ഇണചേരൽ കാലം, രാജവെമ്പാലകൾ ജനവാസ മേഖലയിൽ; കണ്ണൂരിലെ മലയോര പ്രദേശത്ത് ഇന്നലെ മാത്രം പിടിയിലായത് 4 രാജവെമ്പാല!

ഇരട്ടി: ഇണചേരൽ കാലമായതോടെ രാജവെമ്പാലകൾ കൂടുതലായി ജനവാസമേഖലകളിലേക്ക് ഇറങ്ങുകയാണ്. ഉഗ്രവിഷമുള്ള രാജവെമ്പാല നാട്ടിലിറങ്ങുന്നതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്.  ഉഗ്രവിഷമുള്ള രാജവെമ്പാല കടിച്ചാൽ 6 മുതൽ 15 മിനിറ്റിനകം മരണം സംഭവിക്കാമെന്നും ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ രക്ഷപ്പെടുത്താനാകൂ എന്നുമാണ് വിദഗ്ധർ പറയുന്നത്. കണ്ണൂരിന്‍റെ മലയോര മേഖലയിൽ മാർച്ചിൽ മാത്രം പത്തിലധികം രാജവെമ്പാലകളെയാണ് വീട്ടുപരിസരങ്ങളിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം മാത്രം പിടിയിലായത് നാല് രാജ വെമ്പാലകളാണ്. 

ചൂട് കൂടിയതോടെ പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിൽ കൂടുതൽ കാണപ്പെടുന്നുണ്ടെന്നും ജാഗ്രത വേണമെന്നുമാണ് വനംവകുപ്പിലെ താൽക്കാലിക വാച്ചറും പാമ്പ് പിടുത്തക്കാരനുമായ കണ്ണൂരിന്‍റെ സ്നേക്ക് മാസ്റ്ററായ ഫൈസൽ വിളക്കോട് പറയുന്നത്. പാമ്പുകളിൽ എളുപ്പം വരുതിയിലാകുന്നത് രാജവെമ്പാലയെന്നാണ് ഫൈസലിന്‍റെ പക്ഷം. പിടികൂടാൻ എളുപ്പം രാജ വെമ്പാലെയെ ആണ്. പേരിലേ രാജാവൊള്ളു, പൊതുവെ ശാന്തനാണെന്നാണ് ഫൈസൽ പറയുന്നത്.

വനം വകുപ്പിൽ താത്കാലിക വാച്ചറാണ് ഫൈസൽ. മാർക് സംഘടനയിലെ അംഗവുമാണ്. മൂന്ന് വർഷത്തിനുള്ളിൽ മൂവായിരത്തിലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട് ഇരിട്ടി സ്വദേശിയായ ഫൈസൽ  വിളക്കോട്. ഇതിൽ 87 എണ്ണം രാജ വെമ്പാലകളാണ്. ചൂട് കൂടിയതോടെ പാമ്പുണ്ടേയെന്ന വിളിയൊഴിഞ്ഞ് നേരമില്ലെന്നാണ് ഫൈസൽ പറയുന്നത്. പാമ്പിനെ പിടികൂടി ഷോ കാണിക്കുന്നത് എല്ലാവരുടേയും ജീവൻ അപകടത്തിലാക്കും. പാമ്പിനെ പിടിയ്ക്കുക, സഞ്ചിയിലാക്കുക, ഉൾക്കാട്ടിൽ തുറന്നുവിടുക. വേറെ ഏർപ്പാടില്ലെന്ന് ഫൈസൽ വിളക്കോട് പറയുന്നു. 

രാജവെമ്പാലയെ വരെ പുഷ്പം പോലെ വരുതിയിലാക്കുമെങ്കിലും, ഫൈസൽ ഒരടി പിന്നോട്ടുവെക്കുന്ന ഒരാളുണ്ട്. അപകടകാരിയായ അണലി. അണലിയെ പിടിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. ഏത് ആങ്കിളിലേക്കും തിരിയാൻ അണലിക്ക് കഴിയും. അതുകൊണ്ട് അതീവ ജാഗ്രതയോടെ മാത്രമേ അണലിയെ പിടിക്കാൻ പറ്റൂവെന്ന് ഫൈസൽ പറഞ്ഞു. 

വീഡിയോ സ്റ്റോറി കാണാം

Read More : ദുബൈയിലുള്ള മകളെ കാണാൻ പോയപ്പോൾ സൂക്ഷിക്കാനായി 80 പവൻ സഹോദരിക്ക് നൽകി, തിരിമറി നടത്തി സഹോദരിയും മകളും; കേസ്

By admin