അമ്പരപ്പിക്കും കരുത്ത് മാത്രമല്ല, ഈ ഫോക്സ്‍വാഗൺ എസ്‍യുവിക്ക് കിടിലൻ ഫീച്ചറുകളും! ജീപ്പ് ഇനി കണ്ടംവഴി ഓടുമോ?

ടിഗ്വാൻ എസ്‌യുവിക്ക് പകരമായി 2025 ഏപ്രിൽ 14 ന് ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ വിൽപ്പനയ്‌ക്കെത്തും . ടിഗ്വാന്റെ കൂടുതൽ സ്‌പോർട്ടിയും ശക്തവുമായ പതിപ്പാണിത്. കമ്പനി അടുത്തിടെ ഈ വാഹനത്തിന്‍റെ എഞ്ചിൻ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. 2.0 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിക്ക് ലഭിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 204 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ടിഗ്വാൻ ആർ ലൈൻ 7.1 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും 229 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇപ്പോഴിതാ വിപണിയിലെത്തുന്നതിന് മുന്നോടിയായി, കമ്പനി അതിന്റെ പ്രധാന ഫീച്ചറുകളും മറ്റും വെളിപ്പെടുത്തിയിട്ടുണ്ട്. അവ അറിയാം.  

സുരക്ഷാ സവിശേഷതകൾ
ഒമ്പത്എയർബാഗുകൾ
ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS)
ഹിൽ സ്റ്റാർട്ട് അസിസ്റ്റും ഹിൽ ഡിസെന്റ് കൺട്രോളും
നാല് ചക്രങ്ങളിലും ഡിസ്‍ക് ബ്രേക്കുകൾ
ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS).

ഇവ മാത്രമല്ല, വരാനിരിക്കുന്ന ടിഗുവാൻ ആർ-ലൈൻ കൂടുതൽ സുരക്ഷാ സവിശേഷതകളോടെയായിരിക്കും വരുന്നത്, അതിന്റെ വിശദാംശങ്ങൾ എസ്‌യുവിയുടെ ലോഞ്ചിംഗ് വേളയിൽ വെളിപ്പെടുത്തും. ഇതോടൊപ്പം എസ്‌യുവിയിൽ മികച്ച സസ്‌പെൻഷൻ സജ്ജീകരണം ലഭ്യമാകുമെന്നും കമ്പനി സ്ഥിരീകരിച്ചു. ഇത് മുമ്പത്തേക്കാൾ യാത്രാ നിലവാരം സുഖകരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മറ്റ് ഫീച്ചറുകൾ
12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 3-സോൺ ഓട്ടോ എസി, 30-കളർ ആംബിയന്റ് ലൈറ്റിംഗ്, മസാജ് ഫംഗ്ഷനും ലംബർ സപ്പോർട്ടും ഉള്ള സ്‌പോർട്‌സ് സീറ്റുകൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ടിഗുവാൻ ആർ-ലൈനിൽ എത്തുക. ഡ്യുവൽ വയർലെസ് ഫോൺ ചാർജറുകൾ, പനോരമിക് സൺറൂഫ്, പാർക്ക് അസിസ്റ്റ് തുടങ്ങിയവയും ഇതിൽ സജ്ജീകരിച്ചിരിക്കും.

കളർ ഓപ്ഷനുകൾ
ഓയിസ്റ്റർ സിൽവർ മെറ്റാലിക്, സിപ്രെസിനോ ഗ്രീൻ മെറ്റാലിക്, നൈറ്റ്ഷെയ്ഡ് ബ്ലൂ മെറ്റാലിക്, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, പെർസിമോൺ റെഡ് മെറ്റാലിക്, ഒറിക്സ് വൈറ്റ് മദർ ഓഫ് പേൾ ഇഫക്റ്റ് എന്നീ ആറ് നിറങ്ങളിൽ പുതിയ ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ ലഭ്യമാകും.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ-ലൈൻ 2025 ഏപ്രിൽ 14 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും, അതിന്റെ വില 55 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഫോക്‌സ്‌വാഗൺ എസ്‌യുവിയുടെ ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചു കഴിഞ്ഞു.  ഈ സ്‌പോർട്ടിയർ പതിപ്പ് ടോപ്പ്-എൻഡ് ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കൂടാതെ ഒരൊറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ഈ പുതിയ കാർ ഹ്യുണ്ടായി ട്യൂസൺ , ജീപ്പ് കോമ്പസ് , സിട്രോൺ C5 എയർക്രോസ് എന്നിവയുമായി മത്സരിക്കും.

By admin