ആഴ്ചകൾ എടുത്ത് കെട്ടിയ കമ്പികളെല്ലാം ഓരോന്നായി അഴിച്ചുമാറ്റി! ഒരു അടിപ്പാതയുടെ വല്ലാത്തൊരു ഗതികേട് തന്നെ

തൃശൂർ: ചാലക്കുടി ചിറങ്ങര അടിപ്പാത നിര്‍മ്മാണം വീണ്ടും വിവാദകുരുക്കില്‍. ബെയ്‌സ്‌മെന്‍റ്  കോണ്‍ക്രീറ്റിംഗിനായി ആഴ്ചകളെടുത്ത് കെട്ടിയ കമ്പികളെല്ലാം കഴിഞ്ഞ ദിവസം അഴിച്ചുമാറ്റി. കമ്പികള്‍ പാകിയത് അശാസ്ത്രീയമാണെന്ന എഞ്ചിനിറിംഗ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കെട്ടിയ കമ്പികള്‍ അഴിപ്പിച്ചത്. രൂക്ഷമായ ഗതാഗത കുരുക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ വലിയ ദുരിതത്തിലാണിവിടെ. 

ചിറങ്ങരയിലെ അടിപ്പാത നിര്‍മ്മാണത്തിന്‍റെ ഭാഗമായി അങ്കമാലി ഭാഗത്തേക്കുള്ള റോഡിലെ ബേസ്‌മെന്‍റ് പ്രവര്‍ത്തികളാണ് പൊളിപ്പിച്ചത്.  തൃശൂര്‍ ഭാഗത്തേക്കുള്ള മറുഭാഗം റോഡില്‍ നേരത്തെ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നാണ് അങ്കമാലി ഭാഗത്തേക്കുള്ള റോഡില്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ആഴ്ചകളെടുത്താണ് ഇവിടെ ഇരുമ്പ് കമ്പികള്‍ പാകുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്.

ഈ സമത്തൊന്നും പ്രവര്‍ത്തികള്‍ പരിശോധിക്കാനോ ആവശ്യമായ നിര്‍ദേശം കൊടുക്കാനോ എഞ്ചിനിയറിംഗ് സംഘം എത്തിയിരുന്നില്ല. തൊഴിലാളികള്‍ അവരുടെ യുക്തിക്കനുസരിച്ചാണ് പ്രവര്‍ത്തികള്‍ നടത്തിയതെന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് എഞ്ചിനിയറിംഗ് സംഘം സ്ഥലത്തെത്തിയത്. അപ്പോഴാണ് നിര്‍മ്മാണത്തിലെ അപാകത ശ്രദ്ധയില്‍പ്പെട്ടത്. 

തുടര്‍ന്നാണ് കമ്പികള്‍ അഴിച്ചുമാറ്റാന്‍ നിര്‍ദേശം നൽകിയത്. ഈ സമാഹചര്യത്തില്‍ മറുഭാഗത്ത് നടത്തിയ കോണ്‍ക്രീറ്റിംഗിലും അപാകം വന്നിട്ടുണ്ടോയെന്ന ആശങ്കയും ഉയരുന്നുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന അടിപ്പാതയ്ക്ക് സമീപത്തെ ക്ഷേത്ര കുളത്തിനരികില്‍ സംരക്ഷണ ഭിത്തി ഒരുക്കിയിട്ടില്ല. കുളത്തിന് സംരക്ഷണ ഭിത്തി കെട്ടി സര്‍വ്വീസ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷമെ അടിപ്പാത നിര്‍മ്മാണം തുടങ്ങാവൂ എന്നായിരുന്നു നിര്‍ദേശം.

എന്നാല്‍ ഇതുവരേയും സംരക്ഷണ ഭിത്തി ഒരുക്കിയിട്ടില്ല. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ അൽപ്പമൊന്ന് തെന്നി മാറിയാല്‍ ക്ഷേത്രകുളത്തലേക്കായിരിക്കും ചെന്നുപതിക്കുക. സര്‍വ്വീസ് റോഡുകള്‍ക്ക് സമീപം കാനകള്‍ക്ക് മുകളില്‍ സ്ഥാപിച്ച സ്ലാബുകള്‍ വാഹനങ്ങള്‍ കയറിയതോടെ പല ഭാഗത്തും പൊളിഞ്ഞ് വീണിരുന്നു. ഇരുചക്ര വാഹനങ്ങള്‍ വരെ സ്ലാബ് പൊട്ടി കാനയില്‍ വീണു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെയാണ് അടിപ്പാതക്കടിയിലെ കോണ്‍ക്രീറ്റിംഗിൽ അപകടം സംഭവിച്ചത്. എംപി, എംഎല്‍എ എന്നിവര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

എന്തൊരഴക്..! നടുക്ക് തൂണ് കണ്ടില്ലെങ്കിൽ പേടിക്കേണ്ട, ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലം ഒരുങ്ങുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin