ഇന്ത്യയിൽ ഒരു കോടിയോളം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌തു; കാരണം എന്താണ്?

ദില്ലി: പ്ലാറ്റ്‌ഫോമിന്‍റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ 2025 ഫെബ്രുവരി മാസം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതായി മെറ്റയുടെ അറിയിപ്പ്. രാജ്യത്ത് സൈബര്‍ തട്ടിപ്പുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിന് തടയിടാന്‍ ലക്ഷ്യമിട്ടാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‍സ്ആപ്പ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത്. പ്ലാറ്റ്‌ഫോമിന്‍റെ ദുരുപയോഗം ആപ്പ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മിക്ക വാട്സ്ആപ്പ് അക്കൗണ്ടുകളും പൂട്ടിച്ചത്. 

റിപ്പോര്‍ട്ട് ചെയ്താല്‍ നടപടി 

ഇന്ത്യയിൽ വാട്സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ. എന്നാല്‍ ഇവയത്രയും നിയമവിധേയമായി പ്രവര്‍ത്തിക്കുന്നവയല്ല. വാട്സ്ആപ്പിനെ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. പ്ലാറ്റ്ഫോമിന്‍റെ ദുരുപയോഗവും ചട്ടലംഘനവും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 2025 ഫെബ്രുവരിയില്‍ മാത്രം 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ മെറ്റ ബ്ലോക്ക് ചെയ്തു. 2021-ലെ ഐടി നിയമങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ തന്നെ റിപ്പോർട്ട് ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് കൂടുതലും നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഒരു ഉപയോക്താവും പരാതി പോലും നൽകാതെതന്നെ 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി പൂട്ടിക്കുകയും ചെയ്തു. 

വർഷങ്ങളായി വാട്സ്ആപ്പ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ വലിയ നിക്ഷേപം നടത്തിവരികയാണ്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് മെറ്റയുടെ എഐ പദ്ധതികള്‍. സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്ന ഒരു ഓട്ടോമേറ്റഡ് ഡിറ്റക്ഷൻ സിസ്റ്റം വാട്സ്ആപ്പിനുണ്ടെന്ന് കമ്പനി അറിയിച്ചു. സൈബര്‍ കുറ്റവാളികള്‍ ആപ്പ് ദുരുപയോഗം ചെയ്യുന്നതായി എഐ ടൂളുകള്‍ വഴി വാട്സ്ആപ്പിന്‍റെ ഡാറ്റ സയന്‍റിസ്റ്റുകള്‍ തിരിച്ചറിയുന്ന അക്കൗണ്ടുകള്‍ മെറ്റ ഓരോ മാസവും ബ്ലോക്ക് ചെയ്തുവരികയാണ്. 

വാട്സ്ആപ്പിന് പരാതിപ്രളയം 

വാട്സ്ആപ്പിന് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും സ്പാമിംഗുമായും തേർഡ് പാർട്ടി ആപ്പുകളുമായും മറ്റും ബന്ധപ്പെട്ടതാണ്. ഇതിന് പുറമെ, തങ്ങളുടെ അനുവാദമില്ലാതെ വിവിധ ഗ്രൂപ്പുകളിൽ ചേർത്ത ചില കേസുകളെക്കുറിച്ചും ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പരാതികളെല്ലാം വാട്സ്ആപ്പ് അന്വേഷിക്കുകയും അത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്ന അക്കൗണ്ടുകൾ നിരോധിക്കുകയും ചെയ്യുന്നു. 

Read more: ഇപ്പോള്‍ നിങ്ങള്‍ക്കാവശ്യമായ ഗാനം വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ചേര്‍ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin