരങ്ങളിലും ശ്രേയസ് അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിൽക്കുകയും ചെയ്തു. അതേസമയം, അക്സര്‍ പട്ടേലിന് കീഴിലാണ് ഇത്തവണ ഡൽഹി ഇറങ്ങുന്നത്. കെ.എൽ രാഹുലിനെ ടീമിലെത്തിക്കാനും ഡൽഹിയ്ക്ക് കഴിഞ്ഞു. ഫാഫ് ഡുപ്ലസി, മിച്ചൽ സ്റ്റാര്‍ക്ക്, അശുതോഷ് ശര്‍മ്മ തുടങ്ങിയവര്‍ മിന്നും പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ സീസണിൽ ആര്‍സിബി, ഡൽഹി, പഞ്ചാബ് എന്നീ ടീമുകൾ മറ്റ് ടീമുകൾക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.