‘ആദ്യം നിങ്ങൾ കൂടിയിരുന്ന് ഒരു തീരുമാനത്തിലെത്തൂ’; തന്‍റെ മരണവാര്‍ത്തയെ പരിഹസിച്ച് നിത്യാനന്ദയുടെ വീഡിയോ

ദില്ലി: സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ മരിച്ചതായി വാർത്തകൾ പ്രചരിക്കുന്നതിനിടെ വീഡിയോ സന്ദേശവുമായി നിത്യാനന്ദ രംഗത്ത്. താന്‍ മരിച്ചെന്ന വാര്‍ത്ത പ്രചരിക്കുന്നതിനെ പരിഹസിച്ചാണ് നിത്യാനന്ദയുടെ വീഡിയോ. താന്‍ മരിച്ചെന്നും ഇല്ലെന്നും പ്രചരിപ്പിക്കുന്നവര്‍ ഒന്നിച്ചിരുന്നു ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്നുമാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിത്യാനന്ദ പറയുന്നത്. നിത്യാനന്ദ ജീവത്യാഗംചെയ്തുവെന്ന അദ്ദേഹത്തിന്റെ സഹോദരീപുത്രനും അനുയായിയുമായ സുന്ദരേശ്വരന്‍ പറയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 

എന്നാൽ തന്നെപ്പറ്റി ഒരു മാസത്തില്‍ 4000-ലേറെ വീഡിയോകള്‍ പുറത്തിറങ്ങി. ഇതെല്ലാം പരിശോധിച്ച് എങ്ങനെ മറുപടി നല്‍കുമെന്നാണ് നിത്യാനന്ദ ചോദിക്കുന്നത്. നിത്യാനന്ദ മരിച്ചെന്ന് 2022ലും അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു.  മരണ വാർത്ത പുറത്തു വന്നതിന് പിന്നാലെ നിത്യാനന്ദ സ്ഥാപിച്ച പുതിയരാജ്യമെന്ന് അവകാശപ്പെടുന്ന ‘കൈലാസ’ ഇത് നിഷേധിച്ചു പ്രസ്താവന പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിത്യാനന്ദയുടെ പുതിയ വീഡിയോ പുറത്തുവിട്ടത്. ഉഗാദി ആഘോഷത്തോട് അനുബന്ധിച്ച് നിത്യാനന്ദ സന്ദേശം നല്‍കുന്നതിന്റെ വീഡിയോ ലിങ്കും എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തിരുവണ്ണാമല സ്വദേശിയാണ് നിത്യാനന്ദ. അരുണാചലം രാജശേഖരന്‍ എന്നാണ് നിത്യാനന്ദയുടെ യഥാർത്ഥ പേര്. ക്ഷേത്രമുറ്റത്ത് ഭിക്ഷയാചിച്ചിരുന്ന ഒരു സുപ്രഭാതത്തിലാണ് നിത്യാനന്ദ എന്ന ആത്മീയാചാര്യനായത്.2010-ല്‍ പ്രമുഖ സിനിമാനടിക്കൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തുവന്നതോടെയാണ് നിത്യാനന്ദയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായത്. ആശ്രമത്തിന്‍റെ മറവില്‍ പോക്സോ അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ നിത്യാനന്ദ ചെയ്തിരുന്നതായി പിന്നീട് പുറത്തുവന്നു.  പിന്നീട് സ്വന്തമായി ഒരു രാജ്യം തന്നെ ഉണ്ടെന്നവകാശപ്പെട്ട്  രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു. ‘കൈലാസ’ എന്ന പേരിലാണ് നിത്യാനന്ദയുടെ രാജ്യം

ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്നാണ് നിത്യാനന്ദ വാങ്ങി ‘കൈലാസ’ എന്ന പേരിൽ സ്വന്തം രാജ്യവുമുണ്ടാക്കിയത്.  താന്‍ പരമശിവനാണ് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്.  കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും സെൻട്രൽ ബാങ്കും ‘കൈലാഷിയൻ ഡോളർ’ എന്ന പേരിൽ കറൻസിയും ദേശീയ ചിഹ്നവും അങ്ങനെ എല്ലാമുണ്ട്. രാജ്യത്തിന്റെ പേരില്‍ ഒരു വെബ്സൈറ്റുമുണ്ട്.

Read More : ട്രംപിന്റെ കടുംവെട്ട്, ഇന്ത്യക്ക് 26 ശതമാനം പകരച്ചുങ്കം ചുമത്തി അമേരിക്ക, ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു

By admin