ബിഗ് ബജറ്റ് സൂപ്പര്‍ താര ചിത്രങ്ങളുടെ ദൈര്‍ഘ്യം സമീപകാലത്ത് കൂടുതലാണ്. രണ്ടര മണിക്കൂര്‍ എന്ന ഇന്ത്യന്‍ വാണിജ്യ സിനിമയുടെ പരമ്പരാഗത ദൈര്‍ഘ്യത്തേക്കാള്‍ മുകളിലാണ് തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് അടുത്തിടെ വന്ന വലിയ കാന്‍വാസ് ചിത്രങ്ങളുടെയെല്ലാം റണ്‍ ടൈം. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മൂന്ന് മണിക്കൂറോളമായിരുന്നു റിലീസ് സമയത്ത് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. റീ സെന്‍സറിംഗില്‍ 2 മിനിറ്റ് 8 സെക്കന്‍ഡ് മാത്രമാണ് ചിത്രത്തിന് നഷ്ടപ്പെട്ടത്. ഇപ്പോഴിതാ കുറഞ്ഞ ദൈര്‍ഘ്യത്തിന്‍റെ പേരില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താര ചിത്രം.
അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്‍റെ കുറഞ്ഞ റണ്‍ ടൈം ആണ് ശ്രദ്ധ നേടുന്നത്. മൂവി ക്രോയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ റണ്‍ ടൈം 138 മിനിറ്റ് ആണ്. അതായത് രണ്ട് മണിക്കൂറും 18 മിനിറ്റും. സെന്‍സറിംഗിന് മുന്‍പുള്ള റണ്‍ ടൈം ആണ് ഇത്. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണിത്. സെന്‍സറിംഗില്‍ ചിത്രത്തിന്‍റെ ദൈര്‍ഘ്യം ഇനിയും കുറയുമോ എന്നതാണ് തമിഴ് സിനിമാ ലോകത്തെ ആകാംക്ഷ. അതേസമയം സെന്‍സറിംഗ് കഴിഞ്ഞാല്‍ മാത്രമേ റണ്‍ ടൈം സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തെത്തൂ.
സമീപകാല തമിഴ് സിനിമയില്‍ സൂപ്പര്‍താര ആക്ഷന്‍ ചിത്രങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യം വിജയ് നായകനായ ഗോട്ടിന് ആയിരുന്നു. 183 മിനിറ്റ് ആയിരുന്നു ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഏറ്റവും കുറവ് അജിത്ത് കുമാര്‍ നായകനായ തുനിവിനും. 146 മിനിറ്റ് ആയിരുന്നു തുനിവിന്‍റെ റണ്‍ ടൈം. മാര്‍ക്ക് ആന്‍റണിയുടെ വിജയത്തിന് ശേഷം അധിക് രവിചന്ദ്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഹൈപ്പ് ഉണ്ട്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. ഏപ്രില്‍ 10 നാണ് ചിത്രത്തിന്‍റെ റിലീസ്.
ALSO READ : വിജയത്തുടര്‍ച്ചയ്ക്ക് ബേസില്‍; ‘മരണമാസ്സ്’ ട്രെയ്‍ലര്‍ എത്തി