സുഹൃത്തിന്റെ ക്ഷണമനുസരിച്ച് ഇന്ത്യ കാണാനെത്തിയ ജർമൻ യുവതിയെ കാറിൽ കൊണ്ടുപോയി ഉപദ്രവിച്ചു; യുവാവ് പിടിയിൽ

ഹൈദരാബാദ്: 25കാരിയായ ജർമൻ യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി ഹൈദരാബാദ് നഗരത്തിൽ വെച്ചായിരുന്നു സംഭവം. നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കാണിക്കാമെന്ന് പറഞ്ഞാണ് വിദേശ യുവതിയെയും ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെയും ഇയാൾ കാറിൽ കയറ്റി കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വഴിയിൽ ഇറക്കിയ ശേഷം യുവതിയെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിച്ച് കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ പരാതി ലഭിച്ച് 12 മണിക്കൂറിനകം യുവാവ് പിടിയിലായി. ഇതിന് സഹായകമായതാവട്ടെ യുവതിക്കൊപ്പം ഇയാൾ എടുത്ത സെൽഫിയും മറ്റ് ഫോട്ടോകളും. ഇന്ത്യക്കാരനായ ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് മാർച്ച് ആദ്യവാരം രണ്ട് ജർമൻ സ്വദേശികൾ ഹൈദരാബാദിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. തുടർന്ന് മീർപെട്ടിലുള്ള സുഹൃത്തിന്റെ വീട്ടിൽ കഴി‌ഞ്ഞുവരികയായിരുന്നു. പല ഇന്ത്യൻ നഗരങ്ങളും ഇവർ സന്ദർശിക്കുകയും ചെയ്തു. ഏപ്രിൽ മൂന്നാം തീയ്യതി ജർമനിയിലേക്ക് മടങ്ങാനിരുന്ന ഇവർ തിങ്കളാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ഒരു പ്രാദേശിക പച്ചക്കറി മാർക്കറ്റ് സന്ദർശിക്കാൻ ഇറങ്ങി. ഈ സമയത്താണ് പ്രദേശവാസിയായ ഒരു യുവാവും പ്രായപൂർത്തിയാവാത്ത അഞ്ച് കുട്ടികളും ചേർന്ന് ഒരു സ്വിഫ്റ്റ് ഡിസയർ കാറുമായി ഇവരെ സമീപിച്ചത്. കുറച്ച് നേരം സംസാരിച്ച ശേഷം നഗരം ചുറ്റിക്കാണിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഒരു ഏജൻസിയിൽ നിന്ന് വാടകയ്ക്ക് എടുത്തതായിരുന്നു ഈ കാറെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

യുവാവിന്റെ വാഗ്ദാനം സ്വീകരിച്ച യുവതിയെയും സുഹൃത്തിനെയും ഇവർ കാറിൽ കയറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയി. ഇതിനിടെ ഇവർ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും പല സ്ഥലങ്ങളിൽ നിന്ന് സെൽഫിയെടുക്കുകയുമൊക്കെ ചെയ്തു. രണ്ട് മണിക്കൂറോളം കഴിഞ്ഞ് മെയിൻ റോഡിലെ വിജനമായ ഒരു സ്ഥലത്ത് വാഹനം നിർത്തിയിട്ട് ജർമൻ യുവാവിനോടും ഒപ്പമുള്ള കുട്ടികളോടും വാഹനത്തിൽ നിന്ന് ഇറങ്ങി ഫോട്ടോകൾ എടുക്കാൻ പറഞ്ഞു. ഇവർ ഇറങ്ങിക്കഴി‌ഞ്ഞപ്പോൾ യുവതിയോട് അൽപം കൂടി മുന്നോട്ട് പോയാൽ നല്ല ഫോട്ടോകളെടുക്കാൻ പറ്റുന്ന സ്ഥലമുണ്ടെന്ന് പറഞ്ഞ് വാഹനം 100 മീറ്ററോളം അകലേക്ക് കൊണ്ടുപോയി.

പറഞ്ഞ സ്ഥലത്ത് യുവതി പുറത്തിറങ്ങി കുറച്ച് ഫോട്ടോകളെടുത്തു. യുവാവിനൊപ്പമുള്ള സെൽഫികളും എടുത്തു. ശേഷം യുവതി കാറിന്റെ പിൻസീറ്റിൽ കയറിയപ്പോൾ ഇയാളും ഒപ്പം കയറുകയും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് യുവതിയെയും കൊണ്ട് കാറോടിച്ച് മറ്റുള്ളവർ നേരത്തെ ഇറങ്ങിയ സ്ഥലത്തെത്തി. യുവതി കാറിൽ നിന്ന് ചാടി പുറത്തിറങ്ങിയതും ഇയാൾ നല്ല വേഗത്തിൽ കാറോടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന കുട്ടികൾ നേരത്തെ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു. ജർമൻ യുവാവും യുവതിയും അപരിചിതമായ സ്ഥലത്ത് തനിച്ചായി. ഇവർ പിന്നീട് ഹൈദരാബാദിലെ തങ്ങളുടെ സുഹൃത്തിനെ വിളിച്ച് അറിയിച്ചു. അദ്ദേഹം എത്തിയാണ് ഇവരുമായി പഹാഡി ശരീഫ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

യുവതിയുടെ ഫോണിൽ ഉണ്ടായിരുന്ന പ്രതിയുടെ ഫോട്ടോകൾ തന്നെ ഇയാളെ തിരിച്ചറിയാൻ സഹായകമായി. പൊലീസുകാർ നേരെ വീട്ടിലെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കൽ പരിശോധനയ്ക്കും കൗൺസിലിങിനും വിധേയമാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഏതാനും വർഷം മുമ്പാണ് ഹൈദരാബാദിൽ തിരിച്ചെത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin