ശാന്തതയും സാഹസികതയും ഒരുപോലെ ചേരുന്നയിടം; പുത്തൻ ഹിഡൻ സ്പോട്ട്, പോകാം ചരൽക്കുന്നിലേയ്ക്ക്
പത്തനംതിട്ടയിലെ റാന്നിക്ക് സമീപം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർന്നുവരുന്ന സ്പോട്ടാണ് ചരൽക്കുന്ന്. സാഹസികതയും ശാന്തതയും തേടുന്ന വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ ഇടമാണിത്. മനോഹരമായ ട്രെക്കിംഗും ശാന്തമായ അന്തരീക്ഷവും കൊണ്ട് ഈ മനോഹരമായ ഹിൽ സ്റ്റേഷൻ അതിവേഗം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. തിരക്കിൽ നിന്നൊഴിഞ്ഞ് അൽപ്പ നേരം പ്രകൃതിയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ചരൽക്കുന്നിലേയ്ക്ക് വരാം.
വർഷം മുഴുവനും മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് ഈ ഹിൽ സ്റ്റേഷനെ വ്യത്യസ്തമാക്കുന്നത്. ശാന്തത ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമാണിത്. പമ്പാ നദി മലനിരകളിലൂടെ ഒഴുകുന്നത് ഇവിടെ നിന്നാൽ കാണാം. അതേസമയം, കുന്നുകളിൽ നിരവധി ട്രെക്കിംഗ് പാതകളുണ്ട്. ക്യാമ്പ് ഹൗസ് സുഖകരമായ താമസസൗകര്യം പ്രദാനം ചെയ്യുന്നു. ദീർഘദൂര നടത്തത്തിനും ഇവിടുത്തെ ഭൂപ്രകൃതി സുഖകരമാണ്. ഏറ്റവും അടുത്തുള്ള പട്ടണമായ കോഴഞ്ചേരി 5 കിലോമീറ്റർ മാത്രം അകലെയാണ്.