ചെന്നെെ: സ്വയം പ്രഖ്യാപിത ആൾദെെവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധർമം സ്ഥാപിക്കുന്നതിന് വേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരൻ അറിയിച്ചു. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ നിത്യാനന്ദ മരണപ്പെട്ടുവെന്ന് ഇതുവരെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യാനന്ദ ജനിച്ചത്. പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. തനിക്ക് ദിവ്യമായ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം വലിയ തോതിൽ ഭക്തരെ ആകർഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിന് ഒന്നിലധികം ആശ്രമങ്ങൾ ഉണ്ട്. 2010ൽ സിനിമ നടിക്കൊപ്പമുള്ള നിത്യാനന്ദയുടെ അശ്ലീല വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ വിവാദങ്ങളിൽ നിറഞ്ഞ നിത്യാനനന്ദ 2019ഇന്ത്യ വിട്ടു. മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതികളുടെ പരാതിയിൽ പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടര്‍ന്നായിരുന്നു രാജ്യം വിട്ടത്.
ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിന് സമീപമുള്ള ദ്വീപുകളിലൊന്ന് വാങ്ങി ‘കെെലാസ’ എന്ന പേരിട്ട് അനുയായികൾക്കൊപ്പം കഴിയുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് പലതവണ ഓൺലെെൻ മുഖേന ആത്മീയ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. കെെലാസ എന്ന പേരിൽ രാജ്യം സ്ഥാപിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. നിത്യാനന്ദ മരിച്ചെന്ന് 2022ലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും അറിയിച്ച് അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന മരണവാർത്ത ഏപ്രിൽ ഫൂൾ എന്ന അർത്ഥത്തിൽ പങ്കുവച്ചതാണോ എന്ന ചോദ്യവും സോഷ്യൽ മീഡിയകളിൽ പലരും ഉന്നയിക്കുന്നുണ്ട്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg