ആശ വർക്കർമാരുടെ വേതന പുനഃക്രമീകരണത്തിന് കമ്മീഷനെ നിയോഗിക്കാൻ ആലോചന; ട്രേഡ് യൂണിയനുകളുടെ സമവായത്തിന് ശ്രമം
തിരുവനന്തപുരം: സംസ്ഥാനത്തെ ആശ വർക്കർമാരുടെ വേതനം പുനഃക്രമീകരിക്കുന്നതിന് പ്രത്യേക കമ്മീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാറിന്റെ ആലോചന. ഇക്കാര്യത്തിൽ ട്രേഡ് യൂണിയനുകളുടെ സമവായത്തിന് ശ്രമം നടക്കുന്നു എന്നാണ് ലഭ്യമാവുന്ന വിവരം. ട്രേഡ് യൂണിയൻ പ്രതിനിധികളുമായുള്ള മന്ത്രിതല ചർച്ച ഇപ്പോൾ ആരോഗ്യ മന്ത്രിയുടെ ചേംബറിൽ പുരോഗമിക്കുകയാണ്.
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് ഇന്ന് മൂന്നാം വട്ട മന്ത്രിതല ചർച്ച നടക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ഈ വിഷയത്തിൽ നേരത്തെ വീണ ജോർജ് ചർച്ച നടത്തുകയും ചെയ്തിരുന്നു. സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഓണറേറിയം കൂട്ടുന്നതും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു സമരസമിതി. കഴിഞ്ഞ 15 ദിവസമായി ആശ വർക്കർമാർ നിരാഹാര സമരവും നടത്തുന്നുണ്ട്.