സാധാരണ നടത്തുന്ന ജുഡീഷ്യൽ അന്വേഷണം എന്തുകൊണ്ട് ഈ കേസിലില്ല? ഗോകുലിന്‍റെ മരണത്തിൽ പ്രതിഷേധമുയർത്തി കോൺഗ്രസ്

കൽപ്പറ്റ: ആദിവാസി യുവാവിനെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധം ഉയർത്തി കോൺഗ്രസ്. ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ  അന്വേഷണം വേണമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ല. ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ അന്വേഷണമാണ് ആവശ്യം. ഗോകുലിന്‍റെ മരണത്തിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. സാധാരണ നടത്തുന്ന ജുഡീഷ്യൽ അന്വേഷണം എന്തുകൊണ്ട് ഈ കേസിൽ നടക്കുന്നില്ല എന്നും ചെന്നിത്തല ചോദിച്ചു. ബന്ധുക്കളെ മൃതദേഹം കാണിക്കാൻ പോലും തയാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത ആദിവാസി യുവാവിനെ നിരീക്ഷിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച  വന്നുവെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും പറഞ്ഞു. മനുഷ്യത്വപരമായ സമീപനം പൊലീസ് സ്വീകരിച്ചില്ല.  
പൊലീസിനുണ്ടായ വീഴ്ചയാണ് ഗോകുലിന്‍റെ മരണത്തിന് കാരണം. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.

അതേസമയം, ആദിവാസി യുവാവിനെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഗോകുലിന് പ്രായപൂർത്തിയായിരുന്നില്ല. 2007 മെയ് 5 നാണ് ഗോകുൽ ജനിച്ചത്. 18 വയസ് തികയാൻ രണ്ട് മാസം ബാക്കിയുണ്ട്. പ്രായം തെളിയിക്കുന്ന സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത ഗോകുലിനോട് രാത്രി മുഴുവൻ സ്റ്റേഷനിൽ നിൽക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെ 7.45നാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോകുലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം കാണാതായ അമ്പലവയല്‍ സ്വദേശി ഗോകുൽ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് ആത്മഹത്യ ചെയ്തത്.  ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയിരുന്നു. ഇക്കഴിഞ്ഞ 26 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതില്‍ അന്വേഷണം നടക്കുമ്പോള്‍ കോഴിക്കോട് നിന്ന് പെണ്‍കുട്ടിയേയും യുവാവിനെയും പൊലീസ് കണ്ടെത്തി. വയനാട്ടില്‍ എത്തിച്ച പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ് യുവാവിനോട് കല്‍പ്പറ്റ സ്റ്റേഷനില്‍ തന്നെ തുടരാൻ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ഏഴേ മുക്കാലോടെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ പോയ ഗോകുല്‍ അവിടെ തൂങ്ങി മരിക്കുകയായിരുന്നു.

‘എമ്പുരാനി’ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; ‘ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്’

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin