ഇന്ത്യയില്‍ മാത്രമല്ല, റിലീസ് ചെയ്ത വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ നേടിയത്. മോളിവുഡിനെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്‍റെ ഓവര്‍സീസ് ഇനിഷ്യല്‍. ആദ്യ ആറ് ദിനങ്ങള്‍ കൊണ്ട് 15 മില്യണ്‍ ഡോളര്‍ ആണ് ചിത്രം വിദേശത്ത് നിന്ന് നേടിയത്. ഇപ്പോഴിതാ ഒരു ശ്രദ്ധേയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്‍ടി ഫിലിംസ്.
ചിത്രത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ച സംഘപരിവാര്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ സ്വമേധയാ ചിത്രം റീ എഡിറ്റ് ചെയ്തിരുന്നു. ഇന്നലെയാണ് ഈ റീ സെന്‍സേര്‍ഡ് പതിപ്പ് തിയറ്ററുകളില്‍ എത്തിയത്. 24 കട്ടുകളാണ് ചിത്രത്തില്‍ വരുത്തിയിരിക്കുന്നതെങ്കിലും 2 മിനിറ്റ് 8 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമേ ചിത്രത്തിന് കുറഞ്ഞിട്ടുള്ളൂ. യുകെയില്‍ പ്രദര്‍ശനം തുടരുന്ന എമ്പുരാനില്‍ കട്ടുകളൊന്നും ഇതുവരെ വരുത്തിയിട്ടില്ലെന്നാണ് വിതരണക്കാര്‍ അറിയിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ മറ്റൊരു പതിപ്പ് തിയറ്ററുകളിലെത്തിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും ആര്‍എഫ്ടി ഫിലിംസ് അറിയിച്ചു. എന്നാല്‍ ഇത് ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്ന റീ എഡിറ്റഡ് പതിപ്പ് ആയിരിക്കില്ലെന്നും.
“എമ്പുരാനില്‍ (യുകെയില്‍) കട്ടുകള്‍ ഉണ്ടായിരിക്കില്ല. അതേസമയം കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി കുടുംബ സൗഹൃദമായ മറ്റൊരു പതിപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍. ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട റീ എഡിറ്റഡ് പതിപ്പുമായി ഇതിന് ബന്ധമുണ്ടാവില്ല”, ആര്‍എഫ്ടി ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷന്‍ ഇപ്പോള്‍ എമ്പുരാന്‍റെ പേരിലാണ്. വരും ദിനങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്സിനെ മറികടന്ന് ഒന്നാം സ്ഥാനത്തത്തും ചിത്രം. അതേസമയം റീ എഡിറ്റഡ് പതിപ്പ് ചിത്രത്തിന്‍റെ കളക്ഷനെ നെഗറ്റീവ് ആയി സ്വാധീനിച്ചുവെന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് ഇന്നലത്തെ ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍. അതേസമയം രണ്ടാം വാരാന്ത്യത്തിലും ചിത്രം ബോക്സ് ഓഫീസില്‍ മികവ് കാട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമാ വ്യവസായം.
ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; ‘ടീച്ചറമ്മ’യായി ശ്രീലക്ഷ്‍മി