അമ്മയി അമ്മയെ കൊന്ന് ബാഗിലാക്കി, ഭാരം കാരണം മറവു ചെയ്യാന്‍ പറ്റിയില്ല; യുവതി പിടിയില്‍

ജല്‍ന: അമ്മായി അമ്മയെ കൊലപ്പെടുത്തി മൃതശരീരം മറവു ചെയ്യാന്‍ പറ്റാതെ ഓടി രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. പ്രതീക്ഷ ഷിംഗാരെ എന്ന 22 കാരിയാണ് വിവാഹം കഴിഞ്ഞ് അറ് മാസത്തിന് ശേഷം അമ്മായി അമ്മയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് ദാരുണമായ സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രി യുവതിയും അമ്മായി അമ്മയും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് ശേഷം മൃതശരീരം എന്തുചെയ്യും എന്നറിയാതെ പ്രതീക്ഷ അടുത്തുള്ള സിറ്റിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതീക്ഷയെ അറസ്റ്റ് ചെയ്തു. 

ആറ് മാസം മുമ്പാണ് പ്രതീക്ഷ ആകാശ് ഷിംഗാരെ എന്ന യുവാവിനെ വിവാഹം ചെയ്തത്. ആകാശ് ഒരു പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരനാണ്. ഭര്‍ത്താവിന്‍റെ അമ്മ, കൊല്ലപ്പെട്ട സവിത ഷിംഗാര (45) യ്ക്കൊപ്പമായിരുന്നു പ്രതീക്ഷ താമസിച്ചിരുന്നത്. ജല്‍നയിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് പ്രതീക്ഷ അമ്മായി അമ്മയുടെ തല ഭിത്തിയില്‍ ഇടിക്കുകയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിവെച്ച് കുത്തുകയുമായിരുന്നു. അല്‍പ്പസമയത്തിന് ശേഷം തന്നെ സവിത മരിക്കുകയും ചെയ്തു.  

സവിത മരിച്ചെന്ന് മനസിലാക്കിയ പ്രതീക്ഷ മൃതശരീരം ഒരു ബാഗിലാക്കി മറവു ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ മൃതശരീരത്തിന്‍റെ ഭാരം കാരണം ഈ ശ്രമം നടന്നില്ല. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറുമണിയോടെ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടുടമയാണ് സവിതയെ കൊല്ലപ്പെട്ട നലയില്‍ കണ്ടെത്തിയതും പൊലീസിനെ വിവരം അറിയിച്ചതും. 

തലയ്ക്കേറ്റ പരിക്കാണ് സവിതയുടെ മരണ കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Read More:കര്‍ണാടകയില്‍ നിന്ന് ബസില്‍ കേരളത്തിലേക്ക്, യുവാവിനെ പരിശോധിച്ചപ്പോള്‍ കിട്ടിയത് എംഡിഎംഎ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin