ഈ ജനപ്രിയ സെഡാന്‍റെ പഴയ മോഡലിന്‍റെ സ്റ്റോക്ക് ബാക്കി, വിറ്റുതീർക്കാൻ വില വെട്ടിക്കുറച്ച് കമ്പനി

ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ 2025 ഏപ്രിലിൽ തങ്ങളുടെ കാറുകൾക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ മാസം കമ്പനി ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ സെഡാനായ അമേസിന് 77,200 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്‍ദാനം ചെയ്യുന്നു. രണ്ടാം തലമുറ അമേസിനാണ് കമ്പനി വൻ കിഴിവുകൾ നൽകിയിരിക്കുന്നത്. എങ്കിലും, ഇത് S വേരിയന്റിന് മാത്രമാണ്. അമേസ് എസ് പെട്രോൾ മോഡലിന് ഏകദേശം 57,200 രൂപ കിഴിവ് ലഭിക്കുന്നു. അതേസമയം, എസ് സിഎൻജി പതിപ്പിന് ഈ മാസം 77,200 രൂപ വരെ ആനുകൂല്യം നൽകുന്നു. കമ്പനി വെബ്‌സൈറ്റിൽ നിന്ന് എൻട്രി ലെവൽ അമേസ് ഇ വേരിയന്റ് നീക്കം ചെയ്തു. മാർച്ചിലാണ് കമ്പനി ഇതിൽ ഏറ്റവും ഉയർന്ന കിഴിവ് നൽകിയത്. ഇതിന്‍റെ വില 7.62 ലക്ഷം മുതൽ 9.86 ലക്ഷം രൂപ വരെയാണ്.

അതേസമയം പുതിയ ഹോണ്ട അമേസിനെക്കുറിച്ച് പറയുകയാണെങ്കിൽ V, VX, ZX എന്നീ മൂന്ന് വേരിയന്‍റുകളിലാണ് ഹോണ്ട പുതിയ അമേസ് പുറത്തിറക്കിയിരിക്കുന്നത്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, അമേസ് സിവിടിക്ക് പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിമോട്ട് സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, റിയർ എസി വെന്റുകൾ, റിയർവ്യൂ, ലെയ്ൻ-വാച്ച് ക്യാമറകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ എന്നിവയാണ് അമേസ് ZX-ന്റെ മറ്റ് സവിശേഷതകൾ. സീറ്റ് വെന്റിലേഷൻ, മസാജ് ഫംഗ്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ അധിക ചിലവിൽ നൽകുന്ന ഓപ്ഷണൽ സീറ്റ് കവറുകളും കമ്പനി ഉപഭോക്താക്കൾക്ക് ഒരു ആക്സസറിയായി വാഗ്ദാനം ചെയ്യുന്നു.

ന്യൂ അമേസിന്റെ പല സവിശേഷതകളും അതിന്റെ ഏറ്റവും വലിയ എതിരാളിയും രാജ്യത്തെ ഒന്നാം നമ്പർ സെഡാനുമായ ഡിസയറിനോട് കിടപിടിക്കുന്നതാണ്. പുതുക്കിയ മൂന്നാം തലമുറ അമേസിന് കരുത്ത് പകരുന്നത് ഒരൊറ്റ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ്. എല്ലാ വകഭേദങ്ങളിലും 5-സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭിക്കും. ഇതിൽ കാണപ്പെടുന്ന പെട്രോൾ എഞ്ചിൻ 89 bhp പവറും 110 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന്റെ മാനുവൽ വേരിയന്റിന് ലിറ്ററിന് 18.65 കിലോമീറ്റർ മൈലേജ് ലഭിക്കും. അതേസമയം, ഓട്ടോമാറ്റിക് വേരിയന്റിന്റെ മൈലേജ് ലിറ്ററിന് 19.46 കിലോമീറ്ററാണ്.

ക്രാഷ് ടെസ്റ്റിൽ പഴയ അമേസിന് 2-സ്റ്റാർ റേറ്റിംഗ് മാത്രമേ ലഭിച്ചുള്ളൂ. കർട്ടൻ എയർബാഗുകൾ, ഇ.എസ്.സി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ) തുടങ്ങിയ ചില സവിശേഷതകളുടെ അഭാവമാണ് കുറഞ്ഞ റേറ്റിംഗിന് പ്രധാന കാരണം. അത്തരമൊരു സാഹചര്യത്തിൽ, പുതിയ അമേസിൽ നിരവധി അധിക സുരക്ഷാ സവിശേഷതകൾ നൽകിയിട്ടുണ്ട്. പുതിയ മോഡലിൽ ഇഎസ്‍സി, ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റൻസിനുള്ള ലെയ്ൻ വാച്ച് ക്യാമറ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സ്റ്റാൻഡേർഡ് ആറ് എയർബാഗുകൾ, അഞ്ച് യാത്രക്കാർക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ എന്നിവയുൾപ്പെടെ 28 സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുന്നു.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

By admin