അഭിയെ പിടിവിടാതെ അനഘ – പത്തരമാറ്റ് സീരിയൽ റിവ്യൂ

കഥ ഇതുവരെ 

നവ്യയുടെ ഏഴാം മാസ ചടങ്ങുകൾക്കായി കനകയും ഗോവിന്ദനും നന്ദുവും അനന്തപുരിയിൽ എത്തിക്കഴിഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷം നന്ദുവിനെ കണ്ട സന്തോഷം അനിക്ക് ഉണ്ട്. എന്നാലും മുല്ലപ്പൂ വാങ്ങാൻ പോയിവരാമെന്ന് പറഞ്ഞ അഭിയെ ഇതുവരെ കാണാത്ത വിഷമത്തിലാണ് നവ്യ. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

 അനന്തപുരിയിൽ എല്ലാവരും അഭിയ്ക്കായി കാത്തിരിക്കുകയാണ്. അഭിയാവട്ടെ വിളിച്ചിട്ട് ഫോൺ എടുക്കുന്നതും ഇല്ല. എങ്ങനെ എടുക്കാനാ… അവൻ അനഘയെ കാണാൻ പോയതല്ലേ . തന്റെ കുഞ്ഞിനെ അഭി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് അനഘ. ഇനി തിരിച്ച് വരില്ലെന്ന് പറഞ്ഞാണ് പോയതെങ്കിലും തനിയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇങ്ങോട്ട് വരേണ്ടിവന്നതെന്ന് അനഘ അഭിയോട് പറയുന്നുണ്ട് . താൻ ഒരു രോഗത്തിന് അടിമയാണെന്നും ഉടൻ തന്നെ മരിച്ച് പോകുമെന്ന് ഡോക്ടർമാർ വിധിയെഴുതിയിട്ടുണ്ടെന്നും അനഘ അഭിയോട് തുറന്ന് പറഞ്ഞു. അത് കേട്ടതും അഭിയാകെ ഞെട്ടിത്തരിച്ചു. എന്നാൽ ഉടനെ ഇങ്ങനെ പറയുമ്പോൾ താൻ എങ്ങനെ കുഞ്ഞിനെ ഏറ്റെടുക്കുമെന്നും, താൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി ഈ കുഞ്ഞിനെ സ്വീകരിക്കുമോ എന്നെല്ലാം അഭി അനഘയോട് സംശയം പറഞ്ഞു നോക്കി . എന്നാൽ താൻ വിവാഹിതനാണെന്നോ തന്റെ ഭാര്യയെ ഏഴാം മാസത്തിൽ കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങാണ് ഇന്ന് നടക്കുന്നതെന്നോ അവൻ പറയാൻ തയ്യാറായില്ല . അതേസമയം അനന്തപുരിയിൽ നിന്ന് അഭിയുടെ അമ്മയും , മുത്തശ്ശനും , നവ്യയും ഉൾപ്പടെ മാറി മാറി അഭിയ്ക്ക് ഫോൺ ചെയ്യുന്നുണ്ട് . അവൻ ഫോൺ എടുക്കുന്നതെ ഇല്ല . വീട്ടിൽ നിന്നും വിളി വരുന്നുണ്ട്, പൊക്കോട്ടെ എന്ന് ചോദിക്കുമ്പോഴും അനഘ അവനെ വിടാൻ തയ്യാറാവുന്നുമില്ല. 

അഭിയെ കാത്ത് വിഷമിച്ച് നിൽക്കുകയാണ് നവ്യ . പാവം . ഈ സമയത്ത് ഒരു ഭർത്താവിന്റെ സ്നേഹവും പരിഗണനയും എല്ലാമല്ലേ ഒരു ഭാര്യ ആഗ്രഹിക്കുക …നവ്യയ്ക്ക് അഭിയിൽ നിന്നും അതൊന്നും കിട്ടാറില്ല . അനന്തപുരിയിൽ അഭി മാത്രമേ ഇങ്ങനെ ആയിട്ടുള്ളു . ആദർശും അനിയുമെല്ലാം എത്ര നല്ല മക്കളാ..എന്തായാലും നവ്യയുടെ ചടങ്ങിന് ശേഷം ഇനി ആരാണ് കുടുംബത്തിലേക്ക് അടുത്ത കുഞ്ഞിനെ തരുന്നതെന്ന ചോദ്യമാണ് മുത്തശ്ശിയ്ക്ക്. ആദർശും ഡയാനയും തമ്മിൽ നോക്കി ചിരിച്ചെങ്കിലും അനിക്ക് അനാമികയുടെ കാര്യം ഓർത്തപ്പോൾ നല്ല ദേഷ്യമാണ് വന്നത്. അതോടൊപ്പം ദേവയാനിയും നയനയും കൂടി ചില ഭാവാഭിനയങ്ങൾ കൂടി നടക്കുന്നുണ്ട് കേട്ടോ . കനകയ്ക്കും ഗോവിന്ദനും നന്ദുവിനും അത് കൃത്യമായി മനസ്സിലായെങ്കിലും അവരും ഒന്നഭിനയിക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത് . ഏറെ നേരമായിട്ടും മുല്ലപ്പൂ വാങ്ങാനെന്ന പറഞ്ഞ് പോയ അഭിയെ കാണാത്തപ്പോൾ മൂർത്തി മുത്തശ്ശന് നല്ല ദേഷ്യം വന്നിരിക്കുകയാണ്. ഇന്ന് ചടങ്ങിന് അഭി ഇവിടെ എത്തിയില്ലെങ്കിൽ അവനെ താൻ ഈ വീട്ടിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കും എന്ന് മൂർത്തി മുത്തശ്ശൻ കട്ടായം പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. അന്തപുരിയിലെ ബാക്കി കഥ ഇനി നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.  

By admin