അങ്ങനെ 250 കോടി മുടക്കി കാത്തിരുന്ന ഭാഗ്യന്വേഷികൾക്ക് മുന്നിലേക്ക് രണ്ട് മണിയോടെ ആ ഭാഗ്യനമ്പറെത്തി. SG 513715. അതേ ഈ വർഷത്തെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി അടിച്ച നമ്പറാണിത്. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ കിംഗ് സ്റ്റാര്‍ എന്ന ഏജൻസിയിൽ നിന്നും ധനലക്ഷ്മി എന്ന സബ് ഏജൻസി വാങ്ങിയ ടിക്കറ്റിനാണ് ഭാഗ്യം. ആരാണ് ആ ഭാഗ്യവാൻ അല്ലെങ്കിൽ ഭാഗ്യവതി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും സമ്മർ ബമ്പറിലൂടെ ഭാഗ്യം തേടിയത് നിരവധി പേരാണ്. കേരള ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 36 ലക്ഷം പേർ. ഇത്തവണ 36 ലക്ഷം ടിക്കറ്റുകളാണ് സമ്മർ ബമ്പറിന്റേതായി വിറ്റുപോയത്. ഒരു ടിക്കറ്റിന്റെ വില 250 രൂപയാണ്. ഇതിലൂടെ 90 കോടിയുടെ വിറ്റുവരവാണ് നടന്നിരിക്കുന്നത്. വിറ്റുവരവ് കൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് പോകില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാകും സർക്കാരിലേക്ക് എത്തുന്നത്.
വിറ്റത് 36 ലക്ഷം ടിക്കറ്റ്, ഒരേയൊരു കോടിപതി; ഭാഗ്യ ടിക്കറ്റ് വിറ്റത് പാലക്കാട്, ഭാഗ്യശാലി എവിടെ ?
അതേസമയം, പത്ത് കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. നികുതി കഴിഞ്ഞുള്ള തുകയാണിത്. എന്നാൽ ഈ തുകയും ഭാഗ്യശാലിക്ക് സ്വന്തമാകില്ല. കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് തുടങ്ങിയവ കഴിഞ്ഞുള്ള 6 കോടി 30 ലക്ഷം രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക എന്നാണ് ഏജന്റുമാർ പറയുന്നത്. കഴിഞ്ഞ വർഷം സർമ്മർ ബമ്പറിന്റേതായി വിറ്റുപോയത് 33,57,587 ടിക്കറ്റുകളാണ്. ഇതിലൂടെ 839,396,750(83കോടിയോളം) കോടിയാണ് വിറ്റുവരവ് ലഭിച്ചത്.