ആദ്യ പ്ലാന്‍ മാറ്റി, 1000 കോടി പടത്തിന് രണ്ടാം ഭാഗമില്ല! രാജമൗലിയുടെ തീരുമാനത്തിന്‍റെ കാരണം ഇതാണ്

ദക്ഷിണ, ഉത്തരേന്ത്യകള്‍ വ്യത്യാസമില്ലാതെ ഒരു ചലച്ചിത്ര സംവിധായകന് ഇന്ന് താരപദവി ഉണ്ടെങ്കില്‍ അത് എസ് എസ് രാജമൗലിക്ക് ആണ്. ബാഹുബലി എന്ന ഫ്രാഞ്ചൈസി കൊണ്ട് തെലുങ്ക് സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമാ ലോകത്തിന്‍റെ തന്നെ പല മുന്‍ധാരണകളും അദ്ദേഹം തിരുത്തി. ബാഹുബലിക്കും ആര്‍ആര്‍ആറിനും ശേഷം കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോള്‍. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകന്‍. ഒപ്പം പൃഥ്വിരാജും പ്രിയങ്ക ചോപ്രയുമുണ്ട്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന പ്രോജക്റ്റ് സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.

രണ്ട് ഭാഗങ്ങളായി പുറത്തിറക്കാന്‍ ആദ്യമുണ്ടായിരുന്ന പ്ലാന്‍ സംവിധായകന്‍ ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ് എന്നതാണ് അത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസികള്‍ ഇന്ത്യന്‍ സിനിമയില്‍ അതിന് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും സമീപകാല ഇന്ത്യന്‍ സിനിമയില്‍ അതൊരു ട്രെന്‍ഡ് ആക്കിയത് രാജമൗലിയാണ്. ബാഹുബലി 1, 2 ഭാഗങ്ങള്‍ നേടിയ വന്‍ വിജയമാണ് അതിന് കാരണം. ആദ്യം രണ്ട് ഭാഗങ്ങളായി ആലോചിച്ചിരുന്ന ഈ മെഗാ പ്രോജക്റ്റ് ഇപ്പോള്‍ ഒരു ഭാഗത്തില്‍ത്തന്നെ പൂര്‍ത്തീകരിക്കാന്‍ രാജമൗലി തീരുമാനിച്ചതിന് കാരണം ഇന്ത്യന്‍ സിനിമയില്‍ ഇന്ന് അത് സര്‍വ്വ സാധാരണമായിത്തീര്‍ന്നു എന്നതാണ്. പലരും സാമ്പത്തികലാഭം മാത്രം നോക്കിയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും രാജമൗലിക്ക് അഭിപ്രായമുണ്ട്. എപ്പോഴും നടപ്പുരീതികള്‍ പൊളിക്കാന്‍ ആഗ്രഹിക്കുന്ന രാജമൗലി അതിനാല്‍ത്തന്നെ തന്‍റെ പുതിയ ബൃഹദാഖ്യാനം ഒറ്റ ഭാഗത്തില്‍ ഒതുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ വലിയ ദൈര്‍ഘ്യം ആയിരിക്കും ചിത്രത്തിന്. ചിത്രത്തിന് മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യം വരുമെന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യം രണ്ട് ഭാഗങ്ങളായി ആലോചിച്ചിരുന്ന പ്രോജക്റ്റ് ഒറ്റ ചിത്രമായി മാറ്റാന്‍ രാജമൗലി നേരത്തേ തീരുമാനം എടുത്തിരുന്നെന്നും തിരക്കഥയില്‍ അതിനായുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നും. 

2 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കൊപ്പമായിരിക്കും ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരിക. ചിത്രീകരണം പൂര്‍ത്തിയായ ഈ വീഡിയോയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുവരികയാണ്. അന്തര്‍ദേശീയ റിലീസ് ആയി വിഭാവനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസിനായി വിദേശ സ്റ്റുഡിയോകളെയും സംവിധായകരെയുമൊക്കെ പങ്കാളികളാക്കാന്‍ രാജമൗലിക്കും നിര്‍മ്മാതാക്കള്‍ക്കും ആലോചനയുണ്ട്. അതേസമയം ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.  

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; ‘ടീച്ചറമ്മ’യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin